ക്രിമിനൽ കേസിൽ 22 വർഷം പ്രതി! മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഒടുവിൽ 'കുറ്റവിമുക്തൻ'

ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെന്ന് ഡൽഹി പട്യാല ഹൗസ് കോടതി

Jacob Martin batting
Jacob Martin x
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :21 ഓഗസ്റ്റ് 2026, 11:58 am IST

ന്യൂഡൽഹി: ക്രിമിനൽ കേസിൽ നിന്നു 22 വർഷത്തിനു ശേഷം കുറ്റവിമുക്തനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും വഡോദര സ്വദേശിയുമായ ജേക്കബ് മാർട്ടിൻ. 2004ൽ ചുമത്തപ്പെട്ട കേസുകളിൽ നിന്നാണ് മോചനം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് മുൻ താരത്തെ കുറ്റവിമുക്തനാക്കിയത്. യുകെ ഇമ്മി​ഗ്രേഷൻ വ്യാജ സ്റ്റാംപിങ്, യാത്ര ക്രമീകരണങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജേക്കബ് മാർട്ടിനെതിരായ ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ല. സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ അജ്‍വ സ്പോർട്സ് ക്ലബിന്റെ ഉടമസ്ഥതയോ നിയന്ത്രണമോ സംബന്ധിച്ച വിശ്വസനീയ തെളിവുകളൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. സാക്ഷികൾക്കൊന്നും ആരോപണങ്ങളെ സാധൂകരിക്കാനും കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

വലം കൈയൻ ബാറ്ററായ ജേക്കബ് മാർട്ടിൽ ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 22.57 ശരാശരിയിൽ അദ്ദേഹം 158 റൺസ് നേടുകയും ചെയ്തു.

വിധി കേട്ട ശേഷം മാർട്ടിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

'2004ൽ എന്റെ നേതൃത്വത്തിൽ യുകെയിൽ ക്രിക്കറ്റ് പോരാട്ടങ്ങൾക്കായി പോയിരുന്നു. ആ ടീമിലെ എല്ലാവരും മത്സര ശേഷം നാട്ടിലേക്ക് തിരിച്ചെത്തി. എന്നാൽ ഒരു താരം മാത്രം അന്ന് യുകെയിൽ തന്നെ തുടർന്നു. അദ്ദേഹത്തിന്റെ വിസയ്ക്ക് 6 മാസ കാലവധിയുണ്ടായിരുന്നു. എന്നാൽ അദ്ദേഹം 6 മാസത്തിനു ശേഷവും അവിടെ തങ്ങി. മറ്റൊരാളുടെ സഹായത്തോടെ വ്യാജ സ്റ്റാംപിങും നടത്തി. പിന്നീട് ഈ വിസയുമായി ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ താരത്തെ ഐജിഐ വിമാനത്താവളത്തിൽ പിടികൂടി. ചോദ്യം ചെയ്തു.'

'അന്വേഷണം തുടങ്ങിയ ഘട്ടത്തിലൊന്നും എന്റെ പേര് എഫ്ഐആറിൽ പോലും ഇല്ലായിരുന്നു. പിടിക്കപ്പെട്ട താരത്തെ ചോദ്യം ചെയ്തതിനു ശേഷമാണ് അവർ ഈ കേസിലെ എന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റ് താരമെന്ന നിലവിലെ അവർ അനാവശ്യമായി എന്നെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഈ 22 വർഷത്തിനിടെ ബിസിസിഐയിൽ നിന്നു പോലും ഒരു മറുപടിയും എനിക്കു കിട്ടിയിട്ടില്ല. റെയിൽവേയിലുണ്ടായിരുന്നു ജോലി പോലും എനിക്ക് നഷ്ടപ്പെട്ടു. 22 വർഷത്തിനു ശേഷം ഞാൻ നിരപരാധി ആണെന്ന അനുകൂല വിധി ജീവിതത്തിലെ വലിയ യു ടേൺ ആണ്'- മുൻ താരം വ്യക്തമാക്കി.

News Now

Summary

Former Indian cricketer and Vadodara resident Jacob Martin has been acquitted of all charges by the Patiala House Court in a 22-year-old criminal case which stemmed from a 2004 FIR

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates