'അവിടെ പതിനായിരം വണ്ടിയെങ്കിലും ഉണ്ടല്ലോ,അതൊക്കെ കത്തണ്ടേ; ചൂട് കൂടിയതുകൊണ്ടല്ല ബൈക്കിന് തീപിടിച്ചത്'

38 ഡിഗ്രി സെഷ്യല്‍സ് ഒക്കെയേ ഉള്ളൂ. അങ്ങനെ കത്തുന്നുണ്ടെങ്കില്‍ പേപ്പറുകളുമൊക്കെ കത്തിപ്പോകണമല്ലോ.

The bike didn't catch fire because it was too hot-Vijayakumar Blathur interview
ബൈക്ക് കത്തുന്ന ദൃശ്യം, വിജയകുമാര്‍ ബ്ലാത്തൂര്‍ FACEBOOK
Edited by :ആതിര അഗസ്റ്റിന്‍
Last Updated :25 ഏപ്രിൽ 2026, 6:33 pm IST

കൊച്ചിയില്‍ പഴങ്ങനാട് ആശുപത്രിക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്കിന്റെ സീറ്റ് കത്തിയത് ചൂട് കൊണ്ടല്ലെന്ന് ഗവേഷകനും ശാസ്ത്ര എഴുത്തുകാരനുമായ വിജയകുമാര്‍ ബ്ലാത്തൂര്‍. ഒരു ബൈക്ക് മാത്രം അത്തരത്തില്‍ കത്താനുള്ള സാധ്യത വിദൂരമാണ്. ചൂട് കൂടിയതുകൊണ്ടാണ് പാമ്പുകള്‍ പുറത്തിറങ്ങുന്നതെന്ന ധാരണയും തെറ്റാണെന്ന് അദ്ദേഹം സമകാലിക മലയാളത്തിന് നല്‍കി അഭിമുഖത്തില്‍ പറഞ്ഞു.

കൊച്ചിയില്‍ അമിത ചൂടില്‍ സ്‌കൂട്ടര്‍ കത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ? അങ്ങനെ സംഭവിക്കുമോ?

സാധാരണഗതിയില്‍ അങ്ങനെ കത്തില്ല. നൂറ് കണക്കിന് സാധനങ്ങള്‍ അത്തരത്തിലുണ്ടാവും. അപ്പോള്‍ ഒരു സ്ഥലത്ത് മാത്രം കത്തണമെന്നുണ്ടെങ്കില്‍ വേറെ എന്തെങ്കിലും കാരണമാകും. വേറെ ഏതെങ്കിലും തരത്തില്‍ റിഫ്‌ളക്ഷന്‍ വരുകയോ,കണ്‍വേര്‍ജ് ചെയ്ത് ഒരു സ്ഥലത്തേയ്ക്ക് ലൈറ്റ് വരികയോ ഒക്കെ ചെയ്യണം. അങ്ങനെ വന്നാലേ ഈ രീതിയില്‍ സംഭവിക്കൂ. കത്തണമെങ്കില്‍ ഒരു മിനിമം ടെംപറേച്ചര്‍ വേണം. അത്രയൊന്നുമില്ല ഇവിടെ. 38 ഡിഗ്രി സെഷ്യല്‍സ് ഒക്കെയേ ഉള്ളൂ. അങ്ങനെ കത്തുന്നുണ്ടെങ്കില്‍ പേപ്പറുകളുമൊക്കെ കത്തിപ്പോകണമല്ലോ.

കഴിഞ്ഞ ദിവസം പാലക്കാട് ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിയ സംഭവമോ?

മെറ്റീരിയലിന്റെ ക്വാളിറ്റി കുറയുകയോ മറ്റോ ചെയ്തപ്പോള്‍ ഉണ്ടായതാവാം. എക്പാന്‍ഷന്‍ കൂടുമ്പോഴൊക്കെ പൊട്ടുന്നതാണ്. ഒറ്റ സംഭവമായി ഉണ്ടാകില്ല. സൂര്യനില്‍ നിന്ന് ഒരു പ്രത്യേക സ്ഥലത്തേയ്ക്ക് മാത്രമായി ലൈറ്റ് എത്തില്ലല്ലോ. സൂര്യാപതം ഏല്‍ക്കുമ്പോള്‍ ഒറ്റയാളുടെ ദേഹത്തേയ്ക്ക് മാത്രം ഇടിമിന്നലുപോലെ വരുന്നതല്ല അത്. കൊച്ചിയിലെ ഒരു പ്രദേശത്തോ അല്ലെങ്കില്‍ പാലക്കാട് മാത്രമായിട്ടോ ഒരു സ്ഥലത്ത് മാത്രമോ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ല. അങ്ങനെയാണെങ്കില്‍ ഒരു കൂട്ടം ആളുകള്‍ക്കോ വസ്തുക്കള്‍ക്കോ ഒരുപോലെ ബുദ്ധിമുട്ട് അനുഭവപ്പെടും. റേഡിയേഷന്‍ കൊണ്ട് കത്തിക്കണമെങ്കില്‍ ലോകത്ത് എവിടെയും ഇത് സംഭവിക്കുമല്ലോ. പേപ്പര്‍ കത്തിക്കാന്‍ വേണ്ടി ഒരു ലെന്‍സ് വെച്ചിട്ട് വേണമെങ്കില്‍ കത്തിക്കാം. അതായത് ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് അടിക്കുന്ന സൂര്യപ്രകാശം കണ്‍വേര്‍ജ് ചെയ്ത് അതിന്റെ പത്തിരട്ടിയാക്കിയാണ് പേപ്പര്‍ കത്തിക്കുന്നത്. നമ്മള്‍ കൂട്ടിയാലല്ലാതെ ഇത്തരത്തില്‍ പത്തിരട്ടി കൂടില്ല. ഫ്രിക്ഷന്‍ ഉണ്ടാകുമ്പോള്‍ തീപിടിക്കും. കരിമരുന്നിനൊക്കെ തീപിടിക്കുന്നത് അത്തരത്തിലുള്ള ഫ്രിക്ഷന്‍ മൂലമാണ്. അപ്പോഴും വെയിലത്ത് വെച്ചാല്‍ ഒരു പടക്കം പൊട്ടില്ല. ചൂട് കൂടുന്ന സമയത്ത് പടക്കം തയ്യാറാക്കുന്ന സമയത്ത് ഏതെങ്കിലും തരത്തിലുള്ള മണലോ പൊടിയോ പോലുള്ളവ തമ്മില്‍ ഉരഞ്ഞാല്‍ വളരെ ചെറിയ തോതില്‍ ഫ്രിക്ഷന്‍ രൂപപ്പെടാം. അപ്പോള്‍ ടെംപറേച്ചര്‍ കൂടും. സ്‌ഫോടന സ്വഭാവമുള്ള വസ്തുവായതുകൊണ്ട് ആ ചെറിയ രീതിയിലുള്ള ഫ്രിക്ഷന്‍ റേഡിയേറ്റ് ചെയ്യപ്പെടും. അത് ബാക്കിയുള്ള സ്ഥലത്താണെങ്കില്‍ റേഡിയേറ്റ് ചെയ്യപ്പെടില്ല. തൃശൂര്‍ പൂരത്തില്‍ അത്തരത്തിലൊന്നിന് സാധ്യതയുണ്ട്. സിഗര്‍ ലൈറ്റര്‍ കത്തിച്ചാല്‍ അത് പെട്രോള്‍ പമ്പിലാണെങ്കില്‍ തീപിടിക്കാനുള്ള സാധ്യതയുണ്ടല്ലോ. അതുപോലെയാണ് കരിമരുന്നിന്റെ കാര്യത്തിലും.

ചൂട് കൂടുമ്പോള്‍ കാട് കത്തുന്നതെങ്ങനെയാണ്?

കാട് കത്തുന്നത് ഫ്രിക്ഷന്‍ കൊണ്ടാണ്. ഏതെങ്കിലും മരം ഉരയണം. അപ്പോള്‍ അതിനിടയില്‍ ഉണങ്ങിയ പുല്ലുപോലെയുള്ള വസ്തുക്കള്‍ ഉണ്ടാകുമ്പോള്‍ കാട് കത്തും. അങ്ങനെ കത്തുന്നതല്ല ഇത്തരം പ്ലാസ്റ്റിക്, പിവിസി പോലുള്ള സാധനങ്ങള്‍. അങ്ങനെ കത്തണമെങ്കില്‍ ചൂട് 200 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് ഒക്കെ ഉയരണം. ഉരുകാം. പക്ഷേ, കത്തില്ല. എറണാകുളത്ത് ഒരു പതിനായിരം വണ്ടിയെങ്കിലും വെച്ചിട്ടുണ്ടാകും. അങ്ങനെയാണെങ്കില്‍ അതൊക്കെ കത്തണ്ടേ. ഒരു വണ്ടിക്ക് മാത്രം തീപിടിക്കില്ല. ഏതെങ്കിലും തരത്തിലുള്ള ലെന്‍സ് എഫക്ട് ഉണ്ടാകണം. ഉച്ചയ്ക്കുള്ള ലൈറ്റ് അങ്ങനെ റിഫക്ഷന്‍ ഉണ്ടാകാനുള്ള സാധ്യതയും ഇല്ല. നേരെ അടിക്കുന്ന ലൈറ്റിന്റെ ഒപ്പം ഒരു മിററില്‍ നിന്നും റിഫ്‌ളക്ട് ചെയ്തിട്ടുള്ള സെക്കന്റ് ലൈറ്റ് കൂടി അടിക്കുന്നു. അപ്പോള്‍ ഒരു ഡബിള്‍ എഫക്ട് വരും. അങ്ങനെയുള്ള ഒരു വിദൂര സാധ്യതയാണുള്ളത്. ഏതെങ്കിലും തൊട്ടടുത്തുള്ള കെട്ടിടങ്ങളില്‍ നിന്നുള്ള പാനലിങ് വഴി നേരിട്ട് റിഫ്‌ളക്ട് ചെയ്താല്‍ മാത്രമേ കത്തൂ. ഇതൊക്കെ വളരെ യാദൃശ്ചികമാണ്. ഒരേ സമയത്ത് കൂടുതല്‍ സമയം അടിച്ചാല്‍ ചൂട് കൂടിയാല്‍ മാത്രമേ ഇത് സംഭവിക്കൂ.

അപ്പോള്‍ സൂര്യാതപം ഏല്‍ക്കുന്ന സംഭവങ്ങളോ?

സൂര്യാതപം ഏല്‍ക്കുമ്പോള്‍ നമ്മുടെ ത്വക്കിന്റെ എപ്പിഡെര്‍മിസിനെ സംരക്ഷിക്കാനാണ് പൊള്ളിവരുന്നത്. തീ പൊള്ളല്‍ ഏല്‍ക്കുമ്പോഴും അടിയിലെ ലെയറിന് ഏല്‍ക്കാതിരിക്കാന്‍ മുകളിലത്തെ ലെയര്‍ പൊങ്ങുകയാണ് ചെയ്യുന്നത്. കുമിള വരുന്നത് നമ്മളെ രക്ഷിക്കാനാണ്. അതുപോലെയാണ് വെയില് കൊള്ളുമ്പോഴും സംഭവിക്കുന്നത്. അത് ജൈവീകമായിട്ടുള്ള പദാര്‍ഥങ്ങളുടെ ഒരു പ്രവര്‍ത്തനമാണല്ലോ. പ്ലാസ്റ്റിക് പോലുള്ളവയില്‍ ഈ പ്രവര്‍ത്തനം നടക്കില്ല.

വെയിലത്ത് പണിയെടുക്കുന്ന എല്ലാവര്‍ക്കും സൂര്യാതപം ഏല്‍ക്കുന്നില്ലല്ലോ?

ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന എല്ലാവര്‍ക്കും സൂര്യാതപം ഏല്‍ക്കില്ല. നിരന്തരം വെയില്‍ ഏല്‍ക്കുന്ന ആളുകള്‍ക്ക് അത് പ്രശ്‌നമാവില്ല. വളരെ സോഫ്റ്റ് സ്‌കിന്നിലാണ് ബുദ്ധിമുട്ടുണ്ടാകുന്നത്. പിന്നെ ഓരോരുത്തരുടേയും ചര്‍മത്തിന്റെ സ്വഭാവം വ്യത്യസ്തമാണ്. സൂര്യാതപം ഏറ്റ് മരണം സംഭവിക്കുന്നത് പലപ്പോഴും ഡീഹൈഡ്രേഷന്‍ സംഭവിക്കുന്നത് മൂലമാണ്. അതേസമയം കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നവര്‍ ചിലപ്പോള്‍ ഷര്‍ട്ട് ഇടാതെ ജോലി ചെയ്യുന്നുണ്ടാവും. അവര്‍ക്ക് അത് ശീലമാണ്. അപ്പോള്‍ ചര്‍മത്തിന്റെ സ്വഭാവവും അതിന് അനുസരിച്ചായിരിക്കും. സൂര്യാതപം ഏല്‍ക്കുന്ന സംഭവങ്ങള്‍ കൂടി വരുന്നതല്ല. വിസിബിലിറ്റി കൂടുന്നതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്.

ഇപ്പോള്‍ പാമ്പു കടിയേല്‍ക്കുന്ന കേസ് വര്‍ധിച്ച് വരികയാണല്ലോ? ഇത് കാലാവസ്ഥയുമായി എന്തെങ്കിലും ബന്ധമുണ്ടോ?

അതങ്ങനെയല്ല. ഇത്രയധികം ആളുകളും പാമ്പുകളും ഉള്ള സ്ഥലത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകും. ഇന്നലെ എന്റെ വീട്ടില്‍ പാമ്പിനെ കണ്ടാല്‍ അതൊരു വാര്‍ത്തയല്ല. എന്നാല്‍ ഇന്ന് അത് വാര്‍ത്തയാണ്. ചൂട് കൂടുമ്പോഴല്ല പാമ്പുകള്‍ പുറത്തേയ്ക്ക് ഇറങ്ങുന്നത്. നമ്മള്‍ കരുതുന്നത് ചൂട് കൂടുമ്പോള്‍ നമുക്ക് ഒരു അസ്വസ്ഥതയുണ്ടാകുമല്ലോ. ഇതേ അസ്വസ്ഥത പാമ്പിനും ഉണ്ടാകുമെന്നാണ് നമ്മുടെ ഒരു ലോജിക്. എല്ലാ ജീവികളേയും നമുക്ക് സമാനമായിട്ടാണ് കണക്കാക്കുന്നത്. പശുവിനെപ്പോലെയുള്ളവയെ കണക്കാക്കാം. കാരണം അത് സസ്തനികളാണ്. പാമ്പിന്റേത് ശീതരക്തമാണ്. അന്തരീക്ഷത്തിലുണ്ടാകുന്ന ടെംപറേച്ചര്‍ അതിനെ എഫക്ട് ചെയ്യില്ല. നമുക്ക് വെയില്‍ ഏല്‍ക്കുമ്പോള്‍ നമ്മുടെ രക്തം ചൂടാകുമോ. ഇല്ല. എന്നാല്‍ പാമ്പ്, മുതല, ഓന്ത് ഇവയ്ക്ക് ഒക്കെ രക്തം ചൂടാകും. നമ്മുടെ തൊലിക്ക് മാത്രമാണ് പ്രശ്‌നം. അതുകൊണ്ടാണ് ഇത്തരം ജീവികള്‍ രാവിലെ വെയില്‍ കായുന്നത്. മാളത്തിനുള്ളില്‍ ഇരിക്കുന്നതാണ്‌ പാമ്പിന് സുഖം നല്‍കുന്നത്. ഭക്ഷണത്തിനും വെള്ളത്തിനുമാണ്‌ ഇവ പുറത്ത് ചാടുന്നത്. പാമ്പ് പലപ്പോഴും സ്വന്തമായി മാളം ഉണ്ടാക്കി ജീവിക്കുന്നവയല്ല.

News Now

Summary

The bike didn't catch fire because it was too hot-Vijayakumar Blathur interview

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates