
'പക്കാ വംശീയ വിദ്വേഷം അല്ലാതെന്താണ്? റഫറിയെ പുറത്താക്കണം'; ലോകകപ്പിൽ വിവാദം കത്തുന്നു (വിഡിയോ)
വാർ റഫിമാരിൽ ഒരാൾ കാമറയ്ക്കു മുന്നിൽ കാണിച്ച കൈ ആംഗ്യമാണ് വിവാദമായത്

ഹൂസ്റ്റൺ: ഫിഫ ലോകകപ്പിൽ പുതിയ വിവാദം. ജർമനിയും ക്യുറസാവും തമ്മിലുള്ള പോരാട്ടത്തിനിടെ കളത്തിനു പുറത്താണ് വംശീയ വിദ്വേഷ വിവാദം കത്തിപ്പടരുന്നത്. മത്സരം തുടങ്ങുന്നതിനു മുന്നോടിയായി റഫറിമാരെ പരിചയപ്പെടുത്തുന്ന സമയത്ത് വാർ റഫിമാരിൽ ഒരാൾ കാമറയ്ക്കു മുന്നിൽ കാണിച്ച കൈ ആംഗ്യമാണ് വിവാദത്തിനാധാരം. വെള്ളക്കാരുടെ മേധാവിത്വത്തിന്റെ അടയാളമാണ് റഫറി ആംഗ്യത്തിലൂടെ കാണിച്ചത് എന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്ന ആക്ഷേപം. വിവാദം കത്തിയതോടെ പിന്നീട് നടന്ന മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിൽ റഫറിമാരുടെ പാനലിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന രീതി തന്നെ ഒഴിവാക്കിയതായും റിപ്പോർട്ടുകളുണ്ട്.
മത്സരത്തിന് തൊട്ടുമുൻപ് ഒഫീഷ്യലുകളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനിടയിലാണ് വാർ ചുമതലയിലുണ്ടായിരുന്ന ഓസ്‌ട്രേലിയൻ റഫറി ഷോൺ ഇവാൻസ് കാമറയ്ക്ക് നേരെ തിരിഞ്ഞ് വിരലുകള്‍ താഴേക്ക് തിരിച്ച് 'ഒകെ' എന്ന് കൈകൊണ്ട് കാണിച്ചത്. ഇത് തീവ്ര വലതുപക്ഷ വംശീയ ഗ്രൂപ്പുകൾ പരസ്പരം തിരിച്ചറിയാൻ ഉപയോഗിക്കുന്ന വൈറ്റ് പവർ ചിഹ്നമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഫുട്ബോൾ ആരാധകർ ഫിഫയ്ക്കെതിരെ രംഗത്തെത്തിയത്.
പിന്നാലെ വിവേചനത്തിനെതിരെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഫെയർ നെറ്റ്‌വർക്ക് വിഷയത്തിൽ കടുത്ത നിലപാടുമായി രംഗത്തെത്തിയതും വിവാദം ആളിക്കത്തിച്ചു. റഫറി ഷോൺ ഇവാൻസിനെ ലോകകപ്പ് പാനലിൽ നിന്ന് ഉടനടി പുറത്താക്കണമെന്ന് അവർ ഫിഫയോട് ആവശ്യപ്പെട്ടു.
'കോടിക്കണക്കിന് ആളുകൾ തത്സമയം കാണുന്ന ക്യാമറയ്ക്ക് മുന്നിൽ ഒരു വാർ ഒഫീഷ്യൽ എന്തിനാണ് ഈ ചിഹ്നം കാണിക്കുന്നത്? ഇത് മനഃപൂർവം തീവ്ര വംശീയ ആശയങ്ങൾ പ്രചരിപ്പിക്കാൻ ചെയ്തതാണ്. ഇങ്ങനെയുള്ളവരെ ലോകകപ്പ് നിയന്ത്രിക്കാൻ അനുവദിക്കരുത്'- ഫെയർ നെറ്റ്‌വർക്ക് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
റഫറിയെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ സ്കൂളുകളിൽ കുട്ടികൾ പരസ്പരം പറ്റിക്കാൻ കളിക്കുന്ന 'സർക്കിൾ ഗെയിം' എന്ന സാധാരണ വിനോദത്തിന്‍റെ ഭാഗമായാണ് റഫറി കൈ കൊണ്ട് ആംഗ്യം കാണിച്ചതെന്നാണ് ഇവരുടെ വാദം. ഒരാൾ അരക്കെട്ടിന് താഴെ കൈവിരലുകൾ കൊണ്ട് വട്ടമുണ്ടാക്കി മറ്റുള്ളവരെ കാണിച്ച് പറ്റിക്കുന്ന ഒരു സാധാരണ തമാശ മാത്രമാണിതെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.
WHAT TO READ NEXT

'ലമീൻ യമാൽ ഇന്ന് ബെഞ്ചിൽ, നിക്കോ വില്ല്യംസും ഇല്ല'
സാധാരണയായി ലോകമെമ്പാടും 'എല്ലാം ശരിയാണ്' എന്ന് കാണിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമാണിത്. എന്നാൽ 2019ൽ ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ച് മസ്ജിദ് ആക്രമണക്കേസിലെ പ്രതി കോടതിയിൽ വെച്ച് ഈ ചിഹ്നം പരസ്യമായി പ്രദർശിപ്പിച്ചതോടെയാണ് ഇത് വംശീയവാദികളുടെ കോഡ് ഭാഷയായി ആഗോളതലത്തിൽ കുപ്രസിദ്ധി നേടിയത്.
ലോകകപ്പിൽ വംശീയതയ്ക്കും വിദ്വേഷത്തിനുമെതിരെ കർശനമായ നിലപാടുകളെടുക്കുന്നതിനിടെ ഉണ്ടായ സംഭവം ഫിഫയ്ക്ക് വലിയ തലവേദനയായി മാറിയിട്ടുണ്ട്. വിഷയത്തിൽ ഫിഫയോ റഫറി ഷോൺ ഇവാൻസോ ഇതുവരെ ഔദ്യോഗികമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
white supremacist hand gesture controversy has emerged at the FIFA World Cup 2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




