
കഥ വന്ന വഴി - പ്രിയ എഎസ് എഴുതിയ കുറിപ്പ്
1998 ഡിസംബര്‍ 18 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

സദാ ആശുപത്രികളുമായി സമ്പര്‍ക്കം പുലര്‍ത്തിക്കഴിയുന്ന, ഒന്നാന്തരമൊരു രോഗീജന്മമായ ഞാന്‍ സെക്കന്റ് ഗ്രൂപ്പെടുത്തപ്പോള് ചുറ്റുവട്ടക്കാര്‍ കരുതി- ഞാന്‍ വാശിപ്പഠനം നടത്തി ഒരു ഡോക്ടറാകാന്‍ ഒരുങ്ങുകയാണെന്ന്. ഡോക്ടറാവുക എന്ന കാര്യത്തെ അങ്ങേയറ്റം വെറുത്തുകൊണ്ട്, റെക്കോര്‍ഡ് വരയ്ക്കാനും മൈക്രോസ്കോപ്പിലൂടെ പാരന്കൈമാകോശങ്ങളെ കാണാനും ഹെര്‍ബേറിയത്തിനായി ചെടികള്‍ ശേഖരിച്ച് നടക്കാനും അങ്ങനെയൊക്കെ ആകപ്പാടെ ഒന്നു സ്വയം രസിക്കാനും വേണ്ടിയായിരുന്നു ഞാന്‍ സെക്കന്റ് ഗ്രൂപ്പില്‍ ചെന്നു ചാടിയത് എന്ന് അവരുണ്ടോ അറിയുന്നു.
കറിക്ക് കഷണം മുറിച്ചുകൊടുത്ത് അമ്മയെ സഹായിക്കാനെന്ന വ്യാജേന പച്ചക്കറികള്ക്കിടയിലേയ്ക്ക് നുഴഞ്ഞുകയറി, എങ്ങനെ ഒരേ കനത്തില്‍ അതിലോലമായി സെക്ഷനെടുക്കാം എന്ന് പരിശീലിച്ച് രസിക്കുകയായിരുന്നു ഞാനെന്റെ അഞ്ചാംക്ലാസ്സ് പ്രായത്തില്‍തന്നെ. അമ്മയുടെയും അമ്മാവന്റെയും ബോട്ടണി ക്ലാസ്സ് ഓര്‍മ്മകളുടെ വര്‍ണ്ണനകള്‍ എന്നെ അത്രയ്ക്ക് ഹരംപിടിപ്പിച്ചിരുന്നു. സമയം കിട്ടുമ്പോഴെല്ലാം അച്ചടിച്ച പോലുള്ള മുത്തുമണി പെന്സിലക്ഷരങ്ങളും അനായാസ വരകളും നിറഞ്ഞ 'അമ്മാവന് റെക്കോഡ്' മുന്നില്‍ നിവര്‍ത്തിവച്ച് ഞാന്‍ എന്നാല്‍ കഴിയുന്നത്ര ഭംഗിയായി അതെല്ലാം അനുകരിച്ചുനോക്കി ഒടുവില്‍ അതൃപ്തയായി. ഞാന്‍ അഞ്ചാംക്ലാസ്സിലെത്തി, ദുര്‍വാശിക്കാരിയായി വഴക്കാളിയായി ശല്യക്കാരിയായി പരിലസിച്ചുനടന്നപ്പോള്, അമ്മ എന്നെപ്പിടിച്ച് ഹെര്‍ബേറിയം ഉണ്ടാക്കാനിരുത്തി. അതെനിക്ക് നന്നേ രസിച്ചു. നൃത്തഭംഗിയുള്ള ചെടിക്കമ്പുകള് തേടി ഞാന്‍ പറമ്പാകെ അലഞ്ഞുനടന്നു. കരിനൊച്ചിയും ആടലോടകവും മേന്തോന്നിയും എന്റെ കൂട്ടുകാരായി. ഞാനവരെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ താളുകളില്‍ ഈര്‍പ്പം വലിയാനായി ദിവസം തോറും മാറ്റിവച്ചു. അവ ശരിക്കും പ്രസ്സ് ചെയ്തുകിട്ടാനായി കിടക്കയുടെയും കുഷനുകളുടെയും അടിയില്വച്ചു. എന്റെ ഭാരംകൊണ്ട് അവ അമങ്ങാതെ വന്നാലോ എന്ന് സംശയിച്ച് ഭാരക്കൂടുതലുള്ള മുത്തച്ഛനെ അവയ്ക്കുമുകളിലിരിക്കാനും കിടക്കാനും ഏര്‍പ്പാട് ചെയ്തു. എറണാകുളത്തുനിന്ന് അമ്മ പ്രത്യേകമായി വാങ്ങിയ കട്ടിവെള്ളപേപ്പറില് അവരെ പശവച്ചൊട്ടിക്കുമ്പോള് ഇലകള്‍ വിരലിലൊട്ടി അടര്‍ന്നുപോകാതിരിക്കാനും ഓരോ ചെടിയെക്കുറിച്ചും ചെറുകുറിപ്പുകള്‍ തയ്യാറാക്കാനുമായി എന്റെ ദിവസങ്ങള്‍ക്ക് ഉത്സാഹമേറി. എന്റെ കൊച്ചുപ്രായത്തിന്റെ പരിമിതികളെ മറികടന്ന് ഒന്നാന്തരമായി ഞാന്‍ ചെയ്ത ആ ഹെര്‍ബേറിയത്തെ സ്കൂളിലെ സയന്സ്ക്ലബ്ബ് ഭാരവാഹികള്‍ സംശയത്തോടെ നോക്കി. ബോട്ടണിക്കാരിയും അതേ സ്കൂളിലെ ടീച്ചറുമായ അമ്മയ്ക്ക് അവരതിന്റെ മുക്കാല്‍പങ്ക് ക്രെഡിറ്റും കൊടുത്തത് എന്റെ ഗമയും സെക്കന്റ് ഗ്രൂപ്പ് താല്പര്യവും കൂട്ടാനേ ഉപകരിച്ചുള്ളു.
WHAT TO READ NEXT

ചെണ്ടയുടെ ഇതിഹാസം, കേരളീയ വാദ്യത്തിന്റെ സാംസ്കാരിക ചരിത്രം
അതിനിടെ, കലാകാരിയാവുക എന്ന മോഹവും എന്നെ പിടികൂടി. ബാലരമയുടെ വിടരുന്ന മൊട്ടുകളിലും മാതൃഭൂമി ബാലപംക്തിയിലും ഹോസ്റ്റല്‍-തവള-പാറ്റ-റെക്കോഡ്-പിപ്പറ്റ്-പ്രണയം എന്നെല്ലാം പറഞ്ഞുപോകുന്ന ധാരാളം കഥകള്‍ വരുന്ന കാലമായിരുന്നു അത്. ഓരോ കഥയും കഥാകൃത്തും എന്നെ അസൂയാലുവാക്കി. ഡിസക്ഷനും സാള്‍ട്ട്-അനാലിലിസും എന്തെന്നറിഞ്ഞാലേ കഥ എഴുതാന്‍ പറ്റൂ. അതുംപോരാ, ഹോസ്റ്റല്‍ ഇടനാഴികളും സ്റ്റഡി ഹാളും മദര്‍ സുപ്പീരിയറും അവശ്യം വേണ്ട കഥാപാത്രങ്ങളാണ് ഏതുകഥയിലും എന്നെല്ലാം എനിക്ക് തുരുതുരെ വെളിപാടുകളുണ്ടായി. എനിക്ക് തോന്നി, ഞാന്‍ സെക്കന്റ് ഗ്രൂപ്പിലേയ്ക്ക് ചെല്ലേണ്ട താമസം, രാമന് തെങ്ങില്‍നിന്നു വീണു എന്ന മട്ടിലെ കഥ വായിച്ചാലുടന്‍ കൃഷ്ണന് കമുകില്‍ നിന്നുവീണു എന്ന മട്ടിലെ കഥ എഴുതാനിരിക്കുന്ന എന്റെ കഥയെഴുത്ത് രീതി ആകെ മാറിമറിയും.
അമ്മ കഴിയുന്നത്ര വിലക്കി- പ്രാക്ടിക്കലൊന്നുമില്ലാത്ത, അസുഖംവന്ന് ആശുപത്രിയിലായി ക്ലാസ്സ് പോയാലും പ്രശ്നമൊന്നുമില്ലാത്ത, വായിച്ച് മനസ്സിലാക്കാനെളുപ്പമായ തേഡ് ഗ്രൂപ്പ് മതി. പക്ഷേ, ഒരു കൗമാരപ്രണയത്തിലേയ്ക്കെന്നപോലെ, അമ്മയുടെ താക്കീതൊന്നും വകവയ്ക്കാതെ, സ്വന്തമായ കഥാവഴിയുണ്ടാകാന് ഡിസക്ഷന്‍ ടേബിളും ടൈട്രേഷനും അത്യന്താപേക്ഷിതമാണെന്ന ധാരണയില്‍ ഞാനെടുത്തുചാടി തൃക്കാക്കര ഭാരതമാത കോളേജിലെ സെക്കന്റ് ഗ്രൂപ്പ് ഹോസ്റ്റലിലെത്തി.
ഞാണൂലിനെക്കീറുമ്പോള്, അതിനെ തൊലിപൊളിച്ച് പിന് ചെയ്ത് പിളര്ത്തിവയ്ക്കാന് എനിക്കൊരിക്കലും ആയില്ല. എന്റെ കീറല്യജ്ഞത്തിനിടയില് അത് എന്നും രണ്ടു കഷണമായിപ്പോയി
സ്വപ്നങ്ങളിലെപ്പോലെ സുന്ദരമായിരുന്നില്ല സത്യങ്ങളൊന്നും. ഹോസ്റ്റല്‍ പീഡനമാണ് തോന്നിയത്. കാറ്റിനെതിരെ നില്ക്കുന്ന ഡോമെട്രിയിലെ ഉഷ്ണശയ്യ, ഹോസ്റ്റല്‍ മെസ്സുകള്‍ക്ക് മാത്രം ഉണ്ടാക്കാനറിയുന്ന അരുചിക്കറികളും കല്ലനിഡ്ഡലികളും ദൂരെയേതോ വെള്ളംകാണാ ഞാര്വലി മരത്തില്‍ പതുങ്ങിയിരുന്ന് ദുരിതം പാടി നീളന്‍ നിലവിളി നടത്തി എന്റെ സങ്കടംകൂട്ടുന്ന പക്ഷികളും ചൂടുകാലം എന്നു കേട്ടാലേ വരണ്ട് മോട്ടോറിന് അടിക്കാന്‍ വെള്ളമില്ലാതായ ആനക്കയറും കരകരകപ്പിയുമായി എന്റെ പഞ്ഞിക്കൈയില്‍ നീറ്റല്മുറിവും എന്റെ നെഞ്ചില്‍ വേദനയും തരുന്ന പാതാളക്കിണറുകളും- എനിക്ക് ഹോസ്റ്റല്‍ മതിയായി.
പ്രാക്ടിക്കല്‍ ക്ലാസ്സുകളില്‍ എന്റെ കൈവിറച്ചു. ഞാണൂലിനെക്കീറുമ്പോള്, അതിനെ തൊലിപൊളിച്ച് പിന് ചെയ്ത് പിളര്ത്തിവയ്ക്കാന് എനിക്കൊരിക്കലും ആയില്ല. എന്റെ കീറല്യജ്ഞത്തിനിടയില് അത് എന്നും രണ്ടു കഷണമായിപ്പോയി. തവളക്കാലിലെ സയാറ്റിക് പ്ലക്സസ് എന്ന വെള്ളനൂലന് വസ്തുവും എനിക്ക് പിടിതരാതെ പൊട്ടിപ്പോയി. ലോഗരിതം റ്റേബിളുകള്‍ വഴി കണക്കുകൂട്ടേണ്ടുന്ന ഫിസിക്സ് പരീക്ഷണങ്ങള്‍ എന്റെ ശത്രുക്കളായി. കെമിസ്ട്രി ലാബിന്റെ സാള്‍ട്ട് അനലൈസുകള്ക്ക് നിര്‍വികാരത മാത്രമേയുള്ളൂ എന്ന് ഞാന്‍ കണ്ടുപിടിച്ചു. അങ്ങനെ സെക്കന്റ് ഗ്രൂപ്പ് എനിക്ക് മതിയായി.
കൂടാതെ അസുഖങ്ങളുടെ തോന്ന്യാസവരവും ക്ലാസ്സ് നഷ്ടപ്പെടലുകളുടെ തനിയാവര്‍ത്തനവും. പ്രീഡിഗ്രിക്കാലം മരുഭൂമിയായി. ആകെ ഒരു പച്ചപ്പനുഭവപ്പെട്ടത് ഫാദര്‍ തനയന്റെ ഇംഗ്ലീഷ് ക്ലാസ്സില്‍ മാത്രം.
വീട് സ്വപ്നവും സത്യവും ആയ കാലം. കഥ സങ്കടങ്ങളില്‍ കുരുങ്ങിക്കിടപ്പായി.

മഹാരാജാസ് കോളജ് - A.Sanesh
ഒരുവിധം ഒരു ഫസ്റ്റ്ക്ലാസ്സ് തട്ടിക്കൂട്ടി. പിന്നെ മഹാരാജാസിന്റെ തടിപാകിയ നിലങ്ങളിലേയ്ക്ക് ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബി.എക്കാരിയായി ഞാന്‍ രക്ഷപ്പെട്ടു. വരണോരേം പോണോരേം നോക്കിയിരിക്കാന്‍ പാകത്തില്‍ വിസ്തൃതമായ ജനാലപ്പടിയുള്ള, മുറ്റത്തെ ചെമ്പകമരത്തിനെ ഉറ്റുനോക്കുന്ന, ഷണ്മുഖം റോഡിലേയ്ക്ക് വായിനോക്കിനില്‍ക്കുന്ന ക്ലാസ്സ് റൂം.
മഹാരാജാസ്, ക്ലാസ്സുകളിലൂടെയല്ലാതെ എന്നെ നിറയെ എന്തെല്ലാമോ പഠിപ്പിച്ചു. മഹാരാജാസിന്റെ ചൈതന്യം, ആര്‍ജ്ജവം ഒന്നും അവിടത്തെ ക്ലാസ്സുകള്‍ക്ക് ഉണ്ടായിരുന്നുമില്ല. ക്ലാസ്സ്മുറിപ്പഠനം ഉഴപ്പി. ആ കോണിലൂടെ കയറി ഈ കോണിപ്പടിയിലൂടെ ഇറങ്ങി, അങ്ങനെയുമിങ്ങനെയും നടന്ന്, അതിനുമിതിനും ചിരിച്ച്- ഞാനാകെ മാറിമറിഞ്ഞു. ചെത്തിയൊരുക്കാത്ത ഒരലസസൗന്ദര്യവും വേണേപ്പഠിച്ചോ എന്ന് തോളില്‍ക്കൈയിട്ട് നടക്കലുമുള്ള മഹാരാജാസില്‍ വച്ചാണ് ജീവിതത്തിന്റെ ഒഴുക്കില്‍ ഇത്രയും തെളിനാരോ എന്നു ഞാനമ്പരന്നത്.
ഒരിക്കലും മറക്കാനാകാത്ത രണ്ടു വാക്കുകള്‍ തരികയുണ്ടായി മഹാരാജാസ്. പുനഃസമാഗമം, കാത്തിരിപ്പ്. കഥാലോകത്തിലേയ്ക്ക് എനിക്ക് മഹാരാജാസ് വച്ചുതന്ന ഏണിപ്പടികള്‍. ആ ഏണിപ്പടിയില്ലാതെ ഞാന്‍ കഥാകൃത്താകുമായിരുന്നോ?
