വെനസ്വേലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാര്‍; പ്രഖ്യാപനവുമായി ട്രംപ്

കരാര്‍ അമേരിക്കയുടെ എണ്ണ ശേഖരം ഇരട്ടിയിലധികമാക്കുമെന്നും രാജ്യത്തെ ഇന്ധനവില കുത്തനെ കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞു.

Donald Trump
Donald TrumpA P
Edited by :Amal Joy
Last Updated :29 ഓഗസ്റ്റ് 2026, 11:17 am IST

വാഷിങ്ടണ്‍: വെനസ്വേലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറില്‍ ഒപ്പിടാന്‍ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാറിലൂടെ വെനസ്വേലയുടെ 65 ബില്യണ്‍ ബാരലിലധികം ക്രൂഡ് ഓയില്‍ ശേഖരത്തിന്റെ ഭൂരിഭാഗവും അമേരിക്കന്‍ നിയന്ത്രണിലാകും. കരാര്‍ അമേരിക്കയുടെ എണ്ണ ശേഖരം ഇരട്ടിയിലധികമാക്കുമെന്നും രാജ്യത്തെ ഇന്ധനവില കുത്തനെ കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞു.

സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് എന്നിവരാണ് കരാര്‍ ചര്‍ച്ച ചെയ്തതെന്നും ധാരണയാക്കിയതെന്നും ട്രംപ് പറഞ്ഞു. സോഷ്യല്‍മീഡിയ പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 'ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഇടപാടില്‍ വെനിസ്വേലയുമായി അമേരിക്ക ഒരു കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്!'' ട്രംപ് കുറിച്ചു.

കഴിഞ്ഞ ജനുവരിയില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടി യുഎസില്‍ എത്തിച്ചശേഷം, വെനസ്വേലന്‍ എണ്ണ വ്യവസായ മേഖലയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോള്‍ കരാറിലൂടെ ഔദ്യോഗികമായി നിയന്ത്രണം സ്വന്തമാക്കിയത്. കരാര്‍ വെനസ്വേലയുടെ സാമ്പത്തിക രംഗത്തിനും വലിയ ഉണര്‍വേകുമെന്നും ട്രംപ് പറഞ്ഞു.

'ഈ ചരിത്രപരമായ ഇടപാട് അമേരിക്കയുടെ എണ്ണ ശേഖരം ഇരട്ടിയാക്കും, എണ്ണ വിതരണം വര്‍ധിപ്പിക്കും, എല്ലാ അമേരിക്കക്കാര്‍ക്കും ദീര്‍ഘകാലത്തേക്ക് ഗ്യാസ് വില കുറയ്ക്കും. അതോടൊപ്പം വെനസ്വേലയെ വലിയ വിജയത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കാന്‍ ഇത് സഹായിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനും ഈ ഇടപാട് സഹായിക്കും'- ട്രംപ് കുറിച്ചു.

രാജ്യത്തെ പെട്രോള്‍ വില വര്‍ധനവ് ട്രംപ് ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന സമയത്താണ് പുതിയ ഉടമ്പടി. ഇറാനുമായുള്ള യുദ്ധം ആറ് മാസമായി തുടരുകയാണ്. യുദ്ധം എപ്പോള്‍ അവസാനിക്കുമെന്ന് പറയാന്‍ പറ്റാത്ത സ്ഥിതിയാണ്. യുദ്ധം അമേരിക്കയുടെ ഊര്‍ജ വിപണനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

News Now

Summary

Trump announces largest oil deal in history with Venezuela

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates