
ഒലീസെ മാജിക്കിൽ ഫ്രാൻസ്; ജയിച്ചു കയറി ലാ റോജകൾ; നാടകാന്തം ഓറഞ്ച് പട; ജയത്തോടെ വമ്പൻമാർ ലോകകപ്പിന്
അവസാന സന്നാഹ മത്സരം ജയിച്ചു കയറി ഫ്രാന്‍സ്, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ്

വാഷിങ്ടന്‍: ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സ്, സ്‌പെയിന്‍ ടീമുകള്‍ക്ക് സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ ജയം. കന്നി ലോകകപ്പ് കിരീടം സ്വപ്‌നം കാണുന്ന നെതര്‍ലന്‍ഡ്‌സും അവസാന സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.
കഴിഞ്ഞ ദിവസം ഐവറി കോസ്റ്റിനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ഫ്രാന്‍സ് അവസാന സന്നാഹത്തില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ വീഴ്ത്തിയാണ് ജയ വഴിയില്‍ തിരിച്ചെത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് ടീം വിജയം സ്വന്തമാക്കിയത്.
സീസണില്‍ മിന്നും ഫോമില്‍ ബയേണ്‍ മ്യൂണിക്ക് ജേഴ്‌സിയില്‍ വെട്ടിത്തിളങ്ങിയ മൈക്കല്‍ ഒലീസെയുടെ ഹാട്രിക്ക് ഗോളുകളാണ് ഫ്രാന്‍സിനെ ജയത്തിലെത്തിച്ചത്. കളിയുടെ 43, 49, 75 മിനിറ്റുകളിലാണ് ഒലീസെ മാജിക്ക്. അയര്‍ലന്‍ഡിന്റെ ആശ്വാസ ഗോള്‍ 64ാം മിനിറ്റില്‍ പാട്രിക്ക് കെല്ലി വലയിലാക്കി.
സ്‌പെയിന്‍ 3-1നു പെറുവിനെ പരാജയപ്പെടുത്തി. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ മൈക്കല്‍ ഒയാര്‍സബലിലൂടെ സ്‌പെയിന്‍ മുന്നിലെത്തി. 32ാം മിനിറ്റില്‍ പെഡ്രി രണ്ടാം ഗോളും നേടി. മൂന്നാം ഗോള്‍ പെറുവിന്റെ സംഭാവനയായിരുന്നു. പെഡ്രോ ഗാലസിന്റെ ഓണ്‍ ഗോളാണ് സ്പാനിഷ് ടീമിനു മൂന്നാം ഗോളായി കിട്ടിയത്. പെറുവിന്റെ ആശ്വാസ ഗോള്‍ 66ാം മിനിറ്റില്‍ യാരോ വെലസ് വലയിലാക്കി.
ഉസ്‌ബെക്കിസ്ഥാനെതിരായ പോരാട്ടത്തിലാണ് നെതര്‍ലന്‍ഡ്‌സ് ജയിച്ചു കയറിയത്. 2-1നാണ് ജയം. രണ്ട് ഗോളുകളും കോഡി ഗാക്‌പോ വലയിലാക്കി. രണ്ടും പെനാല്‍റ്റിയായിരുന്നു.
32ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റിയിലൂടെ ഗാക്‌പോ ടീമിനെ മുന്നിലെത്തിച്ചു. പിന്നീട് 90 മിനിറ്റ് വരെ നെതര്‍ലന്‍ഡ്‌സ് 1-0ത്തിനു മുന്നില്‍ നിന്നു. ഇഞ്ച്വറി സമയത്തിന്റെ രണ്ടാം മിനിറ്റില്‍ ഓറഞ്ച് പടയെ ഞെട്ടിച്ച് ഉസ്‌ബെക്കിസ്ഥാന്‍ ഒരു ഗോള്‍ മടക്കി സമനില പിടിച്ചു. നടകീയതകള്‍ക്കൊടുവില്‍ ഇഞ്ച്വറി സമയത്തിന്റെ എട്ടാം മിനിറ്റില്‍ നെതര്‍ലന്‍ഡ്‌സിനു അനുകൂലമായി പെനാല്‍റ്റി വീണ്ടും. കിക്കെടുത്ത ഗാക്‌പോ ടീമിനു അവസാന നിമിഷത്തില്‍ ജയം സമ്മാനിച്ചു.
News Now
Summary
Michael Olise scores hat trick
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






