
പ്രകൃതിക്കു ഭീഷണിയൊരുക്കുന്ന മഞ്ഞവസന്തം

News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മഞ്ഞപ്പൂക്കള് മനസ്സിന് ആനന്ദം പകരുന്നവയാണ്. എന്നും പൂക്കള് ഉണ്ടാകുന്ന ചെടികള് പൂന്തോട്ടങ്ങളില് രാജാവായി വാഴും. അങ്ങനെ ജനപ്രിയമായ ഒരു അലങ്കാര സസ്യമാണ് സിംഗപ്പൂര് ഡെയ്സി. എന്നാല് ഇപ്പോള് പൂന്തോട്ടങ്ങളില് നിന്നു പുറത്തേക്ക് പടര്ന്ന് ഈ ചെടി ഒരു കളയായി മാറിയിരിക്കുന്നു. നഗര ഗ്രാമ പ്രദേശങ്ങളിലെ തൊടികളില് പലയിടങ്ങളിലും ഇപ്പോള് സിംഗപ്പൂര് ഡെയ്സി ധാരാളമായി പടര്ന്നു പിടിച്ചിരിക്കുന്ന കാഴ്ച കാണുവാന് കഴിയും. കഴിഞ്ഞ ദിവസം പ്രകൃതിലോല പ്രദേശമായ പശ്ചിമഘട്ടത്തിലെ മൂന്നാറിലേക്ക് നടത്തിയ ഒരു യാത്രയില് അധിനിവേശ സ്വഭാവമുള്ള ധാരാളം അലങ്കാരച്ചെടികള് പടര്ന്നു പിടിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില് പെട്ടു. സിംഗപ്പൂര് ഡെയ്സി ഒരു കളയായി അവിടേയും പടര്ന്നു പിടിച്ചിരിക്കുന്നത് കാണുവാന് കഴിഞ്ഞു.
'സിംഗപ്പൂര് ഡെയ്സി', 'ക്രീപ്പിംഗ് ഡെയ്സി' അല്ലെങ്കില് 'വെഡെലിയ' (Wedelia) എന്നീ പേരുകളില് അറിയപ്പെടുന്ന സ്ഫാഗ്നെറ്റിക്കോള ട്രൈലോബാറ്റ (Sphagneticola trilobata) എന്ന സസ്യം, ഉഷ്ണമേഖലാ അമേരിക്കയില് നിന്ന് ലോകമെമ്പാടുമുള്ള നിരവധി ഉഷ്ണമേഖലാ-ഉപോഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് അലങ്കാര സസ്യമായാണ് കുടിയേറിയത്. പെട്ടെന്നു പടര്ന്നുപിടിച്ച് ഇടതൂര്ന്ന പച്ചപ്പും നിറയെ മഞ്ഞപ്പൂക്കളും ഉണ്ടാകുന്ന ചെടിയായതുകൊണ്ട് വളരെ പെട്ടെന്നുതന്നെ അലങ്കാര സസ്യമായി ഇതു ജനപ്രിയമായി മാറി.

സിംഗപ്പൂര് ഡെയ്സി
മനോഹരമായ 'ഗ്രൗണ്ട് കവര്' (നിലം മൂടുന്ന സസ്യം) എന്ന രീതിയിലാണ് ലാന്ഡ്സ്കേപ്പിങ്ങില് സിംഗപ്പൂര് ഡെയ്സി ഇടം പിടിക്കുന്നത്. അതിവേഗം പടര്ന്നു വളരുകയും മനോഹരമായ പൂക്കള് ഉണ്ടാകുകയും കുറഞ്ഞ പരിചരണം മാത്രമേ ആവശ്യമുള്ളൂവെന്നതും ഇതിനെ കൂടുതല് ജനപ്രിയമാക്കി. മണല് നിറഞ്ഞ മണ്ണിലും ഇടയ്ക്കിടെ വെള്ളക്കെട്ടുണ്ടാകുന്ന മണ്ണിലും ഭാഗികമായ തണലിലും വളരാനുള്ള സിംഗപ്പൂര് ഡെയ്സിയുടെ കഴിവും പൂവിടുന്ന മറ്റ് ഗ്രൗണ്ട് കവര് സസ്യങ്ങള്ക്ക് വളരാന് ബുദ്ധിമുട്ടുള്ള ഇടങ്ങളിലും ഇത് വളര്ത്താന് സാധിക്കുമെന്നതും ഇതിന് പ്രധാന കാരണമായിട്ടുണ്ട്.
അറിയാം സിംഗപ്പൂര് ഡെയ്സിയെ
സൂര്യകാന്തി, ചെണ്ടുമല്ലി, ഡെയ്സി എന്നിവ ഉള്പ്പെടുന്ന 'ആസ്റ്ററേസി' (Asteraceae) എന്ന വലിയ സസ്യകുടുംബത്തില്പ്പെട്ടതാണ് സിംഗപ്പൂര് ഡെയ്സി. സ്ഫാഗ്നെറ്റിക്കോള ട്രൈലോബാറ്റ (Sphagneticola trilobata) എന്ന ശാസ്ത്രീയ നാമത്തില് അറിയപ്പെടുന്ന ഈ ചെടി മുന്പ് വെഡെലിയ ട്രൈലൊബേറ്റ (Wedelia trilobata) എന്ന പേരിലാണ് വ്യാപകമായി അറിയപ്പെട്ടിരുന്നത്.
വളരുന്ന സാഹചര്യങ്ങള്ക്കനുസരിച്ച് ഇലകളുടെ ആകൃതിയില് വ്യത്യാസം വരാം. എല്ലാ ഇലകളിലും മൂന്ന് വ്യക്തമായ ഭാഗങ്ങള് കാണണമെന്നില്ല.
നിലംപറ്റി വളരുന്ന രീതിയാണ് ഈ സസ്യത്തിന്റെ ഏറ്റവും സവിശേഷമായ സ്വഭാവങ്ങളിലൊന്ന്. മണ്ണിന്റെ ഉപരിതലത്തിലൂടെ നീളമുള്ള തണ്ടുകള് പടര്ത്തി ഇത് തിരശ്ചീനമായി വ്യാപിക്കുന്നു. ഈ തണ്ടുകളുടെ മുട്ടുകളില് (nodes) നിന്ന് വേരുകള് മുളയ്ക്കുന്നതിനാല് ഒരൊറ്റ ചെടിക്കുതന്നെ വിശാലമായ ഒരു പ്രദേശം മുഴുവന് പടര്ന്നുപിടിക്കുവാന് സാധിക്കുന്നു. അനുകൂല സാഹചര്യങ്ങളില്, ഇങ്ങനെ വളരുന്ന സസ്യങ്ങള് ഇടതൂര്ന്ന ഒരു പച്ചപ്പുതപ്പ് പോലെ നിലം മുഴുവനായി മൂടുന്നു.
ഇതിന്റെ ഇലകള് സാധാരണയായി പച്ചനിറത്തിലുള്ളതും മാംസളമായതും തണ്ടുകളില് അഭിമുഖമായി ജോഡികളായി ക്രമീകരിച്ചതുമാണ്. ഇലകളുടെ അരികുകള് ദന്തുരമാണ്. കൂടാതെ മൂന്ന് വ്യക്തമായ ഭാഗങ്ങളായി വിഭജിക്കപ്പെട്ടതുപോലെ കാണപ്പെടാം. വളരുന്ന സാഹചര്യങ്ങള്ക്കനുസരിച്ച് ഇലകളുടെ ആകൃതിയില് വ്യത്യാസം വരാം. എല്ലാ ഇലകളിലും മൂന്ന് വ്യക്തമായ ഭാഗങ്ങള് കാണണമെന്നില്ല.
പെട്ടെന്ന് തിരിച്ചറിയാന് കഴിയുന്ന ഭാഗം ഇതിന്റെ പൂക്കളാണ്. ഇലകള്ക്ക് മുകളിലായി കടുത്ത മഞ്ഞനിറത്തിലുള്ള പൂങ്കുലകള് കാണപ്പെടുന്നു. ഓരോ പുഷ്പവും ഒരു സംയുക്ത പുഷ്പമഞ്ജരിയാണ്. ഇതില് മധ്യഭാഗത്തുള്ള ചെറിയ 'ഡിസ്ക് ഫ്ലോററ്റുകള്' (disc florets) എന്നറിയപ്പെടുന്ന പൂക്കളുടെ കൂട്ടത്തെ ചുറ്റി മഞ്ഞനിറത്തിലുള്ള 'റേ ഫ്ലോററ്റുകള്' (ray florets) കാണപ്പെടുന്നതാണ് ഇതിന്റെ ഘടന.
WHAT TO READ NEXT

വല പോലെ പടര്ന്നു വളരും, ഇംഗ്ലീഷ് ഐവി എന്ന അപായച്ചെടി
പൂങ്കുലയുടെ മധ്യഭാഗം, ചെറുതും കുഴല്രൂപത്തിലുള്ളതും ഇരുലിംഗസ്വഭാവമുള്ളതും മഞ്ഞയോ ഓറഞ്ച് കലര്ന്ന മഞ്ഞയോ നിറത്തിലുള്ളതുമായ നിരവധി 'ഡിസ്ക് ഫ്ലോററ്റുകള്' കൊണ്ട് നിര്മ്മിതമാണ്. ഓരോ പുഷ്പമഞ്ജരിയിലും സാധാരണയായി 8 മുതല് 13 വരെ മഞ്ഞയോ ഓറഞ്ച്-മഞ്ഞയോ നിറമുള്ള 'റേ ഫ്ലോറെറ്റുകള്' കാണപ്പെടുന്നു. ഇവ ഒറ്റപ്പെട്ട ദളങ്ങള് പോലെയിരിക്കും. ഓരോന്നിനും ഏകദേശം 6 മുതല് 15 മി.മീ. വരെ നീളവും അഗ്രഭാഗത്ത് സൂക്ഷ്മമായ പല്ലുകള് പോലെയുള്ള വിടവുകളും ഉണ്ടായിരിക്കും. ചെറിയ ഡെയ്സി പൂക്കളെപ്പോലെ തോന്നിക്കുന്ന ഇവ അനുയോജ്യ കാലാവസ്ഥയില് ധാരാളമായി ഉണ്ടാകുന്നു.
തേന് സംപുഷ്ടമായ പൂക്കള് തേനീച്ചകളേയും ചിത്രശലഭങ്ങളേയും പോലുള്ള വിവിധതരം പരാഗണകാരികളെ ആകര്ഷിക്കുന്നു. ബീജസങ്കലനം നടക്കുകയാണെങ്കില്, ചെടി 'അക്കീന്' (achene) എന്ന് വിളിക്കപ്പെടുന്ന, ചെറിയ, തവിട്ടുനിറമുള്ള, എകദേശം 3 മുതല് 5 മി.മീ. വരെ നീളമുള്ള ഒരു ഉണങ്ങിയ ഫലം ഉത്പാദിപ്പിക്കുന്നു. എന്നാല്, മുളയ്ക്കാന് ശേഷിയുള്ള വിത്തുകളോ ഫലങ്ങളോ ഉണ്ടാകുന്നത് വളരെ അപൂര്വ്വമാണ്.
ഈ സസ്യത്തിന്റെ ഇലകള് ഉപയോഗിച്ചുണ്ടാക്കുന്ന മരുന്നുകള് പനി, ജലദോഷം, സന്ധിവാതം മൂലമുള്ള വേദന, ശരീരത്തിലുണ്ടാകുന്ന നീര് (inflammation) തുടങ്ങിയവയ്ക്ക് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നതായി പറയപ്പെടുന്നു.
വ്യാപനത്തിന്റെ വഴികള്
അലങ്കാരച്ചെടിയായി വളര്ത്തിയിരുന്ന ഒരു സസ്യം എങ്ങനെയാണ് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമായി മാറുന്നത്? പൂന്തോട്ടങ്ങളിലും ലാന്ഡ്സ്കേപ്പുകളിലും നട്ടുപിടിപ്പിച്ച സിംഗപ്പൂര് ഡെയ്സി ക്രമേണ രക്ഷപ്പെട്ട് സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലും ഭാഗികമായ തണലുള്ള ഇടങ്ങളിലും വളരാനുള്ള കഴിവ്, അതുപോലെ വിവിധതരം മണ്ണിലും ഈര്പ്പമുള്ള സാഹചര്യങ്ങളിലും അതിജീവിക്കാനുള്ള ശേഷി എന്നിവ ഈ ചെടിയെ ചുറ്റുമുള്ള പരിസ്ഥിതിയിലേക്ക് പടര്ന്നുപിടിക്കാനും സഹായിക്കുന്നു.

സിംഗപ്പൂര് ഡെയ്സി
സിംഗപ്പൂര് ഡെയ്സി നിയന്ത്രിക്കാന് എന്തുകൊണ്ട് ഇത്ര പ്രയാസകരമാണെന്ന് മനസ്സിലാക്കാന്, അതിന്റെ വളര്ച്ചാ രീതിയും പ്രത്യുല്പാദന സ്വഭാവവും പരിശോധിക്കേണ്ടതുണ്ട്. ആദ്യത്തേത് കായിക പ്രത്യുല്പാദന (vegetative reproduction) ശേഷിയാണ്. മണ്ണിനോട് ചേര്ന്ന് പടര്ന്നു വളരുന്ന ചെടിയുടെ മണ്ണുമായി സമ്പര്ക്കമുണ്ടാകുന്ന തണ്ടുകളുടെ മുട്ടുകളില് (നോഡുകളില്) വേരുകള് മുളയ്ക്കുന്നു. വേരുപിടിച്ചു കഴിഞ്ഞാല്, ഈ ഭാഗങ്ങള്ക്ക് സ്വതന്ത്ര സസ്യങ്ങളായി വളരുവാന് സാധിക്കും. കാലക്രമേണ, തുടര്ച്ചയായി ഇങ്ങനെ വേരുകള് പൊട്ടുന്നതിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടതോ അല്ലാത്തതോ ആയ സസ്യങ്ങളുടെ ഒരു ശൃംഖല തന്നെ രൂപപ്പെടുന്നു. വിത്തുകളെ ആശ്രയിക്കാതെ തന്നെ കൂടുതല് പ്രദേശങ്ങളിലേക്ക് പടരാന് ഈ സസ്യത്തെ ഇത് സഹായിക്കുന്നു.
രണ്ടാമത്തെ ഗുണം തണ്ടിന്റെ കഷ്ണങ്ങളില് നിന്ന് വീണ്ടും വളരാനുള്ള കഴിവാണ്. മുളയ്ക്കാന് ശേഷിയുള്ള ഒരു മുട്ട് (ിീറല) അടങ്ങിയ തണ്ടിന്റെ കഷ്ണം നനവുള്ള മണ്ണില് വീണാല്, അതില് നിന്ന് വേരുകളും പുതിയ മുളകളും ഉണ്ടാകാം. അതായത്, ഈ ചെടി വെട്ടിമാറ്റുകയോ പറിച്ചെടുക്കുകയോ ചെയ്യുമ്പോള്, നീക്കം ചെയ്ത ഭാഗങ്ങള് കൃത്യമായി ശേഖരിച്ച് നശിപ്പിച്ചില്ലെങ്കില്, ഈ ചെടി കൂടുതല് സ്ഥലങ്ങളിലേക്ക് പടരാന് കാരണമായേക്കാം. മഴയും ഉയര്ന്ന ഈര്പ്പവും വേരുപിടിക്കാന് അനുകൂലമായ സാഹചര്യങ്ങള് ഒരുക്കുന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഈ അപകടസാധ്യത ഏറ്റവും കൂടുതലുള്ളത്.
ചൂടുള്ള കാലാവസ്ഥയില് പൂക്കള് വിരിയിക്കാനുള്ള കഴിവാണ് മൂന്നാമത്തെ ഗുണം. മഞ്ഞനിറത്തിലുള്ള പൂക്കള് പരാഗണത്തിന് സഹായിക്കുന്ന പ്രാണികളെ ആകര്ഷിക്കുന്നു. വിത്തുകള് അടങ്ങിയ ചെറിയ, ഉണങ്ങിയ ഫലങ്ങള് ഈ ചെടി ഉല്പ്പാദിപ്പിക്കുന്നുണ്ടെങ്കിലും അവ കൂടുതലും വന്ധ്യമായാണ് കാണാറുള്ളത്. എന്നാല്, എല്ലാ സ്ഥലങ്ങളിലും വിത്തുകള് വഴിയുള്ള വ്യാപനം അപ്രധാനമാണെന്ന് കരുതരുതെന്ന് സമീപകാല ഗവേഷണങ്ങള് മുന്നറിയിപ്പ് നല്കുന്നു. 'ഡൈവേഴ്സിറ്റി' (Diversity) എന്ന ജേണലില് 2025-ല് പ്രസിദ്ധീകരിച്ച ഒരു അവലോകന പഠനം, ജപ്പാനില് നിന്നും ഫിജിയില് നിന്നുമുള്ള റിപ്പോര്ട്ടുകള് ഉള്പ്പെടെ, അധിനിവേശ സ്വഭാവമുള്ള ചിലയിടങ്ങളില് മുളയ്ക്കാന് ശേഷിയുള്ള വിത്തുകള് ഉല്പ്പാദിപ്പിക്കപ്പെടുന്നതിന്റെ തെളിവുകള് എടുത്തുപറയുന്നു. തണ്ടിന്റെ കഷ്ണങ്ങളും വിത്തുകളും ഒരുപോലെ പുതിയ സസ്യ രൂപീകരണത്തിനും വ്യാപനത്തിനും എങ്ങനെ കാരണമാകുന്നുവെന്ന് ഈ പഠനം വിശദീകരിക്കുന്നു.
സിംഗപ്പൂര് ഡെയ്സി വിവിധ പാരിസ്ഥിതിക സാഹചര്യങ്ങളിലും നന്നായി വളരുന്നു. പൂര്ണ്ണ സൂര്യനിലും ഭാഗിക തണലിലും വളരാനും വ്യത്യസ്ത തരം മണ്ണ്, വരണ്ട കാലാവസ്ഥകള്, ഇടയ്ക്കിടെയുള്ള വെള്ളക്കെട്ട് എന്നിവ സഹിക്കാനുമുള്ള ഈ ചെടിയുടെ കഴിവിനെ സസ്യശാസ്ത്ര രേഖകള് രേഖപ്പെടുത്തുന്നു.
സിംഗപ്പൂര് ഡെയ്സി അപകടകാരിയാകുന്നതെങ്ങനെ?
മറ്റൊരു രാജ്യത്ത് നിന്ന് കൊണ്ടുവരുന്ന എല്ലാ സസ്യങ്ങളും അധിനിവേശ സസ്യങ്ങളായി മാറണമെന്നില്ല. എന്നാല് ചില ചെടികള് ഇതില് നിന്നു വ്യത്യസ്തമായി പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്നു.
ഒരു പ്രദേശമാകെ പടര്ന്നു പിടിക്കുകയും ഭൂമിയുടെ ഉപരിതലം മൂടിക്കൊണ്ട് വൈവിധ്യമാര്ന്ന തദ്ദേശീയ സസ്യങ്ങളുടെ കൂട്ടായ്മയെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതിലൂടെ അവയെ ആശ്രയിച്ചു ജീവിക്കുന്ന ജീവജാലങ്ങളെ ബാധിക്കുകയും ആ ആവാസവ്യവസ്ഥയ്ക്കു തന്നെ മാറ്റമുണ്ടാക്കുകയും ചെയ്യുന്നു. പുനരുജ്ജീവിക്കാനുള്ള ഈ സസ്യത്തിന്റെ കഴിവ് അത് സ്ഥാപിതമായിക്കഴിഞ്ഞാല് ഇല്ലാതാക്കുന്നത് ബുദ്ധിമുട്ടാക്കുന്നു.
ലോവും സഹപ്രവര്ത്തകരും ചേര്ന്ന് തയ്യാറാക്കിയ (2000ല് പ്രസിദ്ധീകരിച്ചതും 2004-ല് പുതുക്കിയതുമായ) ലോകത്തിലെ ഏറ്റവും അപകടകാരികളായ 100 അധിനിവേശ സസ്യങ്ങളുടെ പട്ടികയില് ഈ ഇനത്തെയും ഉള്പ്പെടുത്തിയിട്ടുണ്ട്. സസ്യശാസ്ത്രപരമായ വിവരശേഖരങ്ങളും ശാസ്ത്രീയ പഠനങ്ങളും ഈ ചെടി അതിന്റെ സ്വാഭാവിക ആവാസമേഖലയ്ക്ക് പുറത്തുള്ള പല പ്രദേശങ്ങളിലും പടര്ന്നുപിടിക്കുന്നതിനെക്കുറിച്ച് രേഖപ്പെടുത്തുന്നുണ്ട്. കേരളത്തിലെ കാര്ഷിക-കാര്ഷികേതര മേഖലകളില് പ്രശ്നമുണ്ടാക്കുന്ന ഒരു കളയായി ഇന്ത്യന് ഗവേഷണങ്ങളും ഇതിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
WHAT TO READ NEXT

ബ്രസീലിയന് റെഡ് ക്ലോക്ക്: അപകടം വിതയ്ക്കും ചെമ്പൂക്കള്
ഫ്ലോറിഡ സര്വകലാശാലയുടെ അധിനിവേശ-സസ്യ ഡയറക്ടറി സിംഗപ്പൂര് ഡെയ്സി നടുന്നത് ഒഴിവാക്കാന് ശുപാര്ശ ചെയ്യുന്നു. കൂടാതെ പടര്ന്നുപിടിച്ച പ്രദേശങ്ങളില് ഈ ചെടി വെട്ടുകയോ വെട്ടിമാറ്റുകയോ ചെയ്യുന്നത് പുതിയ ചെടികളുണ്ടാകുവാന് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്കുന്നു. ദി നാഷണല് പാര്ക്ക്സ് ബോര്ഡ് ഓഫ് സിംഗപ്പൂര് (The National Parks Board of Singapore) ഈ ചെടിയുടെ ദ്രുതഗതിയിലുള്ള വളര്ച്ച, ഇടതൂര്ന്ന് നിലം മൂടുന്ന സ്വഭാവം, ഉന്മൂലനത്തിന്റെ ബുദ്ധിമുട്ട് എന്നിവ വിവരിക്കുന്നു.
സിംഗപ്പൂര് ഡെയ്സി രാസ സംയുക്തങ്ങള് പുറത്തുവിടുന്ന അല്ലെലോപ്പതി എന്ന പ്രതിഭാസത്തിലൂടെ ചുറ്റുമുള്ള സസ്യജാലങ്ങള് വളരുന്നത് തടയുന്നതാഉം അധിനിവേശത്തെ സഹായിക്കുന്നതായും 'ഡൈവേഴ്സിറ്റി'യിലെ 2025 ലെ അവലോകനം രേഖപ്പെടുത്തുന്നു. 2026-ല് 'പ്ലാന്റ് ഫിസിയോളജി ആന്ഡ് ബയോകെമിസ്ട്രി' (Plant Physiology and Biochemistry) എന്ന ജേണലില് പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്, ലബോറട്ടറി പരീക്ഷണങ്ങളില് ഇതിന്റെ ഇലയുടെ സത്ത ലെറ്റിയൂസ്, പാക് ചോയ് എന്നിവയുടെ വിത്തുകള് മുളയ്ക്കുന്നതിനെ തടഞ്ഞതായി റിപ്പോര്ട്ട് ചെയ്യപ്പെട്ടു. സസ്യത്തിന്റെ വളര്ച്ചാഘട്ടത്തിനനുസരിച്ച് പ്രതിരോധ ഫലത്തിന്റെ (inhibitory effect) തീവ്രതയില് വ്യത്യാസമുണ്ടാകുന്നതായും കണ്ടെത്തി.
കേരളം പോലുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലെ അപകടസാധ്യത
കേരളത്തിലെ കാലാവസ്ഥയില് ഈ ചെടി വിനാശകാരിയായി പടര്ന്നു പിടിക്കുകയും അധിനിവേശ സ്വഭാവം കാണിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള് തെളിയിക്കുന്നു. കേരളത്തില് പ്രമീളയും സംഘവും (2022) നടത്തിയ ഗവേഷണം, തോട്ടം മേഖലകളിലെ 'സിംഗപ്പൂര് ഡെയ്സി' (Singapore Daisy) നിയന്ത്രണത്തെക്കുറിച്ച് പ്രത്യേകം പ്രതിപാദിക്കുന്നു. കൃഷി ചെയ്യാത്ത ഇടങ്ങളിലും ബഹുവര്ഷ വിളകളെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതികളിലും ഇതൊരു പ്രശ്നമാണെന്ന് ഈ പഠനത്തില് ചൂണ്ടിക്കാട്ടുന്നു. കാര്ഷിക പരിപാലനത്തിനും പ്രകൃതി സംരക്ഷണത്തിനും ഒരുപോലെ പ്രസക്തമാണ് ഇതിന്റെ പ്രത്യാഘാതങ്ങള് എന്നും അവര് വ്യക്തമാക്കുന്നു.
കേരളത്തിലെ മഴയുടെ രീതികളും ഈര്പ്പവും വേരുപിടിക്കുന്നതിനും ശക്തമായ സസ്യവളര്ച്ചയ്ക്കും അനുകൂലമാണ്. കൂടാതെ, മഴക്കാലത്ത് ചെടികളുടെ ശകലങ്ങള് വെള്ളത്തിലൂടെ ദൂരേക്ക് ഒഴുകിപ്പോയി ആ പ്രദേശങ്ങളിലും ഈ ചെടി പടര്ന്നു പിടിക്കുവാനും കാരണമാകുന്നു.
സ്വദേശവും അധിനിവേശ മേഖലകളും
'സിംഗപ്പൂര് ഡെയ്സി' എന്നാണ് പേരെങ്കിലും ഈ സസ്യം സിംഗപ്പൂര് സ്വദേശിയല്ല. മെക്സിക്കോ മുതല് മധ്യ അമേരിക്ക വഴി ഉഷ്ണമേഖലാ തെക്കേ അമേരിക്കയുടെയും കരീബിയന് മേഖലയുടെയും ചില ഭാഗങ്ങള് വരെ വ്യാപിച്ചുകിടക്കുന്ന ഉഷ്ണമേഖലാ അമേരിക്കയാണ് ഇതിന്റെ സ്വാഭാവിക ആവാസമേഖല. ബെലീസ്, കോസ്റ്റാറിക്ക, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ, പനാമ, കൊളംബിയ, ഇക്വഡോര്, പെറു, വെനിസ്വേല, ഗയാന, സുരിനാം, ബ്രസീലിന്റെ ചില ഭാഗങ്ങള് എന്നിവ ഇതില് ഉള്പ്പെടുന്നു. ട്രിനിഡാഡ് ആന്ഡ് ടൊബാഗോയും ഇതിന്റെ സ്വാഭാവിക വ്യാപന മേഖലയില് ഉള്പ്പെടുന്നു.
കാലക്രമേണ, ഈ സസ്യം അലങ്കാര സസ്യമായി അതിന്റെ സ്വാഭാവിക പരിധിക്കപ്പുറത്തേക്ക് കൊണ്ടുപോകുകയും പല ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഇത് സ്വാഭാവികമായി വളരുകയും ചെയ്യുന്നു. ദക്ഷിണേഷ്യ, തെക്കുകിഴക്കന് ഏഷ്യ, ആഫ്രിക്ക, പസഫിക്, കരീബിയന് എന്നിവിടങ്ങളിലും ഫ്ലോറിഡ, ഹവായ്, ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളിലും ഇത് വ്യാപകമായി കാണപ്പെടുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ, തായ്ലന്ഡ്, ഫിലിപ്പീന്സ്, തായ്വാന്, നിരവധി പസഫിക് ദ്വീപ് ഗ്രൂപ്പുകള് എന്നിവ ഇതില് ഉള്പ്പെടുന്നു.

സിംഗപ്പൂര് ഡെയ്സി
ഇന്ത്യയില്, ഈ സസ്യത്തെ തദ്ദേശീയമായിട്ടല്ല, പരിചയപ്പെടുത്തിയ വിദേശസസ്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സിലെ സെന്റര് ഫോര് ഇക്കോളജിക്കല് സയന്സസുമായി ബന്ധപ്പെട്ട ഇന്ത്യ ഫ്ലോറ ഓണ്ലൈന്, വെഡെലിയ ട്രൈലോബാറ്റ എന്ന പഴയ പേരില് ഇതിനെ പട്ടികപ്പെടുത്തുകയും എല്ലാ ജില്ലകളില് നിന്നുമുള്ള റിപ്പോര്ട്ടുകള് ഉള്പ്പെടെ കേരളത്തിലെ അതിന്റെ സാന്നിധ്യം രേഖപ്പെടുത്തുകയും ചെയ്യുന്നു.
നിയന്ത്രണവും പ്രതിരോധവും
സിംഗപ്പൂര് ഡെയ്സിയെ നിയന്ത്രിക്കുവാന് ഒറ്റത്തവണ നീക്കം ചെയ്യല് പര്യാപ്തമല്ല; സ്ഥിരമായ നീക്കം ചെയ്യല് അനിവാര്യമാണ്. പ്രതിരോധവും നേരത്തെയുള്ള കണ്ടെത്തലുമാണ് ഏറ്റവും ഫലപ്രദമായത്. പുതുതായി നട്ടുപിടിപ്പിക്കാതെയിരിക്കുക എന്നതാണ് ഏറ്റവും ലളിതമായ നിയന്ത്രണ നടപടി.
പരിസ്ഥിതിലോലമായ പ്രദേശങ്ങളില് ഇതിന്റെ വ്യാപനം കണ്ടെത്തുകയും തടയുകയും ചെയ്യേണ്ടതുണ്ട്. വേരുകളുള്ള തണ്ടുകളും, വീണ്ടും വളരാന് ശേഷിയുള്ള ഭാഗങ്ങളും ഉള്പ്പെടെ, ജീവനുള്ള സസ്യഭാഗങ്ങള് കഴിയുന്നത്ര നീക്കം ചെയ്യുകയും അവ മറ്റൊരിടത്ത് വേരുപിടിക്കുന്നത് തടയുന്ന രീതിയില് സംസ്കരിക്കുകയും വേണം. റോഡരികിലോ ഓടകളിലോ അരുവികളിലോ ഒഴിഞ്ഞ സ്ഥലങ്ങളിലോ ഇവ ഉപേക്ഷിക്കുന്നത് ഒഴിവാക്കണം.
സസ്യഭാഗങ്ങളെ പൂര്ണ്ണമായും നശിപ്പിക്കാന് ശേഷിയുള്ള സംസ്കരണ രീതിയാണെന്ന് ഉറപ്പില്ലെങ്കില്, സാധാരണ കമ്പോസ്റ്റിംഗ് രീതി ഇതിനായി ഉപയോഗിക്കരുത്. ഈ ചെടിയുടെ വെട്ടിമാറ്റിയ ഭാഗങ്ങള് പൂന്തോട്ടത്തിലെ കമ്പോസ്റ്റ് നിര്മ്മാണത്തിന് ഉപയോഗിക്കരുതെന്ന് ദി നാഷണല് പാര്ക്ക്സ് ബോര്ഡ് ഓഫ് സിംഗപ്പൂര് പ്രത്യേകം മുന്നറിയിപ്പ് നല്കുന്നുണ്ട്. ഇതിലെ രാസഘടകങ്ങളും മറ്റ് സസ്യങ്ങളില് ഉണ്ടാക്കിയേക്കാവുന്ന ദോഷഫലങ്ങളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
അശ്രദ്ധമായി മുറിക്കുന്നത് തണ്ടിന്റെ ഭാഗങ്ങള് നിലത്തുടനീളം വ്യാപിപ്പിക്കുവാനും പുനരുജ്ജീവനത്തിനുള്ള അവസരങ്ങള് സൃഷ്ടിക്കുമെന്ന കാരണത്താല് ബാധിത പ്രദേശങ്ങള് വെട്ടിമാറ്റുന്നതിനെ ഫ്ലോറിഡ സര്വകലാശാലയുടെ അധിനിവേശ സസ്യ ഡയറക്ടറി എതിര്ക്കുന്നു. ഈ ചെടിയുടെ ശകലങ്ങളുള്ള മണ്ണ് മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നതിലൂടെയും ഈ ചെടി പടര്ന്നുപിടിക്കുവാന് കാരണമാകുന്നു.
'പെസ്റ്റിസൈഡ് റിസര്ച്ച് ജേണലില്' പ്രമീളയും സംഘവും (2022) പ്രസിദ്ധീകരിച്ച ഒരു പഠനം, തോട്ടം മേഖലകളില് 'സിംഗപ്പൂര് ഡെയ്സി' (Singapore Daisy) എന്ന കളയെ നിയന്ത്രിക്കുന്നതിനുള്ള കൃഷിരീതികളെക്കുറിച്ച് പരിശോധിച്ചു. കളയും അതിനോടൊപ്പം മുകളിലെ അഞ്ച് സെന്റീമീറ്റര് മണ്ണും നീക്കം ചെയ്ത ശേഷം പയര് (cowpea) കൃഷി ചെയ്യുന്നത് ഫലപ്രദമായ ഒരു മാര്ഗ്ഗമാണെന്ന് ഗവേഷകര് കണ്ടെത്തി. കള നീക്കം ചെയ്ത സ്ഥലത്ത് പകരം മറ്റൊരു സസ്യം വളര്ത്തുന്നത് കള നിയന്ത്രണം കൂടുതല് ശക്തമാക്കാന് സഹായിക്കുമെന്ന് ഈ കണ്ടെത്തല് സൂചിപ്പിക്കുന്നു.
WHAT TO READ NEXT

ഗോള്ഡന് ബാംബൂ: സ്വര്ണ്ണമല്ലീ മഞ്ഞമുള
ഈ രീതി വിവേചനരഹിതമായി പ്രയോഗിക്കാന് പാടില്ല. മേല്മണ്ണ് നീക്കം ചെയ്യുന്നത് മണ്ണിന്റെ ഘടനയെ തകരാറിലാക്കാനും, ഗുണകരമായ ജീവികളെ ബാധിക്കാനും, തദ്ദേശീയ സസ്യങ്ങള്ക്ക് ദോഷം വരുത്താനും ഇടയാക്കും. വനങ്ങള്, തണ്ണീര്ത്തടങ്ങള്, മറ്റ് പരിസ്ഥിതിലോല പ്രദേശങ്ങള് എന്നിവിടങ്ങളില്, കാര്ഷിക പരീക്ഷണങ്ങളില് നിന്നുള്ള രീതികള് നേരിട്ട് പകര്ത്തുന്നതിന് പകരം, അവിടുത്തെ പ്രാദേശിക പാരിസ്ഥിതിക സാഹചര്യങ്ങള്ക്ക് അനുയോജ്യമായ രീതിയില് മാത്രമേ പുനഃസ്ഥാപന പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യുവാന് കഴിയൂ. സിംഗപ്പൂര് ഡെയ്സിയുടെ സാധ്യതയുള്ള ജൈവ നിയന്ത്രണ ഏജന്റുകളെക്കുറിച്ചുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുന്നതായി റിപ്പോര്ട്ടുകള് ചൂണ്ടിക്കാട്ടുന്നു.
പൊതുജന അവബോധം പ്രതിരോധത്തിന്റെ ഒരു നിര്ണായക ഭാഗമാണ്. അധിനിവേശ അലങ്കാര സസ്യങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് കൃത്യമായ വിവരങ്ങള് ജനങ്ങളില് എത്തേണ്ടതുണ്ട്. ബയോഡൈവേഴ്സിറ്റി രജിസ്റ്ററിലൂടെ വനം വകുപ്പിനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്ക്കും ഈ മേഖലയില് തദ്ദേശീയമായി ശ്രദ്ധ കേന്ദ്രീകരിക്കാനാകും. പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലകളില് കാലാവസ്ഥവ്യതിയാനത്തിന്റെ പശ്ചാത്തലത്തില് അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങള് തികച്ചും ആശങ്കാജനകമാണ്.
Summary
Singapore daisy (Sphagneticola trilobata) is considered a highly invasive weed in India, particularly in tropical and wet regions like Kerala and the Western Ghats
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