അന്നൊരദ്ധ്യാപകനും ഇയാളൊരു കഥസമ്മാനക്കാരിയാണല്ലോ എന്നെന്നെ തിരിച്ചറിയുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല
ഒരു ആര്‍ട്ട് ഫെസ്റ്റിവലിലെ കഥയെഴുത്തു മത്സരമുറിയിലേയ്ക്ക് ആരും പ്രേരിപ്പിക്കാതെ, അതുവരെയും എനിക്ക് സഹജമായിരുന്ന ഒതുങ്ങി മാറി നാണിച്ചുനില്ക്കലിന്റെ കാര്യം മറന്നുപോയി, അതുവരെയും ഉണ്ടാകാത്ത ഒരുള്‍വിളിക്കു പിന്നാലെയെന്നപോലെ ചുമ്മാ കടന്നുചെന്ന് പുനഃസമാഗമം എന്ന പ്രഖ്യാപിത കഥാവിഷയത്തില് കഥ തട്ടിക്കൂട്ടിയത് ഇന്നും എനിക്ക് അത്ഭുതമായിത്തുടരുന്നു. അന്ന് വത്സലന്‍ വാതുശ്ശേരി എന്ന അവസാനവര്‍ഷ മലയാള എം.എക്കാരന് ഫസ്റ്റ്. ഇംഗ്ലീഷ് എം.എയിലെ വീണാ-ജയകുമാര്‍ ദമ്പതികളിലെ വീണയ്ക്ക് സെക്കന്റ്. ഈ എനിക്ക് തേര്‍ഡ്. അടുത്തവര്‍ഷം 'കാത്തിരിപ്പ്' വിഷയത്തില്‍ എനിക്ക് ഫസ്റ്റ്. മൂന്നാംവര്‍ഷം അസുഖക്കൂമ്പാരത്തില്പ്പെട്ട് ഞാന്‍ കോളേജിലും കഥയിലുമൊന്നും പെട്ടതേയില്ല.
പക്ഷേ, അന്നൊരദ്ധ്യാപകനും ഇയാളൊരു കഥസമ്മാനക്കാരിയാണല്ലോ എന്നെന്നെ തിരിച്ചറിയുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല. സമ്മാനക്കാരിയല്ലേ, കോളേജ് മാഗസിനിലേയ്ക്ക് ഒരു കഥയുമായി വരുന്നോ എന്ന് എന്നോടാരും ചോദിച്ചില്ല.
ഇന്ന് എന്റെ കഥ വായിക്കുന്നുണ്ട് എന്റെ അദ്ധ്യാപകരില്‍ പലരും. അവരെന്റെ മുഖം ഓര്‍ക്കുന്നുമുണ്ട്. പക്ഷേ, കഥക്കുട്ടിയായല്ല അവരുടെ ഓര്‍മ്മ. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ അസുഖക്കുട്ടിയെ കാണാന്‍ വന്നുപോയ ഓര്‍മ്മയിലാണ് അവരെന്റെ മുഖംകൊളുത്തിവെച്ചിരിക്കുന്നത്.
ആ രണ്ട് ചെറിയ വാക്കുകള്‍- പുനഃസമാഗമവും കാത്തിരിപ്പും- കേള്‍ക്കുമ്പോഴേ, ഇപ്പോഴുമെന്റെ ഹൃദയത്തിലിരുന്ന് മഹാരാജാസ് കോളേജ് അതിന്റെ വളഞ്ഞ വില്ലാകൃതിയിലുള്ള ജാലകങ്ങള്‍ ('ജാലകം' സിനിമയുടെ ടൈറ്റിലില്‍ തെളിയുന്ന അതേ ജാലകങ്ങള്‍) തുറക്കുന്നു. നൃത്തമുദ്രകളും ശില്പഭംഗിയുമായി ഷണ്മുഖം റോഡിനോട് കുശലം ചൊല്ലി മഹാരാജാസ് മുറ്റത്ത് നില്ക്കുന്ന ചെമ്പകമരത്തില്‍നിന്ന് പൂക്കളുതിര്ന്നെന്റെ നടവഴിയില്‍ വീഴുന്നു.

മഹാരാജാസ് കോളജ് - File
ഒരു മൗനക്കാരി സാധുപെണ്‍കുട്ടിയുടെ കഥാ വഴി തലയെടുപ്പുള്ള ഉത്സവമാക്കി മാറ്റിയതിന് ഞാന്‍ മഹാരാജാസിന് ഒരു കഥ കൊടുക്കുകയുണ്ടായി 'ഇന്ത്യാ റ്റുഡെ' വഴി. 'നിനച്ചിരിക്കാതെ ഓരോന്ന്' എന്ന കഥയില്‍ മഹാരാജാസ് ഒരു വെറും കെട്ടിടമല്ല. ഒരാളാണ്, അവിടെ പഠിച്ചുപോന്ന എല്ലാവരുടെയും ഉള്ളില്‍ ഉള്ള ഒരാളാണ്.
'പൂപ്പല്‍ പോലെ കാടന്ഭംഗിയുള്ള മഹാരാജാസ് ചില്ലുകളില്ലാത്ത ജാലകങ്ങളിലൂടെ എത്തിനോക്കി അവരെ തിരിച്ചറിഞ്ഞു. ലോലാക്ക് പണ്ട് പഠിച്ച രണ്ടുവരി മൂളി.
'കാണെക്കാണെ വയസ്സാവുന്നു
മക്കള്‍ക്കെല്ലാം എന്നാലമ്മേ'
മഹാരാജാസിന് ചിരിവന്നു. പുറമെ കാണുന്നതാണോ സത്യം? എനിക്കും വയസ്സാകുന്നുണ്ട്. പൂപ്പല്‍പിടിച്ച് ഒരു കാഴ്ചക്കുറവ്, ചില്ലുകള്‍ പൊട്ടി ഒരു മേലുനോവ് ഒക്കെയുണ്ട്. എന്നാലും കുട്ടികള്‍ക്കൊപ്പം രസിച്ചുരസിക്കാന് ഞാനും കൂടും.
ലോലാക്കിന്റെ ചുണ്ടില്‍ വാക്കുകള്‍ വിണ്ടുകീറി. മരക്കോവണികളുടെ കാത്തുനില്പ്, തടിപാകിയ തറകളുടെ ഭാരോദ്വഹനം, എട്ടുകാലി വല നൂലിലെന്നപോലെ ഞാന്നുകിടക്കുന്ന ഫാനുകളുടെ ചിറകടിശബ്ദം, ഒക്കെ ഇപ്പോഴുമുണ്ടോ?''
ഇരുട്ടും കൊതുകും പശുക്കളുടെ യാതൊരു കൂസലുമില്ലാത്ത അലസഗമനവും സ്ഥിരമായുണ്ടായിരുന്നു അന്ന് മഹാരാജാസിലെ മലയാളം ക്ലാസ്സില്‍. ക്ലാസ്സിന്റെ അന്തരീക്ഷത്തിലും ക്ലാസ്സെടുക്കുന്നവരുടെ മനസ്സിലും കവിതയൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് ക്ലാസ്സ് കട്ട് ചെയ്യേണ്ടിവന്നു, താനേ പഠിക്കേണ്ടിവന്നു. അങ്ങനെ പഠിച്ച ഒരു കവിതയുണ്ട് ഇപ്പോഴും മായാതെ മനസ്സില്‍.
എന്തൊരുത്സവക്കാലമക്കാ-
ലത്തുള്ള ഉര്വ്വരഭംഗിയില്
ഇനിമേലിലുദിക്കില്ല
സൂര്യചന്ദ്രന്മാരൊരിക്കലും
എന്റെയീ കുറിപ്പിലേക്കാളും മേല്‍ച്ചൊന്ന കഥയിലേക്കാളും ഈ 'അക്കിത്ത'കവിതയിലല്ലേ സത്യം?
അല്ല എന്നാരു പറയും?
WHAT TO READ NEXT

ചെണ്ടയുടെ ഇതിഹാസം, കേരളീയ വാദ്യത്തിന്റെ സാംസ്കാരിക ചരിത്രം
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Archive: Priya AS writes about Maharajas college and her initial days in story writing
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





