
രേണു ചക്രവര്‍ത്തി; മറന്നുകളയാന്‍ പാടില്ലാത്ത ഉജ്ജ്വലമായ പേര്

News Now
കേരള ലൈഫ് മിഷനിൽ ജോലി നേടാം; എഞ്ചിനീയർമാർക്ക് അവസരം, ഇപ്പോൾ അപേക്ഷിക്കാം
പണമിടപാട് വഴികള്‍ തേടി ഇഡി; ലെറ്റര്‍ റോറ്റഗറി കൈമാറും; റിയാസിനെതിരെ ദുബൈയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

'പറക്കും കാര്‍', ടോക്കണ്‍ അഡ്വാന്‍സ് 50.06 ലക്ഷം രൂപ; ടെസ്ല റോഡ്സ്റ്റര്‍ ബുക്കിങ്ങ് ഇന്ത്യയില്‍ തുടങ്ങി

'47 കിരീടങ്ങൾ', ആൻ സെ യുങിന്റെ ബാഡ്മിന്റൺ അപാരത... 'ചരിത്രം വഴിമാറി'!

'ഇന്‍ക്വിലാബ് സിന്ദാബാദ്!'
'ഞങ്ങള്‍ക്ക് വേണ്ടത് പൂര്‍ണ സ്വരാജ് !'
ദിഗന്ധങ്ങള്‍ നടുക്കുമാറുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് ആയിരക്കണക്കിന് തൊഴിലാളികളാണ് ആ ദിവസം അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനം നടക്കുന്ന കല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസ് മൈതാനത്തേക്ക് മാര്‍ച്ച് നടത്തിയത്. പൂര്‍ണ സ്വരാജ് ആവശ്യപ്പെടാന്‍ ഇനിയും കോണ്‍ഗ്രസ് വൈകരുതെന്ന് മഹാത്മാഗാന്ധിയെയും മറ്റു ദേശീയനേതാക്കളെയും നേരിട്ടുകണ്ട് ആവശ്യപ്പെടാന്‍ വേണ്ടിയാണ്, ബംഗാളിലെ ചണത്തൊഴിലാളികളുടെ ആ വലിയ കൂട്ടം സമ്മേളന നഗരിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്. കമ്മ്യൂണിസ്റ്റ് നേതാവായ ബങ്കിം മുഖര്‍ജി അവര്‍ക്ക് നേതൃത്വം നല്കി. വിശാലമായ സമ്മേളനപ്പന്തലിലേക്ക് അവര്‍ ഇരച്ചുകയറിച്ചെന്ന്, ഗാന്ധിജിയും നിയുക്ത കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മോത്തിലാല്‍ നെഹ്റുവും മറ്റ് നേതാക്കളുമൊക്കെ ഉപവിഷ്ടരായ വേദിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമോ എന്നെല്ലാവരും ആശങ്കപ്പെട്ടു നില്‍ക്കുമ്പോഴാണ്, പെട്ടെന്ന് അവിടെ ഒരു കറുത്ത കുതിരയുടെ പുറത്ത് പ്രത്യക്ഷപ്പെട്ട യുവനേതാവ് കാര്യങ്ങളുടെ നിയന്ത്രണമെല്ലാമേറ്റെടുത്തത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു അത്. അദ്ദേഹത്തിന്റെ യൊപ്പം വോളണ്ടിയര്‍മാരുടെ നേതൃത്വം വഹിക്കുന്ന മറ്റൊരു യുവാവുമുണ്ടായിരുന്നു. സുഭാസ് ചന്ദ്രബോസ്. അവരിരുവരും പ്രക്ഷോഭകാരികളോട് അനുനയപൂര്‍വം സംസാരിച്ച് അവരെ ശാന്തരാക്കി. അടുത്തവര്‍ഷം 1929ല്‍ ലാഹോറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം പൂര്‍ണ സ്വരാജ് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസ്സാക്കുകയും ചെയ്തു.
കല്‍ക്കട്ടയിലെ സമ്മേളനത്തില്‍ സ്വാഗതഗാനമാലപിക്കാനായി തയ്യാറെടുത്തു നില്ക്കുന്ന കോറസിലെ അംഗമായ ഒരു പതിനൊന്നുവയസുകാരി വിടര്‍ന്ന കണ്ണുകളോടെ, ഉദ്വേഗപൂര്‍വം ഈ കാഴ്ചകളൊക്കെ കണ്ടുനില്‍ക്കുകയായിരുന്നു. പൂര്‍ണ സ്വാതന്ത്ര്യം എന്ന സമരകാഹളവുമായി ആര്‍ത്തലച്ചെത്തിയ അദ്ധ്വാന വര്‍ഗം, ദേശീയസ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ മുഖ്യധാരയിലേക്ക് ലയിച്ചുചേരുന്ന ഒരു ചരിത്രമുഹൂര്‍ത്തത്തിനാണ് താന്‍ സാക്ഷ്യം വഹിക്കുന്നതെന്ന തിരിച്ചറിവൊന്നും ആ പെണ്‍കുട്ടിക്ക് അന്നുണ്ടായിരുന്നില്ല. എന്നാല്‍ അവളുടെ ദേശാഭിമാനബോധത്തെ വല്ലാതെ കോരിത്തരിപ്പിച്ച ഒരു നിമിഷമായിരുന്നു അത്.
ഗാന്ധിജിയുടെയുംനെഹ്റു കുടുംബത്തിന്റെയും സരോജിനി നായിഡുവിന്റെയുമെല്ലാം ആതിഥേയന് - ആധുനിക ബംഗാളിന്റെ ശില്‍പ്പി എന്ന് പില്ക്കാലത്ത് അറിയപ്പെട്ട ഡോ.ബിധാന്‍ചന്ദ്ര റായ്യുടെ കൊച്ചനന്തരവളായ രേണു റായിയുടെ രാഷ്ട്രീയവിശ്വാസത്തിന്റെ അകക്കണ്ണ് തുറന്നത് ആ അപൂര്‍വമുഹൂര്‍ത്തത്തിലാണ്.

രേണു ചക്രവര്‍ത്തി - Special arrangement
1917 ഒക്ടോബര്‍21ന് സാധന് ചന്ദ്ര റോയിയുടെയും ബഹ്മകുമാരി റോയിയുടെയും പുത്രിയായി കല്‍ക്കട്ടയില്‍ ജനിച്ച രേണുവിന്റെ പൂര്‍വികരായ പ്രകാശ് ചന്ദ്ര റോയിയും അഘോരകാമിനി ദേവിയുമാണ് പറ്റ്നയില്‍ ബ്രഹ്മോസമാജ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. കല്‍ക്കട്ടയിലെ ലോറെറ്റോ ഹൗസ് സ്കൂളിലെ വിദ്യാഭ്യാസം കഴിഞ്ഞ് വിക്ടോറിയ കോളജില്‍ നിന്നാണ് രേണു ബിരുദമെടുത്തത്. തുടര്‍ന്ന്, കേംബ്രിഡ്ജിലെ ന്യൂണ്‍ഹാം കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഓണേഴ്സ് ബിരുദം നേടാനായി ഇംഗ്ലണ്ടിലേക്ക് പോയി. 1937ലായിരുന്നു അത്.
രണ്ടാം ലോക മഹായുദ്ധത്തിന്റെ 'ഡ്രസ് റിഹേഴ്സല്‍' എന്നറിയപ്പെടുന്ന സ്പാനിഷ് ആഭ്യന്തര യുദ്ധം യൂറോപ്പിനെയാകെ പിടിച്ചുകുലുക്കിയ നാളുകള്‍. സ്പെയിനിലെ കമ്മ്യൂണിസ്റ്റുകാരുടെയും സോഷ്യലിസ്റ്റുകാരുടെയും ഇടതുപക്ഷ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ജനറല്‍ ഫ്രാങ്കോയുടെയും വലതുപക്ഷ തീവ്രവാദികളുടെയും നേതൃത്വത്തില്‍ ഫാസിസ്റ്റ് ശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ ആശങ്കകളോടെയാണ് അന്ന് ലോകമെങ്ങുമുള്ള പുരോഗമനചിന്താഗതിക്കാര്‍ കണ്ടുനിന്നത്. യൂറോപ്പിലെ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷ വിശ്വസികളുമായ ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് രൂപീകരിച്ച ഇന്റര്‍നാഷണല്‍ ബ്രിഗേഡ്, ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ അണിചേരാനായി സ്പെയിനിലെത്തിച്ചേര്ന്നു. അവരില്‍ പലരും രക്തസാക്ഷികളായി.

സുഭാസ് ചന്ദ്രബോസ് എമിലി ഷെങ്കിലിനൊപ്പം - Wiki
ബെര്‍ലിനിലെ Unter den Linden എന്ന ചരിത്രപ്രസിദ്ധമായ വീഥിയിലൂടെ ഫാസിസ്റ്റ് സൈനികരായ യുവാക്കള്‍ മാര്ച്ചുപാസ്റ്റ് നടത്തുന്നതിന് സാക്ഷ്യം വഹിച്ച രേണു റോയ് വിറങ്ങലിച്ചുനിന്നു. എമിലി ഷെങ്കല്‍ എന്ന പെണ്‍കുട്ടിയെ (പില്ക്കാലത്ത് സുഭാസ് ചന്ദ്രബോസിന്റെ സെക്രട്ടറിയും ഭാര്യയും) കാണാനും സൗഹൃദബന്ധം സ്ഥാപിക്കാനും വേദിയൊരുക്കിയ ഓസ്ട്രിയയെ ഹിറ്റ്ലറിന്റെ സൈന്യം കീഴടക്കുന്നത് കണ്ടു നടുങ്ങി. 'Kinder, Kirche, Kueche' (ഗര്‍ഭം ധരിക്കുക, അടുക്കളപ്പണി ചെയ്യുക, പള്ളിയില്‍ പോകുക എന്ന മൂന്നു ചുമതലകള്‍ മാത്രമാണ് സ്ത്രീകള്‍ക്കുള്ളത്) എന്നു പ്രഖ്യാപിച്ച ഹിറ്റ്ലറിനോട് രോഷം കൊണ്ടു. 1938ല്‍ അമേരിക്കയിലെ പാ കിപ്സി (Poughkeepsie)എന്ന നഗരത്തില്‍ വെച്ചു നടന്ന ഒന്നാമത്തെ വേള്‍ഡ് യൂത്ത് കോണ്‍ഗ്രസ്സില്‍ സംബന്ധിക്കാനായി ചെന്നപ്പോള്‍ രേണു റോയ് പരിചയപ്പെട്ട കമ്മ്യൂണിസ്റ്റുകാരിയായ ഡാനിയല്‍ കാസനോവ എന്ന ഫ്രഞ്ചുയുവതി പിന്നീട് ഫാസിസത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ രക്തസാക്ഷിയായ വാര്‍ത്ത അവരില്‍ വല്ലാത്ത ആഘാതമുണ്ടാക്കി.
ഗാന്ധിജിയുടെയും നെഹ്റുവിന്റെയും മറ്റും വാത്സല്യം നുകര്‍ന്നു വളര്‍ന്ന ആ പെണ്‍കുട്ടിയുടെ മനസ്സ് വളരെ വേഗമാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ചായ്ഞ്ഞത്. പ്രമുഖ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് നേതാവ് രജ്നി പാം ദത്തിനെ പരിചയപ്പെട്ടതോടെ സ്വാതന്ത്ര്യം നേടിയത് കൊണ്ടു മാത്രമൊന്നുമായില്ലെന്നും പാവപ്പെട്ടവന് വിശക്കുമ്പോള്‍ അപ്പം കൊടുക്കാന്‍ കഴിയാത്ത സ്വാതന്ത്ര്യം പൂര്‍ണ്ണമായ ഒന്നല്ലെന്നും അവര്‍ മനസിലാക്കി.

ഡാനിയല്‍ കാസനോവ - wiki
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയും പത്രപ്രവര്‍ത്തകനുമായിരുന്ന ജോണ്‍ സ്ട്രേയ്ച്ചേ (പില്ക്കാലത്ത് ലേബര്‍ പാര്‍ട്ടിയുടെ മന്ത്രി)യുടെ സോഷ്യലിസത്തെയും മാര്‍ക്സിസ്റ്റ് ആശയങ്ങളെയും കുറിച്ചുള്ള പ്രഭാഷണമാണ് രേണുവിനെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് വഴിതിരിച്ചു വിട്ടത്. കമ്മ്യൂണിസത്തിലേക്കുള്ള പാതയില്‍ രേണു റായ് ഒറ്റയ്ക്കായിരുന്നില്ല. ഇന്ത്യന്‍ സിവില്‍ സര്‍വീസിലും അക്കാദമിക് രംഗത്തുമൊക്കെ ഉന്നതപദവികള്‍ ലക്ഷ്യം വെച്ചെത്തിയ, ഇന്ത്യയിലെ ചെറുപ്പക്കാരുടെ ഒരു വലിയ സംഘം അന്ന് ഓക്സ്ഫോര്‍ഡിലും കേംബ്രിഡ്ജിലും വിദ്യാര്‍ത്ഥികളായി ഉണ്ടായിരുന്നു.

ജ്യോതി ബസു, ഭൂപേഷ് ഗുപ്ത - file
ഭൂപേഷ് ഗുപ്ത, ജ്യോതി ബസു, ഹിരേന്ദ്രനാഥ്മുഖര്ജി, മോഹന്‍ കുമാരമംഗലം, പാര്‍വതി കുമാരമംഗലം, പിഎന്‍ ഹക്സര്‍, നിഖില്‍ ചക്രവര്‍ത്തി, രമേഷ് ചന്ദ്ര..... രേണുവിനെപ്പോലെ തന്നെ വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നു വീണവരായിരുന്നു അവരിലേറെയും. എന്നാല്‍ റഷ്യന്‍ വിപ്ലവത്തിന്റെ സ്വാധീനവും നിസ്വവര്‍ഗ്ഗത്തിന്റെ വിമോചനത്തെ കുറിച്ചുള്ള പ്രതീക്ഷകളും ചേര്‍ന്ന് അവരെയെല്ലാം കമ്മ്യൂണിസത്തിലേക്ക് ജ്ഞാനസ്നാനം ചെയ്തു. രേണു ഉള്‍പ്പെടെയുള്ള ആ ചെറുപ്പക്കാരുടെ സംഘം ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചു.

പിഎന്‍ ഹക്സര്‍ - file
'No Flag but the Red flag!' എന്നതായിരുന്നു അന്നത്തെ അവരുടെ മുദ്രാവാക്യം. ലണ്ടനില്‍ പഠിക്കാനെത്തിയ ഒരടുത്ത ബന്ധുവായ ചെറുപ്പക്കാരനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ മുന്‍കയ്യെടുത്തത് രേണു വാണ്. രേണുവിനെക്കാള്‍ രണ്ട് വയസ് ഇളപ്പമുള്ള ആ കസിന്റെ പേര് ഇന്ദ്രജിത് ഗുപ്ത എന്നായിരുന്നു. എന്നാല്‍, ഇവരെല്ലാമടങ്ങിയ യുവാക്കളുടെ സംഘത്തോട് ഉറ്റ സൗഹൃദം പുലര്‍ത്തുമ്പോള്‍ തന്നെ കമ്മ്യൂണിസത്തിലേക്ക് 'മതം മാറാന്‍' കൂട്ടാക്കാത്ത രണ്ടു ദേശീയവാദികള്‍ കൂടിയുണ്ടായിരുന്നു സഹപാഠികളുടെ കൂട്ടത്തില്‍. ഇന്ദിരാ പ്രിയദര്‍ശിനി നെഹ്രുവും അവരുടെ പ്രണയിതാവായ ഫിറോസ് ഗാന്ധിയുമായിരുന്നു ആ രണ്ടുപേര്‍. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മൂക്കിന് തൊട്ടുതാഴെ ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ സന്ദേശവാഹകരായി അന്ന് പ്രവര്‍ത്തിച്ചിരുന്ന, ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്റ്സ് ലീഗിന്റെ മുഖ്യകര്മ്മിയായ വികെ കൃഷ്ണ മേനോനായിരുന്നു, ഈ ചെറുപ്പക്കാരുടെയൊക്കെ പ്രചോദകനും വഴികാട്ടിയും.

ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, ഫിറോസ് ഗാന്ധി - Samakalika Malayalam Vaarika
FEDIND (ഫെഡറേഷന് ഓഫ് ഇന്ത്യന്‍ സ്റ്റുഡന്റ്സ് സൊസൈറ്റീസ് ഇന്‍ ഇംഗ്ലണ്ട് ആന്‍ഡ് അയര്‍ലന്‍ഡ്) എന്ന സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രേണു 1938 ല്‍ അമേരിക്കയില്‍ വെച്ചു നടന്ന ഇന്റര്‍നാഷണല്‍ യൂത്ത് കോണ്‍ഗ്രസില്‍ പങ്കെടുത്തു. ആയിടയ്ക്ക് പാരീസില്‍ നടന്ന വിഖ്യാതമായ ലോക സമാധാന സമ്മേളനത്തിലെ പ്രതിനിധിയാകാനുള്ള അപൂര്‍വ അവസരവും രേണുവിനെ തേടിയെത്തി. ഡോ.ബി സി റോയിയുടെ 'കമ്മ്യൂണിസ്റ്റുകാരിയായ അനന്തരവളെ' കുറിച്ച് അങ്ങനെയാണ് താന്‍ ആദ്യമായി കേള്‍ക്കാന്‍ ഇട വന്നതെന്ന് ഹിരണ്‍ മുഖര്‍ജി ഓര്‍മ്മിക്കുന്നുണ്ട്. സ്പാനിഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമാരാധ്യയായ നേതാവ്, ലാ പാഷനേരിയ (the passion flower) എന്ന പേരിലറിയപ്പെട്ടിരുന്ന ഇസിഡോറ ഡോളാരെസ് ഇബാരുരി യോമേയുടെ പ്രസംഗം കേള്‍ക്കണമെന്നുള്ള ഒറ്റ ആഗ്രഹവുമായാണ് രേണു അന്ന് പാരീസിലെത്തിയത്. എന്നാല്‍ ആ തീപ്പൊരി പ്രസംഗകയ്ക്ക് സമ്മേളനത്തില്‍ പ്രസംഗിക്കാനുള്ള അനുവാദം കിട്ടാതിരുന്നത് രേണുവിനെ മാത്രമല്ല, എല്ലാവരെയും നിരാശപ്പെടുത്തി. പക്ഷെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഒരടുത്ത 'കുടുംബ സുഹൃത്തിനെ' അവിടെവെച്ച് കാണാന്‍ പറ്റിയത് രേണുവിന് സന്തോഷം പകര്‍ന്നു. ഫാസിസത്തിനെതിരെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ചും യൂറോപ്പിലുടനീളം പ്രസംഗപര്യടനം നടത്താനെത്തിയ ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു അത്. കൃഷ്ണ മേനോന്, ഇന്ദിര, ഫിറോസ് എന്നിവരോടൊപ്പം പണ്ഡിറ്റ് ജി സമ്മേളനത്തിന്റെ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു.

ബി സി റോയി - special arrangement
ആ നാളുകളിലാണ് അന്ന് ഓക്സ്ഫോര്‍ഡിലെ മേര്‍ട്ടണ്‍ കോളജില്‍ വിദ്യാര്‍ത്ഥിയും വിപ്ലവത്തിന്റെ പാതയില്‍ ഉറ്റ സഖാവുമായിരുന്ന നിഖില്‍ ചക്രവര്‍ത്തിയുമായി രേണു പ്രണയത്തിലാകുന്നത്. രണ്ടുപേരും ഇന്ത്യയില്‍ മടങ്ങിയെത്തി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1942 ല്‍ വിവാഹിതരായി. 1945 ല്‍ ഏകപുത്രനായ സുമിത് ജനിച്ചു.
ദേശീയ സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട നാളുകളിലാണ് പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതാനുള്ള തീവ്രമായ അഭിവാഞ്ചയോടെ രേണു സ്വദേശത്ത് തിരികെയെത്തുന്നത്. രണ്ടാം ലോകമഹായുദ്ധം മൂര്‍ച്ഛിച്ച് വരുന്ന നാളുകള്‍. ആന്‍ഡമാന്‍ ദ്വീപില്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വിവിധ ജയിലുകളില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്വാതന്ത്ര്യ സമര സേനാനികളെ വിട്ടയക്കണ മെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിലേക്കാണ് രേണു നേരെ എടുത്തുചാടിയത്. 1939 ഡിസംബറില്‍ ഡല്‍ഹിയില്‍ സുഭാസ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്ത എഐഎസ്എഫിന്റെ ദേശീയ സമ്മേളനം ഇതിനുവേണ്ടിയുള്ള സമരപരിപാടികളുമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത രേണുവിന്റെയും കനക് ദാസ് ഗുപ്ത, കല്യാണി മുഖര്‍ജി, ഗീതാ ബാനര്‍ജി, സോവ മജുമ്ദാര്‍, അണിമാ മജുമ്ദാര്‍ തുടങ്ങിയവരുടെയും നേതൃത്വത്തില്‍ ചുണക്കുട്ടികളായ കുറെ യുവതികള്‍ ചേര്‍ന്ന് ഒരു ഗേള്‍സ് സ്റ്റുഡന്റ്സ് കമ്മിറ്റി ഉണ്ടാക്കി.

സോയ കോസ്മോദെമ്യന്സ്കായ
1940ല്‍ ലക്നോയില്‍ ചേര്‍ന്ന വനിതാ വിദ്യാര്‍ത്ഥി സമ്മേളനം ഒരു വലിയ തുടക്കമായിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന വനിതാ സഖാക്കളുടെ സമ്മേളനം സരോജിനി നായിഡുവാണ് ഉദ്ഘാടനം ചെയ്തത്. അദ്ധ്യക്ഷത വഹിച്ചത് രേണു റായിയും. താന്‍ സാക്ഷ്യം വഹിച്ച സ്പെയ്നിലെ ഫ്രാങ്കോ ഫാസിസത്തെക്കുറിച്ചും അതിനോട് പടവെട്ടുന്ന 'ലാ പാഷനേരിയ' എന്ന ധീരവനിതയെ കുറിച്ചും രേണു സമ്മേളനത്തില്‍ സംസാരിച്ചു. ബോംബെയില്‍ നിന്നും കല്‍ക്കട്ടയില്‍ നിന്നും പഞ്ചാബില്‍ നിന്നുമൊക്കെയായി എത്തിയ നര്‍ഗീസ് ബാട്ട്ലിവാല, പെരിന് ബറൂച്ച, ലിത്തോ റോയ്, ശാന്ത ഗാന്ധി, ഷീലാ ഭാട്ടിയ, പുരന് മേത്ത, സരള ഗുപ്ത, ഗീതാ റോയ് ചൗധുരി തുടങ്ങി ഒട്ടേറെ പെണ്‍കുട്ടികള്‍ രേണുവിനോടൊപ്പം പ്രസ്ഥാനത്തില്‍ അണി ചേരാനായി മുന്നോട്ടു വന്നു.
ആയിടയ്ക്ക് കല്‍ക്കട്ട സര്‍വകലാശാലയില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലിയില്‍ ചേര്‍ന്നെങ്കിലും, രേണുവിലെ വിപ്ലവകാരിക്ക് അടങ്ങിയിരിക്കാനാകുമായിരുന്നില്ല. രണ്ടാം ലോക മഹായുദ്ധത്തില്‍ സോവിയറ്റ്യൂണിയന് പങ്കാളിയായതോടെ യുദ്ധത്തെ ജനകീയ യുദ്ധമായി വിലയിരുത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ഒരു ഭാഗത്ത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളും മറുഭാഗത്ത് ഫോര്‍വേഡ് ബ്ലോക്കും ആരംഭിച്ച ആക്രമണത്തെ നേരിടാന്‍ രേണുവിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് വനിതകള്‍ രംഗത്തിറങ്ങി. ഫാസിസത്തെ പ്രതിരോധിക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ യത്നത്തില്‍, ലെനിന് ഗ്രാഡ് കീഴടക്കിയ ഫാസിസ്റ്റ് സേനയെ ധീരമായി ചെറുത്തു നില്‍ക്കുകയും ഒടുവില്‍ പീഡനങ്ങള്‍ക്ക് ഇരയാകുകയും ചെയ്ത സോയ കോസ്മോദെമ്യന്‍സ്കായയുടെ കഥ അവര്‍ക്ക് പ്രചോദനമായി.

ബംഗാള്‍ ക്ഷാമകാലത്തെ ചിത്രം - AFP
യുദ്ധക്കെടുതികള്‍ക്ക് പിന്നാലെ 1943 ല്‍ ബംഗാളിനെയാകെ ഗ്രസിച്ച ഭീകരമായ ക്ഷാമം നാടാകെ മരണം വിതക്കുകയായിരുന്നു. മണി കുന്തള സെന്നിന്റെയും റാണി മിത്രാദാസ് ഗുപ്തയുടെയും രേണു ചക്രവര്‍ത്തിയുടെയും ഇളാ റീദിന്റെയും (ഭട്ടാചാര്യ)നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് വനിതകള്‍ മഹിളാ ആത്മരക്ഷാ സമിതി രൂപീകരിച്ചു രംഗത്തിറങ്ങി. നൂറുകണക്കിന് റിലീഫ്കേന്ദ്രങ്ങളും ഫസ്റ്റ് എയ്ഡ് സെന്ററുകളും സാമൂഹ്യ അടുക്കളകളും സ്ഥാപിച്ച് അവര്‍ ഭക്ഷണവും മരുന്നും വസ്ത്രവും വിതരണം ചെയ്തു. അടിയന്തരമായി ദുരിതാശ്വാസമെത്തി ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 5000 സ്ത്രീകള്‍ നിയമസഭാ മന്ദിരത്തിലേക്ക് മാര്‍ച്ചു നടത്തി. നിരവധി സ്ഥലങ്ങളില്‍ കരിഞ്ചന്തക്കാരുടെ പക്കല്‍ നിന്ന് സമിതിയുടെ സഖാക്കള്‍ അരിയും ധാന്യങ്ങളും പിടിച്ചെടുത്ത് വിതരണം ചെയ്തു. 1946 - കാലത്തെ 47 തേഭാഗാ കലാപത്തെ തുടര്‍ന്നു പുനരധിവാസത്തിലും സമിതി നിര്‍ണ്ണായകമായ പങ്കു വഹിച്ചു. അഗതികളായ സ്ത്രീകളെ പാര്‍പ്പിക്കാനും സംരക്ഷിക്കാനും വേണ്ടി രേണുവിന്റെ മാതാവ് ബ്രഹ്മകുമാരി റോയിയുടെയും നിഖിലിന്റെ മാതാവ് ശൈലജ ചക്രവര്ത്തിയുടെയുമൊക്കെ നേതൃത്വത്തില്‍ നാരീ സേവാ സംഘ് പ്രവര്‍ത്തനമാരംഭിക്കുന്നതും ഈ നാളുകളിലാണ്.
മഹാത്മാഗാന്ധിയെയും മറ്റു ദേശീയ നേതാക്കളെയും വിട്ടയയ്ക്കണമെന്നും ഉടന്‍ തന്നെ ഒരു ദേശീയ ഗവണ്മെന്റ് രൂപീകരിച്ച് യുദ്ധക്കെടുതികള്‍ക്കും ക്ഷാമത്തിനും പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു കൊണ്ട് സമിതി പ്രക്ഷോഭമാരംഭിച്ചു. സ്വാതന്തൃ ലബ്ധിക്കു തൊട്ടുമുമ്പ് ബേലേഘട്ടയില്‍ വര്ഗ്ഗീയലഹളയ്ക്കെതിരെ മഹാത്മാ ഗാന്ധി നിരാഹാരമനുഷ്ഠിക്കുമ്പോള്‍, ലഹളയ്ക്കൊരുമ്പെട്ട വര്‍ഗീയ ശക്തികള്‍ക്കെതിരെ സ്ത്രീകളുടെ പ്രകടനം നയിച്ചുകൊണ്ട് മുന്നില്‍ നിന്നത് കൈക്കുഞ്ഞിനെ ഒക്കത്തേറ്റിയ രേണു ചക്രവര്‍ത്തിയാണ്.

എകെജി - ഫയൽ
കല്‍ക്കട്ട തീസിസിന്റെ കാലഘട്ടത്തില്‍, പാര്‍ട്ടി നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് അന്ന് പാര്‍ട്ടികേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നിഖിലിനോടൊപ്പം രേണുവും ഒളിവില്‍ പോയി. രണ്ടര വര്‍ഷക്കാലം നീണ്ടുനിന്ന ആ ഒളിവുജീവിതക്കാലത്ത് സുമിതിനെ വളര്‍ത്തിയത് രേണു വിന്റെ മാതാപിതാക്കളായിരുന്നു.
1952 ല്‍ നടന്ന ഒന്നാമത്തെ പൊതുതെരഞ്ഞെടുപ്പില്‍, പശ്ചിമ ബംഗാളിലെ 24 പാര്‍ഗാനാസ് ജില്ലയില്‍പ്പെട്ട ബസിര്‍ ഹട്ട് മണ്ഡലത്തില്‍ നിന്ന് വിജയിച്ചുകൊണ്ടാണ്, രേണു ചക്രവര്‍ത്തി തന്റെ ഉജ്ജ്വലമായ പാര്‍ലമെന്ററി ജീവിതത്തിന് തുടക്കം കുറിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ ജയിച്ച പതിനേഴ് പേരും പാര്‍ട്ടി പിന്തുണച്ച ചില സ്വതന്ത്രരുമടങ്ങിയ ലോക്സഭയിലെ പാര്‍ട്ടി ഗ്രൂപ്പിന്റെ നേതാവ് എകെ ഗോപാലനായിരുന്നു. ഉപനേതാക്കളായി തെരഞ്ഞെടുക്കപ്പെട്ടത്, രേണു ചക്രവര്‍ത്തിയും ബംഗാളില്‍ നിന്നു തന്നെ വിജയിച്ച പഴയ ബിലാത്തി സഹപാഠി പ്രൊ. ഹിരേന്ദ്രനാഥ് മുഖര്‍ജിയും. കെ അനന്തന് നമ്പ്യാര്‍, രവി നാരായണ റെഡ്ഢി, പിടി പുന്നൂസ്, കെകെ വാര്യര്‍, വിപി നായര്‍ തുടങ്ങിയ ശക്തരായ പാര്ലമെന്ററിയന്മാര് അടങ്ങുന്ന കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ നേതാവ് രാജ്യസഭാംഗമായ പി സുന്ദരയ്യ ആയിരുന്നു. ട്രഷറി ബെഞ്ചിലാകട്ടെ പ്രധാനമന്ത്രി നെഹ്റുവിന്റെ നേതൃത്വത്തില്‍ അതിപ്രശസ്തരായ നേതാക്കളുടെ ശക്തമായ ഒരു നിര തന്നെ സ്ഥാനം പിടിച്ചിരുന്നു.

എസ്എ ഡാങ്കെ - file
1957 ലെ രണ്ടാം ലോക്സഭയില്‍ കമ്മ്യൂണിസ്റ്റ് അംഗങ്ങളുടെ എണ്ണം 29 ആയി ഉയര്‍ന്നു. ബോംബെ സിറ്റി സെന്‍ട്രലില്‍ നിന്ന് വിജയിച്ചെത്തിയ എസ്എ ഡാങ്കെ നേതാവായി. എകെജി, ഹിരണ്‍ മുഖര്‍ജി, പികെ വാസുദേവന്‍ നായര്‍, സര്‍ജൂ പാണ്ഡേ, പാര്‍വതി കൃഷ്ണന്, ഇന്ദ്രജിത് ഗുപ്ത, ദശരഥ ദേബ്, കെകെ വാര്യര്‍, ടിസിഎന് മേനോന്, പിടി പുന്നൂസ്, വിപി നായര്‍, എസ് ഈശ്വരയ്യര്‍ തുടങ്ങിയ പ്രഗത്ഭരുടെ സംഘമാണ് ഇത്തവണ കമ്മ്യൂണിസ്റ്റ് ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചത്.
ലോക്സഭയിലെ ഏറ്റവും ശ്രദ്ധേയയായ അംഗങ്ങളില്‍ ഒരാളായിരുന്നു രേണു ചക്രവര്‍ത്തി. സമൂഹത്തിന്റെ അടിത്തട്ടിലും പുറമ്പോക്കിലും കഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്കും നിസ്വവര്ഗ്ഗത്തില് സ്ത്രീകള്‍ക്കും വേണ്ടി അവര്‍ നിരന്തരം ശബ്ദമുയര്‍ത്തി. വളര്‍ച്ചയിലും പുരോഗതിയിലും അങ്ങേയറ്റം പിറകിലായിരുന്ന ബസിര്‍ഹട്ട് എന്ന തന്റെ മണ്ഡലത്തിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു. ബംഗാളിലെ ഏറ്റവുമധികം സവിശേഷാനൂകൂല്യങ്ങള് അനുഭവിച്ചിരുന്ന ഒരു കുടുംബത്തില്‍ (First family) പിറന്നുവീണ രേണു, നിര്‍ദ്ധന മനുഷ്യരുടെ കൊച്ചു കുടിലുകളില്‍ താമസിച്ച്, അവരോടൊപ്പം ഭക്ഷണം കഴിച്ച് അവരുടെ ഓരോ പ്രശ്നങ്ങളിലും ഇടപെട്ട് അവയ്ക്കെല്ലാം പരിഹാരം കാണാന്‍ പരമാവധി ശ്രമിച്ചു.

ജവഹര്‍ലാല്‍ നെഹ്റു കുട്ടികള്‍ക്കൊപ്പം - photo express
തന്റെ പുത്രിയുടെ സമപ്രായക്കാരിയും സുഹൃത്തിന്റെ അനന്തരവളുമായ രേണുവിന്റെ അഭിപ്രായങ്ങള്‍ക്ക് പ്രധാനമന്ത്രി നെഹ്റു ഏറെ വിലകല്പിച്ചിരുന്നു. എങ്കിലും പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി വിമര്‍ശനങ്ങള്‍ ഉയര്‍ത്താന്‍ രേണു ഒരിക്കലും മടിച്ചിരുന്നില്ല. 1962ലെ ചൈനയുടെ ആക്രമണസമയത്തും അതിന് തൊട്ടു മുമ്പും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒറ്റപ്പെടുത്താനും ആക്രമിക്കാനും ആചാര്യ കൃപലാനി, മീനു മസാനി തുടങ്ങിയ വലതുപക്ഷ നേതാക്കള്‍ തുനിഞ്ഞപ്പോള്‍ ഈറ്റപ്പുലിയെ പോലെ അവരെ നേരിടുന്ന രേണു ചക്രവര്‍ത്തിയെ അന്ന് പാര്‍ലമെന്റ് നടപടി കള്‍ റിപ്പോര്‍ട്ട് ചെയ്ത പത്രലേഖകര്‍ ഓര്‍ക്കുന്നുണ്ട്. ചൈനീസ് ആക്രമണത്തെയും ഹിന്ദു കോഡ് ബില്ലിനെയും കുറിച്ചുള്ള ചര്‍ച്ചകളില്‍ ഏറ്റവും തിളങ്ങിയ മുഖം രേണുവിന്റേതായിരുന്നു. സ്ത്രീധന നിരോധനം നടപ്പാക്കുന്നതിനു വേണ്ടി രേണു അവതരിപ്പിച്ച സ്വകാര്യ ബില്ലാണ് പിന്നീട് 1961 ല്‍ നെഹ്റു സര്‍ക്കാര്‍ ഔദ്യോഗികമായി ബില്ല് കൊണ്ടുവന്ന് പാസാക്കുന്നതിലേക്ക് വഴി തെളിച്ചത്.
1954-ല്‍ മാത്രമാണ് ഉഭയകക്ഷി സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ഇന്ത്യന്‍ നിയമം അനുമതി നല്‍കിയത്. ആ വര്‍ഷം മേയ് 20-ന് ഇത് സംബന്ധിച്ച വകുപ്പ് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍, രേണു ചക്രവര്‍ത്തി ഈ വ്യവസ്ഥയ്ക്ക് വേണ്ടി ശക്തമായി വാദിച്ചു. ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്നും, കാര്യമായ കാരണങ്ങളൊന്നുമില്ലാതെ സ്ത്രീകള്‍ വിവാഹമോചനം ആവശ്യപ്പെടുമെന്നുമുള്ള എതിര്‍പ്പുകളെ അവര്‍ ശക്തമായി പ്രതിരോധിച്ചു. തന്റെ 'ആണ്‍സുഹൃത്തുക്കള്‍' ഉയര്‍ത്തിയ ഇത്തരം ആശങ്കകള്‍ സ്ത്രീകളെ 'അപമാനിക്കുന്നതിന്' തുല്യമാണെന്ന് അവര്‍ വാദിച്ചു:
'വീട്ടില്‍ നിന്ന് പുറത്തേക്കു പോകുമ്പോള്‍ വാതിലില്‍ വലിയൊരു താഴുകൊണ്ട് അകത്തിട്ട് പൂട്ടി, ഒരു സ്ത്രീയെ 'സതി'യാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു.... അത് ഒരു തടവുകാരിയുടെ പാതിവ്രത്യമാണ്; മറിച്ച് പരസ്പര വിശ്വാസത്തില്‍ നിന്ന് ഉടലെടുക്കുന്ന പാതിവ്രത്യമല്ല... നമ്മള് ജീവിക്കുന്ന ഈ സമൂഹത്തെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ. ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍, മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കേണ്ടി വരുന്നവര്‍, അപമാനിക്കപ്പെടുന്നവര്‍... അങ്ങനെയൊരു സമൂഹത്തിനു വേണ്ടിയാണ് നമ്മള് നിയമങ്ങള്‍ നിര്‍മ്മിക്കേണ്ടത്.'

പികെവി - file
ചൈനയുടെ ആക്രമണകാലത്ത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് കാര്‍ ഒന്നടങ്കം രാജ്യദ്രോഹികളെന്നു മുദ്രയടിക്കപ്പെട്ടപ്പോള്‍, പാര്‍ട്ടിയുടെ ഇക്കാര്യത്തിലുള്ള യഥാര്‍ത്ഥ നിലപാടെന്തെന്നു ജനങ്ങളെ പറഞ്ഞു ബോദ്ധ്യപ്പെടുത്താനായി ബംഗാളിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ അവര്‍ ചുറ്റിസഞ്ചരിച്ചു. അക്കാലത്തു നടന്ന മൂന്നാമത്തെ പൊതു തിരഞ്ഞെടുപ്പില്‍, സ്ഥിരം മണ്ഡലം വിട്ട്, ബാരക്ക്പ്പൂര് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച രേണു ചക്രവര്‍ത്തി സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.
1964 ല്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ഭിന്നിപ്പിനെ തുടര്‍ന്ന് മുപ്പതിലേറെപ്പേരടങ്ങിയ പാര്‍ലമെന്ററി ഗ്രൂപ്പില്‍ നിന്ന്, അതിന്റെ നേതാവായിരുന്ന എകെജിയോടൊപ്പം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലേക്ക് ചുവട് മാറിയത് ദശരഥ ദേബ്, ഇമ്പിച്ചിബാവ, അനന്തന് നമ്പ്യാര്‍, ഉമാനാഥ് തുടങ്ങി വളരെ കുറച്ചുപേര്‍ മാത്രമാണ്. രേണു ചക്രവര്‍ത്തി, ഹിരണ്‍ മുഖര്‍ജി, പികെവി, ഇന്ദ്രജിത് ഗുപ്ത, സര്‍ജൂ പാണ്ഡേ, രണന് സെന്‍, രവി നാരായണ റെഡ്ഢി, കെകെ വാര്യര്‍, ഹോമിദാജി തുടങ്ങി പ്രഗത്ഭരായ പാര്ലമെന്ററിയന്മാര് ഏതാണ്ടെല്ലാവരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ ഉറച്ചു നിന്നു. രാജ്യസഭയിലാകട്ടെ ഭൂപേശ് ഗുപ്ത, ഇസഡ്എ അഹമ്മദ്, എംഎന്‍ ഗോവിന്ദന് നായര്‍, കെ ദാമോദരന്‍ എന്നിവര്‍ സിപിഐയിലും ബാസവ പുന്നയ്യ, പി രാമമൂര്‍ത്തി എന്നിവര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലും നിലയുറപ്പിച്ചു.' ഇടതു കമ്മ്യൂണിസ്റ്റുകാരെ' ഒന്നടങ്കം അറസ്റ്റു ചെയ്തു തടങ്കലിലടച്ച 1965 കാലത്ത് പഴയ സഖാക്കളുടെ ജയില്‍ മോചനത്തിനായി പാര്‍ലമെന്റില്‍ ഏറ്റവുമധികം പോരാടിയത് രേണുവും ഹിരണ്‍ മുഖര്‍ജിയും ഭൂപേശ് ഗുപ്തയും നയിച്ച സിപിഐ യുടെ ഗ്രൂപ്പായിരുന്നു.

ഇന്ദ്രജിത് ഗുപ്ത - Special arrangement
ആ നാളുകളില്‍ ലോക്സഭയില്‍ അംഗമായിരുന്ന സോഷ്യലിസ്റ്റ് നേതാവ് മധു ലിമായെ അക്കാലം ഓര്‍മ്മിക്കുന്നത് ഇങ്ങനെയാണ്:
'പ്രൊഫ.ഹിരണ്‍ മുഖര്‍ജിയുടെ പ്രസംഗപാടവം അതുല്യമായിരുന്നു. ഹോമിദാജി കഠിന പ്രയത്നത്തിലൂടെയാണ് ശ്രദ്ധേയനായത്. പ്രശ്നങ്ങളെ യുക്തിപൂര്‍വം, കാര്യകാരണസഹിതം അവതരിപ്പിക്കുന്നതില്‍ ഇന്ദ്രജിത് ഗുപ്തയ്ക്ക് അസാമാന്യ കഴിവുണ്ടായിരുന്നു. എന്നാല്‍ ഇവരിലൊന്നും കാണാത്ത ഒരു തീജ്വാല ഉള്ളില്‍ കൊണ്ടു നടന്നിരുന്ന, ഒരു പ്രത്യേക സ്വഭാവ വൈശിഷ്ട്യമുണ്ടായിരുന്ന ആളായിരുന്നു രേണു ചക്രവര്‍ത്തി. ഉള്ളിലെ കെടാത്ത ഈ തീയാണ് ഞങ്ങളെ തമ്മിലടുപ്പിച്ചത്. രേണുവടക്കം അന്നത്തെ സ്പീക്കര്‍ സര്‍ദാര്‍ ഹുക്കും സിങ്ങിന്റെ ഏറ്റവും പ്രിയപ്പെട്ടവരായിരുന്ന കുറേ എംപിമാരെ ഞാന്‍ കളിയാക്കി വിളിച്ചിരുന്നത് സ്പീക്കേഴ്സ് പാര്‍ട്ടി എന്നാണ്. ഞങ്ങള്‍ ചിലരാകട്ടെ റെബലുകളും. സ്വഭാവത്തിലെ സാദൃശ്യം കൊണ്ട് ഞങ്ങളോട് കൂടുതല്‍ അടുപ്പമുണ്ടായിരുന്ന രേണു അധികം വൈകാതെ സ്പീക്കറിന്റെ സംഘത്തെ ഉപേക്ഷിച്ച് ഞങ്ങളുടെ കൂട്ടത്തിലേക്ക് വന്നു.''
1967 ലും 1971 ലും നടന്ന ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ബാരക്പ്പൂര് മണ്ഡലത്തില്‍ മത്സരിച്ച രേണു ചക്രവര്‍ത്തി മാര്‍ക്സിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഇസ്മയിലിനോട് പരാജയപ്പെട്ടു .1969ല്‍ അജയ് മുഖര്‍ജി നയിച്ച രണ്ടാമത്തെ ഐക്യമുന്നണി മന്ത്രിസഭയില്‍, സഹകരണത്തിന്റെയും സാമൂഹ്യ ക്ഷേമത്തിന്റെയും ചുമതലയുള്ള മന്ത്രിയായി അവര്‍ പ്രവര്‍ത്തിച്ചു. ജനക്ഷേമപരമായ പല പ്രധാന പദ്ധതികള്‍ക്കും ആ നാളുകളില്‍ തുടക്കം കുറിക്കാന്‍ സാധിച്ചെങ്കിലും, ആഭ്യന്തര കലഹം മൂലം ആ മന്ത്രിസഭയ്ക്ക് അധികകാലം ആയുസ്സുണ്ടായില്ല.

രേണു ചക്രവര്‍ത്തി, എഐ ഉപയോഗിച്ച് പുനര്‍ നിര്‍മിച്ച ചിത്രം
സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളെ എന്നും മുന്നില്‍ നിന്നു നയിച്ചിരുന്ന രേണു ചക്രവര്‍ത്തി 1954 ല്‍ നാഷണല്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ വിമന്‍ (NFIW) എന്ന സംഘടന ആരംഭിക്കാന്‍ മുന്‍കൈയെടുത്തു. സംഘടനയുടെ ഉപാദ്ധ്യക്ഷയായി ചുമതലയേറ്റത് രേണുവാണ് ഭരണഘടന തയ്യാറാക്കിയത്. 1962 മുതല്‍ 1970 വരെ അവര്‍ എന്എഫ്ഐഡബ്ലിയൂവിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പല അന്തര്‍ദേശീയ വനിതാ സമ്മേളനങ്ങളിലും അവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. Womens International Democratic Federation ന്റെ സംഘടനാ ചുമതലകളും വഹിച്ചിട്ടുണ്ട്.
1958ല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമൃതസര്‍ കോണ്‍ഗ്രസില്‍ വെച്ച് ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രേണു ചക്രവര്‍ത്തി 1978 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. പിന്നീടേറെ ക്കാലം രേണു ചക്രവര്‍ത്തി പാര്‍ട്ടിയുടെ കേന്ദ്ര കണ്ട്രോള് കമ്മീഷനില്‍ അംഗമായിരുന്നു
തൊഴിലാളി - കര്‍ഷക പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന അവര്‍ അന്‍പതുകളുടെ ഒടുവില്‍ നടന്ന ജംഷെഡ്പൂരിലെ ചരിത്രപ്രസിദ്ധമായ തൊഴിലാളി സമരത്തെ മുന്നില്‍ നിന്നു നയിച്ചു. തൊഴിലാളി സമരങ്ങളില്‍ പങ്കെടുത്ത് പലതവണ ജയില്‍വാസം വരിക്കുകയും ചെയ്തു.
നല്ല ഒരു ഗായികയും ചിത്രകാരിയുമായിരുന്ന രേണു ധാരാളം എഴുതുകയും ചെയ്തിരുന്നു. അവര്‍ രചിച്ച 'Communists in Indian Women's movement' നിരവധി ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട, ഇന്ത്യയിലെ സ്ത്രീപ്രസ്ഥാനങ്ങളിലും പ്രക്ഷോഭങ്ങളിലും കമ്മ്യൂണിസ്റ്റുകാര്‍ വഹിച്ച പങ്കിനെ സമഗ്രമായി വിലയിരുത്തുന്ന ചരിത്രപുസ്തകമാണ്.
ജന്മനാ ഉണ്ടായിരുന്ന, ഹൃദയത്തിന്റെ തകരാറ് മൂലം 1973 ല്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായ രേണു ചക്രവര്‍ത്തി വിശ്രമജീവിതം നയിക്കാന്‍ ഒരിക്കലും തയ്യാറായില്ല. അയോദ്ധ്യയില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ വര്‍ഗീയതയ്ക്കും മതാന്ധതയ്ക്കുമെതിരെ നടന്ന റാലിയെ നയിച്ചുകൊണ്ട് മുന്നണിയിലുണ്ടായിരുന്ന രേണു, ആരോഗ്യം ശ്രദ്ധിക്കണമെന്നും വിശ്രമിക്കണമെന്നുമുള്ള മറ്റുള്ളവരുടെ അഭ്യര്‍ത്ഥന വകവെക്കാതെ ബെറാംപൂരിലുള്ള വനിതാ സമ്മേളനത്തിലും സംബന്ധിച്ചു. ദിവസങ്ങള്‍ക്ക് ശേഷമാണ് 1994 ഫെബ്രുവരി ജനുവരി 26ന് അവര്‍ക്ക് മസ്തിഷ്കാഘാതമുണ്ടാകുന്നത്. ഏപ്രില്‍ 16ന് രേണു ചക്രവര്‍ത്തി വിട പറഞ്ഞു.
അടങ്ങാത്ത പോരാട്ടവീര്യത്തിന്റെയും കര്‍മ്മധീരതയുടെയും പ്രതീകമായിരുന്നു രേണു ചക്രവര്‍ത്തി. സങ്കുചിതമായ വ്യക്തിതാത്പര്യങ്ങള്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ക്കും ഒരിക്കലും വഴങ്ങാതിരുന്ന ആ വലിയ സ്ത്രീ, പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് വഴിതെളിച്ച വിഭാഗീയതയ്ക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടിരുന്നു. അതാണ് ഭിന്നിപ്പിനുശേഷം പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ അവര്‍ പരാജയപ്പെടാന്‍ കാരണമായിത്തീര്‍ന്നത്.
സ്ത്രീകളുടെ നേതാവ് എന്ന നിലയില്‍ മാത്രം ഓര്‍മ്മിക്കേണ്ട ഒരു പേരല്ല രേണു ചക്രവര്‍ത്തിയുടേത്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്നു അവര്‍. ഇന്ത്യ കണ്ട ഏറ്റവും ധീരയായ സ്ത്രീപോരാളികളില് ഒരാള്‍ കൂടിയായിരുന്നു രേണു. മഹിളാ ആത്മരക്ഷാസമിതി എന്ന മഹത്തായ പ്രസ്ഥാനത്തിന് അടിത്തറയിട്ട, നിരവധി സ്ത്രീപോരാട്ടങ്ങള്‍ മുന്നില്‍ നിന്നു നയിച്ച രേണു ചക്രവര്‍ത്തിയെ ഒരിക്കല്‍ കൂടി സ്മരിക്കാനും ആ സ്മരണകളില്‍ നിന്നു പ്രചോദനം കൊള്ളാനും കഴിഞ്ഞില്ലെങ്കില്‍, സംശയം വേണ്ട, ചരിത്രം നമ്മളെ കുറ്റക്കാരെന്ന് വിധിക്കും.


