'അമേരിക്ക - ചൈന ശത്രുത കെട്ടുകഥയാകുമോ?';പരസ്പരം കൈകൊടുക്കാന്‍ അമേരിക്കയും ചൈനയും; ഇരുവരുടെയും നേട്ടമെന്താകും?

എന്താകും പുത്തന്‍ കൂട്ടുകെട്ടുകൊണ്ട് ഇരുവരും ഉന്നം വെക്കുക?

president trump to visit china
പരസ്പരം കൈകൊടുക്കാന്‍ അമേരിക്കയും ചൈനയുംSource by : Reuters
Last Updated :13 May 2026, 8:25 pm IST

ലോകത്തിലെ ഏറ്റവും വലിയ രണ്ടു സാമ്പത്തിക ശക്തികള്‍ പരസ്പരം കൈകൊടുക്കുകയാണ്. 2017 നു ശേഷം ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ചൈന സന്ദര്‍ശിക്കുന്നത്. അതും അന്താരാഷ്ട്ര പ്രതിസന്ധികള്‍ രൂക്ഷമാകുന്ന സാഹചര്യത്തിനിടെ. ട്രംപിനെ സ്വീകരിക്കാന്‍ ചൈന വന്‍തോതിലുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്.

ചൈനയ്‌ക്കെതിരെ തീരുവ യുദ്ധമടക്കം പ്രഖ്യാപിച്ച ഡോണൾഡ‍് ട്രംപാണ് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങിന് കൈകൊടുക്കുന്നത് എന്നത് ലേകരാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയാണ്. എന്താകും പുത്തന്‍ കൂട്ടുകെട്ടുകൊണ്ട് ഇരുവരും ഉന്നം വെക്കുക?

തകരുന്ന വിപണിയെ പിടിച്ചുകെട്ടാന്‍ അമേരിക്ക ചൈനയുടെ സഹായം തേടിയാല്‍ അത് നീണ്ടകാല ശത്രുതയ്ക്ക് അന്ത്യം കുറിക്കും. ട്രംപ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ 140 ശതമാനം തീരുവയായിരുന്നു ചൈനയ്ക്കുമേല്‍ ചുമത്തിയത്. എന്നാല്‍ റെയര്‍ എര്‍ത്ത് മിനറല്‍സ് കയറ്റുമതി നിലയ്ക്കുമെന്ന ചൈനീസ് ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കുകയായിരുന്നു.

ലോകത്തിലെ ഏറ്റവും ശക്തരായ രണ്ട് നേതാക്കളുടെ കൂടിക്കാഴ്ചയെന്ന നിലയില്‍ ഈ ഉച്ചകോടിക്ക് വലിയ പ്രാധാന്യമുണ്ട്. ആഗോള വ്യാപാരബന്ധങ്ങള്‍, തായ്വാന്‍ പ്രശ്‌നം, അത്യാധുനിക സാങ്കേതികവിദ്യകളിലെ മത്സരങ്ങള്‍ എന്നിവയെല്ലാം കൂടിക്കാഴ്ചയുടെ പ്രധാന ചര്‍ച്ചാ വിഷയങ്ങളായിരിക്കും. യാത്രയ്ക്കു മുന്‍പ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഷി ജിന്‍പിംഗുമായി ഇറാന്‍ വിഷയത്തില്‍ ''ദീര്‍ഘമായ ചര്‍ച്ച'' നടത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

നിലവിലെ സാഹചര്യത്തെ മറികടക്കാന്‍ അമേരിക്കയ്ക്ക് ചൈനയുടെ സഹായം അനിവാര്യമാണ്. ഹോര്‍മുസ് തുറന്നുകിട്ടാനും യുദ്ധമവസാനിപ്പിക്കാനും ചൈന മധ്യസ്ഥവഹിച്ചാല്‍ അത് യുഎസിനു ഗുണം ചെയ്യും. മറിച്ച് ഇറാനൊപ്പം നിന്നാല്‍ അതു ചെറിയ പ്രതിസന്ധിയല്ല സമ്മാനിക്കുക. അതിനാല്‍ ഹോര്‍മുസില്‍ ചൈനയുടെ നിലപാട് നിര്‍ണായകമാണ്.

പകരം ചൈനയുടെ വ്യാപാരങ്ങള്‍ക്കു വിലങ്ങുതടിയാവാതെ അമേരിക്കയെ കൂടെനിര്‍ത്താനാകും. ഒപ്പം ടെക്‌നോളജി രംഗത്തുള്ള അമേരിക്കന്‍ നിയന്ത്രണങ്ങള്‍ അയഞ്ഞുകിട്ടുകയും ചെയ്യും. അത് ഭാവിയില്‍ ചൈനയുടെ മാര്‍ക്ക് വലുതാക്കാന്‍ കരുത്തുനല്‍കും.

സാമ്പത്തികമായി നോക്കുമ്പോള്‍ അമേരിക്കയുമായുള്ള വ്യാപാരയുദ്ധവും ഇറാനിലെ യുദ്ധവും ചൈനയ്ക്കും വെല്ലുവിളിയാണ്. രാജ്യത്ത് സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതും തൊഴിലില്ലായ്മ വര്‍ധിച്ചതും ബീജിംഗിനെ ആശങ്കപ്പെടുത്തുന്നുണ്ട്. കൂടാതെ, എണ്ണവില ഉയര്‍ന്നതോടെ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ചെലവും കുത്തനെ ഉയര്‍ന്നു. പ്ലാസ്റ്റിക്, ടെക്‌സ്‌റ്റൈല്‍ തുടങ്ങിയ മേഖലകളിലെ നിര്‍മ്മാണച്ചെലവ് ചില സ്ഥാപനങ്ങളില്‍ 20 ശതമാനം വരെ വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം രാഷ്ട്രീയപരമായും ആശയപരമായും ഈ സാഹചര്യം ഷി ജിന്‍പിംഗിന് ഒരു അവസരവുമാണ്. അമേരിക്ക-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ചൈന സ്വയം സമാധാന മധ്യസ്ഥനായി ഉയര്‍ന്നുവരാന്‍ ശ്രമിക്കുന്നുണ്ട്. പാകിസ്ഥാനുമായി ചേര്‍ന്ന് യുദ്ധം അവസാനിപ്പിക്കാനും ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കാനും ചൈന പദ്ധതികള്‍ മുന്നോട്ടുവെച്ചിരുന്നു. ഇറാനെ ചര്‍ച്ചക്ക് എത്തിക്കാന്‍ ബീജിംഗ് രഹസ്യ നയതന്ത്ര നീക്കങ്ങളും നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയ്ക്ക് അസൂയാവഹമായ എണ്ണ ശേഖരവും പുനരുപയോഗ ഊര്‍ജ്ജത്തിലും ഇലക്ട്രിക് കാറുകളിലും അപ്രമാധിത്യവുമുണ്ട്. അതുകൊണ്ട് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഹോര്‍മുസിലെ യുദ്ധസമാന സാഹചര്യം പ്രതിസന്ധിയാകില്ല. അതിനാല്‍തന്നെ യുഎസിനെ സഹായിക്കാന്‍ ചൈന തയ്യാറായാല്‍ പ്രതിഫലമായി എന്തും ആവശ്യപ്പെടാനുള്ള സാധ്യതകള്‍ നയതന്ത്ര വിദഗ്ദര്‍ തള്ളിക്കളയുന്നില്ല.

News Now

Summary

America and China to join hands; what will be the benefit for both?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics