മഴ ചതിക്കുമോ? ഇന്ത്യ - ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റിന് ഇന്ന് ബംഗളൂരുവില്‍ തുടക്കം

പരമ്പരയിലെ മൂന്നുമത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുനേടുകയാകും ഇന്ത്യയുടെ ലക്ഷ്യം

India-New Zealand Test will begin today in Bengaluru
രോഹിത് ശര്‍മ ഫെയ്‌സ്ബുക്ക്
Last Updated :16 October 2024, 8:05 am IST
Edited by :amalkjoy

ബംഗളൂരു: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ ഇറങ്ങും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാവിലെ 9.30 ക്ക് മത്സരം ആരംഭിക്കും. ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി മഴയാണ്. ആദ്യ രണ്ട് ദിവസവും മഴമൂലം മത്സരം തടസപ്പെടാന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ച രാവിലെമുതല്‍ തുടര്‍ച്ചയായി മഴപെയ്യുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.

പരമ്പരയിലെ മൂന്നുമത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുനേടുകയാകും ഇന്ത്യയുടെ ലക്ഷ്യം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇതിലൂടെ ഉറപ്പാക്കാം. പോയിന്റുപട്ടികയില്‍ മുന്നിലുള്ള ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരേ അഞ്ചുടെസ്റ്റ് മത്സരങ്ങളുണ്ട്. അടുത്തജൂണില്‍ ലണ്ടനിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.

ബംഗ്ലാദേശിനെതിരേ മഴ വില്ലനായിട്ടും വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ ജയം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു പ്രകടനം ന്യൂസീലന്‍ഡിനെതിരെ കാഴ്ചവെക്കാന്‍ ഇന്ത്യക്ക് എളുപ്പമാവില്ല. അതുകൊണ്ടുതന്നെ മഴ വില്ലനായാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാകും.

ശക്തമായ താരനിരയോടെയാണ് ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടാന്‍ പോകുന്നത്. രോഹിത് ശര്‍മ, വിരാട് കോഹ് ലി എന്നീ സീനിയര്‍ താരങ്ങള്‍ ബംഗ്ലാദേശിനെതിരേ നിരാശപ്പെടുത്തിയിരുന്നു. കെ എല്‍ രാഹുല്‍, യശ്വസി ജയ്സ്വാള്‍, ഋഷഭ് പന്ത് എന്നിവരെല്ലാം മികച്ച ഫോമിലാണ് കളിക്കുന്നത്.

ന്യൂസിലന്‍ഡില്‍ ടിം സൗത്തി നായകസ്ഥാനത്തുനിന്നു മാറിയതിന്റെ ആശങ്കകളുണ്ട്. പകരം സ്ഥാനമേറ്റെടുത്ത ടോം ലാഥത്തിന് നായകസ്ഥാനത്ത് വലിയ പരിചയസമ്പത്തില്ല. അതിനിടെ, മുന്‍നായകന്‍ കെയ്ന്‍ വില്യംസണ് പരിക്കേറ്റതും തിരിച്ചടിയായി. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-0ത്തിന് തോറ്റതും കിവീസിന്റെ ആത്മവിശ്വാസത്തെ ബാധിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now