ജപ്പാനെ തീർക്കാൻ 30 പന്തുകള്‍! ഇന്ത്യ ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് സെമിയില്‍

2 വിക്കറ്റും 15 പന്തില്‍ 40 റണ്‍സും അടിച്ച് ഷെഫാലി വര്‍മയുടെ ഓള്‍ റൗണ്ട് മികവ്

Shafali Verma Richa Ghosh batting
India vs Japan Asian Games 2026 women’s cricketx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :18 സെപ്റ്റംബർ 2026, 12:42 pm IST

നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് പോരാട്ടത്തില്‍ അനായാസ വിജയവുമായി സെമിയിലേക്ക് മുന്നേറി നിലവിലെ സ്വര്‍ണ ജേതാക്കളായ ഇന്ത്യ. ആതിഥേയരായ ജപ്പാനെ ക്വാര്‍ട്ടറില്‍ ഇന്ത്യ 8 വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ജപ്പാന്‍ 19.5 ഓവറില്‍ 57 റണ്‍സില്‍ ഓള്‍ ഔട്ടായി. ഇന്ത്യയ്ക്ക് മറുപടി പറയാന്‍ 30 പന്തുകള്‍ മാത്രമാണ് ആവശ്യമായി വന്നത്. 5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 59 റണ്‍സെടുത്തു. ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയുടെ 2 വിക്കറ്റുകള്‍ തുടക്കത്തില്‍ വീഴ്ത്തി ഞെട്ടിക്കാന്‍ പറ്റിയെന്ന ആശ്വാസം മാത്രമാണ് ജപ്പാനുണ്ടായത്.

15 പന്തില്‍ 2 സിക്‌സും 6 ഫോറും സഹിതം 40 റണ്‍സ് അതിവേഗം അടിച്ചെടുത്ത ഷെഫാലി വര്‍മയുടെ ബാറ്റിങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഷെഫാലിക്കൊപ്പം ഗുണാലന്‍ കമാലിനിയാണ് ഓപ്പണറായി വന്നത്. താരം 2 പന്തില്‍ റണ്ണൊന്നുമില്ലാതെ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. പിന്നാലെ വന്ന ഭാരതി ഫുല്‍മാലിയും അതിവേഗം മടങ്ങി. താരം 6 റണ്‍സില്‍ പുറത്തായി. നാലാം സ്ഥാനത്തെത്തിയ റിച്ച ഘോഷ് 6 പന്തില്‍ 12 റണ്‍സുമായി ഷെഫാലിക്കൊപ്പം പുറത്താകാതെ നിന്ന് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ജപ്പാന്‍ നിരയ്ക്ക് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഓപ്പണര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 25 റണ്‍സെടുത്ത 16കാരി അയക കാറ്റോ സ്റ്റാഫോര്‍ഡാണ് സ്‌കോര്‍ 50 കടക്കുന്നതില്‍ നിര്‍ണായകമായത്. സഹ ഓപ്പണര്‍ ഹരുന ഇവാസാകിയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം 10 റണ്‍സെടുത്തു. ജപ്പാന്‍ ഇന്നിങ്‌സില്‍ ആകെ പിറന്നത് 3 ഫോറുകള്‍ മാത്രം.

ഏഷ്യാ കപ്പില്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞ ശ്രീചരണിയാണ് ജപ്പാനെതിരെയും തിളങ്ങിയത്. താരം 4 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. ഷെഫാലി വര്‍മ 2 വിക്കറ്റും ശ്രേയങ്ക പാട്ടീല്‍, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

India storm into semis with 8-wicket win, India vs Japan Asian Games 2026 women’s cricket quarterfinal updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now