'നായ ചത്തു, ഇനി അതു പറഞ്ഞു ബഹളമുണ്ടാക്കരുത്. ഞാന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല' എന്നായിരുന്നു പ്രതിയുടെ പ്രതികരണം

Celebrity with 1.5 million followers was stolen and sold as meat for $27
പ്രതീകാത്മക ചിത്രംSource by : AI Generated
Last Updated :6 June 2026, 7:05 pm IST

News Now

ബെയ്ജിങ്: ചൈനയില്‍ 1.5 മില്യണ്‍ ഫോളാവേഴ്‌സുള്ള സെലിബ്രിറ്റി വളര്‍ത്തുനായയെ മോഷ്ടിച്ച് ഇറച്ചിയാക്കിവിറ്റു. ട്രാവല്‍ വ്‌ലേഗറും ഇന്‍ഫ്‌ലുവന്‍സറുമായ ഗുവോയുടെ ചുതൗ എന്ന എട്ടുവയസുള്ള കോളി ഇനത്തില്‍പെട്ട നായയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

കാണാതായ ചുതൗവിനെ തിരികെ ലഭിക്കാന്‍ 1500 ഡോളര്‍ (1.4 ലക്ഷം രൂപ) ഗുവോ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അതിനു മുന്‍പുതന്നെ പ്രതി കേവലം 27 ഡോളറിന് ( 2400 രൂപ) നായയെ ഒരു റസ്റ്ററന്റിനു വില്‍ക്കുകയും അവരവനെ കശാപ്പു ചെയ്യുകയും ചെയ്തു. പ്രതിയെ കണ്ടെത്തിയെങ്കിലും മൃഗസംരക്ഷ നിയമങ്ങള്‍ ദുര്‍ബലമായതിനാല്‍ ചുതൗക്ക് നീതിയുറപ്പാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ട്രാവല്‍ വ്‌ലോഗറായ ഗുവോ ജോര്‍ജിയയിലേക്ക് യാത്രപോയപ്പോള്‍ ചുതൗവിനെ മാതാപിതാക്കളെ ഏല്‍പ്പിച്ചിരുന്നു. മെയ് 11 നാണ് നായയെ കാണാതായതായി ശ്രദ്ധിക്കുന്നത്. യാത്ര പാതി വഴിയില്‍ ഉപേക്ഷിച്ച് ഗുവോ നാട്ടിലെത്തി. ശേഷം സിസിടിവി പരിശോധിച്ചപ്പോഴാണ് രണ്ട് അപരിചിതര്‍ വീട്ടില്‍നിന്നും ചുതൗവിനെ കടത്തിക്കൊണ്ടു പോകുന്നതായി കണ്ടെത്തിയത്. തിരച്ചിലിനൊടുവില്‍ ഗുവോ മോഷ്ടാവിനെ കണ്ടെത്തുകയും സുരക്ഷിതമായി തിരികെ ഏല്‍പ്പിച്ചാല്‍ 10,000 യുവാന്‍ (1.4 ലക്ഷം രൂപ) നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ അതിന് മോഷ്ടാവ് നല്‍കിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു.

നായയെ ഇതിനകം ഡോഗ്മീറ്റ് റസ്റ്ററന്റിന് 180 യുവാന് (2400 രൂപ) വിറ്റെന്നും അവര്‍ അതിനെ കൊന്നു തിന്നുവെന്നുമാണ് ഗുവോയ്ക്ക് ലഭിച്ച മറുപടി. റോഡരികില്‍ അലഞ്ഞുതിരിഞ്ഞു നടന്ന നായ വിളിച്ചപ്പോള്‍ കൂടെ പോരുകയായിരുന്നു എന്നായിരുന്നു മോഷ്ടാവിന്റെ വാദം. എന്നാല്‍ കോളറും ട്രാക്കറുമുള്ള നായയെ കൃഷിയിടത്തില്‍നിന്നും മോഷ്ടിക്കുകയായിരുന്നു എന്നാണ് ഗുവോയുടെ വാദം.

'നായ ചത്തു, ഇനി അതു പറഞ്ഞു ബഹളമുണ്ടാക്കരുത്. ഞാന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല' എന്നായിരുന്നു പ്രതിയുടെ പ്രതികരണം. അവസാനമായി ചുതൗയുടെ രോമമെങ്കിലും കാണാനാകുമോ എന്നറിയാന്‍ റസ്റ്ററന്റിലെത്തിയെങ്കിലും 'രോമമെല്ലാം പണ്ടേ ചവറ്റുകൊട്ടയിലെറിഞ്ഞെന്നാണ്' റസ്റ്ററന്റ് ഉടമ നല്‍കിയ മറുപടി.

2018 ലാണ് ഗുവോ ഒരു തെരുവ് കച്ചവടക്കാരനില്‍നിന്ന് മൂന്നുമാസം പ്രായമുള്ള ചുതൗവിനെ വാങ്ങിയത്. പിന്നീട് ഗുതോയുചെ യാത്രകളില്‍ ചുതൗ ഒപ്പമുണ്ടായിരുന്നു. മലനിരകള്‍, മരുഭൂമികള്‍, ഗ്രാമപ്രദേശങ്ങള്‍ തുടങ്ങി നിരവധി യാത്രകളിലെ ചിത്രങ്ങളും വീഡിയോകളുമാണ് നായയെ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനാക്കിയത്.

സംഭവം പുറത്തുവന്നതോടെ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ചുതൗയുടെ പഴയ വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ച് അനുശോചനം രേഖപ്പെടുത്തി. മൃഗസംരക്ഷണ നിയമങ്ങള്‍ ശക്തമാക്കണമെന്നും വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക നിയമപരമായ സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ, ചൈനയിലെ വിവാദമായ നായിറച്ചി വ്യാപാരവും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നായിറച്ചി ഉപയോഗം ഇപ്പോഴും തുടരുന്നുണ്ടെങ്കിലും, വളരുന്ന നഗരസമൂഹത്തിലും യുവതലമുറയിലും അതിനെതിരായ എതിര്‍പ്പ് ശക്തമാകുന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചുതൗയുടെ മരണം മൃഗാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമപരിഷ്‌കാരങ്ങള്‍ക്ക് പുതിയ സമ്മര്‍ദം സൃഷ്ടിക്കുമോയെന്നതാണ് ഇപ്പോള്‍ ശ്രദ്ധേയമായ ചോദ്യം.

Summary

Celebrity with 1.5 million followers was stolen and sold as meat for $27

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates