മൂന്നാം ബലാത്സംഗ പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് പഴുതടച്ച നീക്കത്തിലൂടെ

Rahul Mamkootathil
Rahul Mamkootathil
Last Updated :11 January 2026, 7:33 am IST

News Now

പാലക്കാട്: മൂന്നാം ബലാത്സംഗ പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് പഴുതടച്ച നീക്കത്തിലൂടെ. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയുമടക്കം എട്ടംഗ സംഘമാണ് രാത്രി 12.30 ഓടെ പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നും രാഹുലിനെ അതീവ രഹസ്യമായി കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാവിലെയാണ് രാഹുല്‍ പാലക്കാടെത്തിയത്. ഫ്‌ലാറ്റ് ഒഴിഞ്ഞ ശേഷം കെപിഎം ഹോട്ടലില്‍ ആയിരുന്നു രാഹുലിന്റെ താമസം. രാഹുല്‍ എത്തിയ ഇന്നലെ മുതല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് രണ്ടു ജീപ്പുകളിലായി എത്തിയ പൊലീസ് സംഘം ഹോട്ടലില്‍ നിന്നും രാഹുലിനെ കസ്റ്റഡിയിലെടുക്കുന്നത്.

ഹോട്ടലില്‍ എത്തിയ പൊലീസ് റിസപ്ഷനിലുള്ളവരുടെ ഫോണ്‍ പിടിച്ചെടുത്ത ശേഷമാണ് എംഎല്‍എ താമസിക്കുന്ന റൂമിലെത്തിയത്. മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ രാഹുല്‍ ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നെ വഴങ്ങി. വക്കീലിനെ കാണാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് സമ്മതിച്ചില്ല. സ്റ്റാഫ് അംഗങ്ങള്‍ മുറിയില്‍ ഇല്ലാത്തപ്പോഴാണ് പൊലീസ് ഹോട്ടലില്‍ കയറി രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്.

രാഹുലിനെതിരെ നിലവില്‍ മൂന്ന് ബലാത്സംഗ കേസുകളാണ് ഉള്ളത്. ആദ്യത്തെ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസില്‍ വിചാരണ കോടതി എംഎൽഎയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മണ്ഡലത്തില്‍ തിരിച്ച് വന്ന് സജീവാകുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി പുതിയ കേസ് വന്നത്.

ക്രൂരമായ ബലാല്‍സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം അടക്കം ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നാം ബലാത്സംഗ പരാതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലാവുന്നത്. പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് പൊലീസ് സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്.

Summary

rahul mamkootathil was taken into custody by the police in a secret move

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates