ലോഡ്ജിലേക്ക് കൂടുതല്‍ പേരെ വിളിച്ചു വരുത്തി, ബിയര്‍ കുപ്പി കുത്തിച്ചാകുമെന്ന് ഭീഷണി മുഴക്കി, പീഡനം ഐസ്‌ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തി; സ്പാ ബലാത്സംഗത്തില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവ്

കേസില്‍ ഉള്‍പ്പെട്ട സ്ത്രീ അടക്കം ഒളിവിലുള്ള രണ്ടു പ്രതികള്‍ക്കായി കളമശ്ശേരി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

Kochi Gang Rape
സ്പാ ബലാത്സംഗത്തില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവ്പ്രതീകാത്മക ചിത്രം
Last Updated :6 October 2026, 5:38 pm IST
Edited by :Jayakumar

കൊച്ചി: കളമശ്ശേരിയില്‍ സ്പായുടെ മറവില്‍ കൂട്ടബലാത്സംഗം നടത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ഭര്‍ത്താവ് രംഗത്തെത്തി. പ്രതികള്‍ ലോഡ്ജിലേക്ക് കൂടുതല്‍ പേരെ വിളിച്ചു വരുത്തി. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയാണ് യുവതി പ്രതികളുടെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടതെന്നും ഭര്‍ത്താവ് പറയുന്നു. കേസില്‍ ഉള്‍പ്പെട്ട സ്ത്രീ അടക്കം ഒളിവിലുള്ള രണ്ടു പ്രതികള്‍ക്കായി കളമശ്ശേരി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

'താന്‍ ജോലി കഴിഞ്ഞ് രാത്രി 11 മണിയോടെയാണ് വീട്ടില്‍ ചെല്ലുന്നത്. അപ്പോള്‍ ലൈറ്റ് ഒന്നും ഇടാതെ കട്ടിലില്‍ കിടക്കുകയാണ്. സാധാരണ ലൈറ്റിടാതെ കിടക്കുന്ന ആളല്ല. മുഖം രണ്ടു വശവും തേനീച്ച കുത്തിയതുപോലെ വീര്‍ത്തിരിക്കുകയാണ്. കൂടാതെ പൊട്ടലുമുണ്ട്. മൂന്നു തവണ ചോദിച്ചപ്പോഴാണ് ഭാര്യ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞതെന്നും' ഭര്‍ത്താവ് വ്യക്തമാക്കി.

ബിയര്‍ കുപ്പി തല്ലിപ്പൊട്ടിച്ച് കുത്തിച്ചാകുമെന്ന് ഭീഷണി മുഴക്കിയിട്ടാണ് അവള്‍ റൂമില്‍ നിന്നും ഇറങ്ങുന്നത്. ആ സമയം ലോഡ്ജില്‍ വേറെയും ആളുകള്‍ വന്നിരുന്നു. ഞാന്‍ ചാകുവാണ്, അപ്പോള്‍ നിങ്ങളെല്ലാം അകത്തു പോകുമല്ലോയെന്ന് യുവതി പറഞ്ഞു. തുടര്‍ന്നാണ് അവര്‍ പിന്തിരിഞ്ഞത്. ഫോണെല്ലാം പ്രതികളുടെ കയ്യിലായിരുന്നു. ഫോണിന്റെ ലോക്ക് അഴിച്ച നിലയിലായിരുന്നു. സ്ത്രീ വിളിച്ചതു പ്രകാരമാണ് ഭാര്യ അവിടേക്ക് പോയതെന്നും ഭര്‍ത്താവ് പറയുന്നു.

സ്പായില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ വിളിച്ചു വരുത്തി ക്രൂര പീഡനത്തിന് വിധേയമാക്കിയത്. സംഭവത്തില്‍ ശ്രീരാജ്, ജിത്തു എന്നീ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാം പ്രതിയായ വയനാട് സ്വദേശിയായ അമ്മു എന്ന യുവതിയും ലൈംഗികമായി ഉപദ്രവിച്ചെന്ന് ഭര്‍ത്താവ് പറയുന്നു. യുവതി പുറത്തേക്ക് ഓടിപ്പോവാതിരിക്കാന്‍ ലോഡ്ജിന് പുറത്ത് അമ്മുവിന്റെ സുഹൃത്ത് സഞ്ജു കാവല്‍ നിന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഐസ്‌ക്രീമിൽ മയക്കുമരുന്ന് കലർത്തിനൽകി ബോധംകെടുത്തിയാണ് പീഡിപ്പിച്ചതെന്നും ഭർത്താവ് പറഞ്ഞു. അധ്യാപികയായിരുന്ന യുവതി, വീടുമാറിയതിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ടതിനാലാണ് പുതിയൊരു ജോലി തിരഞ്ഞത്. സാമൂഹിക മാധ്യമത്തിൽ ഒരു സ്പായുടെ മാനേജർ തസ്തികയിലേക്കുള്ള പരസ്യംകണ്ട് അപേക്ഷ നൽകിയതായിരുന്നു. സംഭവദിവസം രാവിലെ ടാക്സി ഡ്രൈവറായ താൻ മൂന്നാറിലേക്ക് പോയ സമയത്താണ് ഇന്റർവ്യൂ ഫോൺവന്ന കാര്യവും ജോലി ലഭിച്ച് മടങ്ങുകയാണെന്നുമുള്ള സന്ദേശം ഭാര്യ അറിയിക്കുന്നതെന്ന് ഭർത്താവ് പറഞ്ഞു.

ഒളിവിലുള്ള പ്രതികളായ അമ്മുവിനും സഞ്ജുവിനും തിരച്ചിൽ ഊർജ്ജിതമാക്കി. യുവതി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. മാനസികാഘാതത്തിൽ നിന്നും മുക്തയാകാത്തതിനാൽ പൊലീസിന് അതിജീവിതയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല. പ്രതികൾ‌ക്ക് സെക്സ് റാക്കറ്റുകളുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ ഗുണ്ടാബന്ധങ്ങളും ലഹരി ഇടപാടുകളും സ്പാ പങ്കാളികളെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

News Now

Summary

Husband makes revelations regarding the Kochi spa rape case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates