സ്‌കൂളിലെ ഓണാഘോഷത്തില്‍ സാരിക്കും മുണ്ടിനും വിലക്ക്; വിവാദത്തിനു പിന്നാലെ നിലപാടു മാറ്റി മാനേജ്‌മെന്റ്

പരിപാടി തുടങ്ങി ഒന്നരമണിക്കൂറിനു ശേഷമാണ് വിദ്യാര്‍ഥികളെ അകത്തേക്ക് പ്രവേശിപ്പിച്ചത്

school onam
Representational ImageAI Generated
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :23 ഓഗസ്റ്റ് 2026, 7:24 am IST

കോഴിക്കോട്: കോഴിക്കോട്ടെ അല്‍ഫാറൂഖ് റെസിഡന്‍ഷ്യല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷത്തിനിടെ പരമ്പരാഗത കേരളീയ വസ്ത്രങ്ങളായ സാരിയും മുണ്ടും ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത് വിവാദമായി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മാനേജ്മെന്റ് നിലപാട് മയപ്പെടുത്തുകയും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു.

ശനിയാഴ്ച നടന്ന ഓണാഘോഷത്തിന് മുന്നോടിയായി, പുലര്‍ച്ചെ 1:38നാണ് പ്രിന്‍സിപ്പല്‍ വസ്ത്രവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് വാട്സാപ്പ് സന്ദേശം അയച്ചത്. സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമില്ലെന്നും മാന്യമായ ഏത് വസ്ത്രവും ധരിക്കാമെന്നും, എന്നാല്‍ സാരിയും മുണ്ടും അനുവദിക്കില്ലെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.

വിലക്ക് അറിയാതെ സാരിയും മുണ്ടും ധരിച്ചെത്തിയ വിദ്യാര്‍ഥികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാത്തത് രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും വലിയ പ്രതിഷേധത്തിന് ഇടയാക്കി. മുന്‍കാലങ്ങളിലോ പി.ടി.എ യോഗങ്ങളിലോ ഇങ്ങനെയൊരു തീരുമാനം അറിയിച്ചിരുന്നില്ലെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി. തുടര്‍ന്ന് പരിപാടി തുടങ്ങി ഒന്നരമണിക്കൂറിനു ശേഷമാണ് വിദ്യാര്‍ഥികളെ അകത്തേക്ക് പ്രവേശിപ്പിച്ചത്.

സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ടെന്ന് പരാതി ലഭിച്ചിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ കെഎച്ച് ഹാഫിഷ് വ്യക്തമാക്കി. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് മുന്‍പ് സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായതും വിലക്കിന് കാരണമായി. ഇക്കാര്യം കുട്ടികളെ നേരത്തെ അറിയിച്ചിരുന്നതായും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

News Now

Summary

School Management Reverses Decision Following Controversy Over Ban on Traditional Attire for Onam Celebrations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates