പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് വേണ്ട, ഐപിഎല്‍ മതി! കെകെആര്‍ ടീമിലെത്തിച്ച മുസരബാനി 'വെട്ടില്‍'

സിംബാബ്‌വെ പേസര്‍ക്കെതിരെ കരാര്‍ ലംഘനത്തിന് പിസിബി നിയമ നടപടിക്കൊരുങ്ങുന്നു

Blessing Muzarabani in t20 world cup
Blessing Muzarabanix
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :14 മാർച്ച് 2026, 12:59 pm IST

ഇസ്ലാമബാദ്: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഒഴിവാക്കി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ തീരുമാനിച്ച സിംബാബ്‌വെ പേസര്‍ ബ്ലസിങ് മുസരബാനി കുരുക്കിലേക്ക്. താരത്തിനെതിരെ കരാര്‍ ലംഘനത്തിനെതിരെ നിയമ നടപടികളുമായി നീങ്ങാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വരുന്ന പിഎസ്എല്‍ സീസണില്‍ ഇസ്ലാമബാദ് യുനൈറ്റഡിനായാണ് താരം കളിക്കാന്‍ കരാറിലെത്തിയത്. എന്നാല്‍ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരത്തെ സമീപിച്ചതോടെ ഐപിഎല്‍ കളിക്കാന്‍ മുസരബാനി തീരുമാനിക്കുകയായിരുന്നു.

വിന്‍ഡീസ് പേസര്‍ ഷമര്‍ ജോസഫിന്റെ പകരക്കാരനായാണ് ഇസ്ലാമബാദ് യുനൈറ്റഡ് മുസരബാനിയെ ടീമിലെത്തിച്ചത്. കെകെആര്‍ ആകട്ടെ പരിക്കേറ്റ് പുറത്തായ ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരനയ്ക്കു പകരക്കാരനായാണ് സിംബാബ്‌വെ പേസറെ എത്തിച്ചത്.

ഐപിഎല്‍ മിനി ലേലത്തില്‍ കെകെആര്‍ സ്വന്തമാക്കിയ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഒരു കൂട്ടം ആരാധകരുടെ പ്രതിഷേധത്തെ തുടര്‍ന്നു കെകെആറിനു ഒഴിവാക്കേണ്ടി വന്നിരുന്നു. ഇന്ത്യ- ബംഗ്ലാദേശ് ആഭ്യന്തര പ്രശ്‌നങ്ങളാണ് താരത്തിന്റെ ഒഴിവാക്കലിലേക്ക് എത്തിച്ചത്. പിന്നാലെയാണ് പതിരനയെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. എന്നാല്‍ താരത്തിനു പരിക്കേറ്റതിനാല്‍ കളിക്കാന്‍ സാധിക്കില്ലെന്നു വന്നു. ഇതോടെയാണ് സിംബാബ്‌വെ പേസറെ ടീം സ്വന്തമാക്കിയത്.

പിഎസ്എല്‍ പോരാട്ടങ്ങള്‍ ഈ മാസം 26 മുതലാണ് തുടങ്ങുന്നത്. ഐപിഎല്‍ ഈ മാസം 28 മുതലുമാണ് ആരംഭിക്കുന്നത്. കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് മുസരബാനിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിലും സമാന സംഭവമുണ്ടായിരുന്നു. അന്ന് കരാര്‍ ലംഘിച്ച് പിഎസ്എല്‍ ഒഴിവാക്കി ഐപിഎല്‍ തിരഞ്ഞെടുത്തത് ദക്ഷിണാഫ്രിക്ക ഓള്‍ റൗണ്ടര്‍ കോര്‍ബിന്‍ ബോഷായിരുന്നു. താരം പിഎസ്എല്‍ ടീം പെഷവാര്‍ സാല്‍മിയുമായി കരാറിലെത്തിയിരുന്നു. എന്നാല്‍ മുംബൈ ഇന്ത്യന്‍സും താരത്തെ സമീപിച്ചതോടെ കോര്‍ബിന്‍ ബോഷ് മുംബൈ ടീമില്‍ കളിക്കാനാണ് താത്പര്യം കാണിച്ചത്. ഇതോടെ താരത്തിനു പിഎസ്എല്‍ ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.

ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് മുസരബാനിയ്ക്ക് ഐപിഎല്‍ വാതില്‍ തുറന്നത്. ആറ് കളിയില്‍ നിന്നു താരം 13 വിക്കറ്റുകളാണ് ലോകകപ്പില്‍ വീഴ്ത്തിയത്. ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകളെ ലോകകപ്പില്‍ സിംബാബ്‌വെ അട്ടിമറിച്ചപ്പോള്‍ മുസരബാനിയുടെ ബൗളിങ് നിര്‍ണായകമായിരുന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങളുടെ പട്ടികയില്‍ മുസരബാനി രണ്ടാം സ്ഥാനത്തുമുണ്ട്.

News Now

Summary

Blessing Muzarabani faces legal action from the PCB after leaving his PSL contract with Islamabad United to join Kolkata Knight Riders in the IPL 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates