ഫൈനലില്‍ 93 റണ്‍സിന്റെ വിജയമാണ് വിദര്‍ഭ സ്വന്തമാക്കിയത്

Vidarbha's Harsh Dubey celebrates with teammates after taking the wicket of Rest of India's Ishan Kishan
ഇഷാൻ കിഷന്റെ വിക്കറ്റെടുത്ത ഹർഷ് ദുബെയെ സഹ താരങ്ങൾ അഭിനന്ദിക്കുന്നു, Irani CupSource by : pti
Last Updated :5 October 2025, 3:36 pm IST

News Now

നാഗ്പുര്‍: ഇറാനി കപ്പ് ക്രിക്കറ്റ് കിരീടം വിദര്‍ഭയ്ക്ക്. നിലവിലെ രഞ്ജി ചാംപ്യന്‍മാര്‍ ഫൈനലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ റസ്റ്റ് ഓഫ് ഇന്ത്യയെ വീഴ്ത്തിയാണ് മൂന്നാം ഇറാനി കപ്പ് സ്വന്തമാക്കിയത്. 93 റണ്‍സിന്റെ വിജയമാണ് വിദര്‍ഭ ആഘോഷിച്ചത്. വിദര്‍ഭ ഉയര്‍ത്തിയ 361 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ റസ്റ്റ് ഓഫ് ഇന്ത്യയുടെ പോരാട്ടം 267 റണ്‍സില്‍ അവസാനിച്ചു. തുടരെ രണ്ടാം സീസണിലാണ് റസ്റ്റ് ഓഫ് ഇന്ത്യ കിരീടം കൈവിടുന്നത്. കഴിഞ്ഞ തവണ മുംബൈയോടാണ് റസ്റ്റ് ഓഫ് ഇന്ത്യ പരാജയപ്പെട്ടത്.

ഒന്നാം ഇന്നിങ്‌സില്‍ 342 റണ്‍സ് എടുത്ത വിദര്‍ഭ റസ്റ്റ് ഓഫ് ഇന്ത്യയുടെ പോരാട്ടം 214 റണ്‍സില്‍ അവസാനിപ്പിച്ച് 128 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ 232 റണ്‍സില്‍ പുറത്തായെങ്കിലും മികച്ച വിജയ ലക്ഷ്യം മുന്നില്‍ വയ്ക്കാന്‍ വിദര്‍ഭയ്ക്കു സാധിച്ചു.

ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ റസ്റ്റ് ഓഫ് ഇന്ത്യക്കായി യഷ് ധുല്‍ തിളങ്ങി. താരം 92 റണ്‍സ് കണ്ടെത്തി. വാലറ്റത്ത് പൊരുതി നിന്ന മാനവ് സുതര്‍ റസ്റ്റ് ഓഫ് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചു. താരവും അര്‍ധ സെഞ്ച്വറി നേടി. 56 റണ്‍സാണ് മാനവ് കണ്ടെത്തിയത്. കളി അവസാനിക്കുമ്പോള്‍ പിന്തുണയ്ക്കാനാളില്ലാതെ താരം പുറത്താകാതെ നിന്നു.

ഇഷാന്‍ കിഷന്‍ 35 റണ്‍സെടുത്തു. സര്‍നേഷ് ജയ്‌നാണ് തിളങ്ങിയ മറ്റൊരാള്‍. താരം 29 റണ്‍സ് കണ്ടെത്തി.

വിദര്‍ഭയ്ക്കായി ഹര്‍ഷ് ദുബെ 4 വിക്കറ്റുകള്‍ വീഴ്ത്തി. ആദിത്യ താക്കറെ, യഷ് ഠാക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. പാര്‍ഥ് രേഖഡെ, ദര്‍ശന്‍ നാല്‍കണ്ടെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭയ്ക്കായി ഓപ്പണര്‍ അഥര്‍വ ടൈഡെ സെഞ്ച്വറി നേടി. താരം 143 റണ്‍സടിച്ചു. യഷ് റാത്തോഡും തിളങ്ങി. താരത്തിനു 9 റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായി. 91 റണ്‍സാണ് താരമെടുത്തത്.

റസ്റ്റ് ഓഫ് ഇന്ത്യക്കായി ഒന്നാം ഇന്നിങ്‌സില്‍ മാനവ് സുതര്‍, ആകാശ് ദീപ് എന്നിവര്‍ 3 വീതം വിക്കറ്റുകളെടുത്തു. സര്‍നേഷ് ജയ്ന്‍ രണ്ട് വിക്കറ്റെടുത്തു. ഗുര്‍ണൂര്‍ ബ്രാര്‍, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഒന്നാം ഇന്നിങ്‌സില്‍ റസ്റ്റ് ഓഫ് ഇന്ത്യക്കായി ക്യാപ്റ്റന്‍ രജത് പടിദാര്‍ (66), അഭിമന്യു ഈശ്വരന്‍ (52) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. മറ്റാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല.

വിദര്‍ഭയ്ക്കായി യഷ് ഠാക്കൂര്‍ 4 വിക്കറ്റുകളെടുത്തു. പാര്‍ഥ് രേഖഡെ, ഹര്‍ഷ് ദുബെ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ആദിത്യ താക്കറെ, ദര്‍ശന്‍ നാല്‍കണ്ടെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭയ്ക്കായി ആരും അര്‍ധ സെഞ്ച്വറിയിലെത്തിയില്ല. അമന്‍ മോഖഡെ (37) ടോപ് സ്‌കോററായി. ക്യാപ്റ്റന്‍ അക്ഷയ് വാഡ്കര്‍ (36), ദര്‍ശന്‍ നാല്‍കണ്ടെ (35), ധ്രുവ് ഷോരി (27), ഹര്‍ഷ് ദുബെ (29) എന്നിവരാണ് പിടിച്ചു നിന്നത്.

റസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്‌സില്‍ അന്‍ഷുല്‍ കാംബോജ് 4 വിക്കറ്റെടുത്തു. മാനവ് സുതര്‍, ഗുര്‍ണൂര്‍ ബ്രാര്‍, സര്‍നേഷ് ജയ്ന്‍ എന്നിവര്‍ 2 വീതം വിക്കറ്റുകളും വീഴ്ത്തി.

Summary

Reigning Ranji Trophy champion Vidarbha clinched the Irani Cup after beating Rest of India at the VCA Stadium in Nagpur on Sunday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates