ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോളുകള്‍; ജിറോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് ടോപ് ഗിയറില്‍!

കളിക്കിറങ്ങുമ്പോള്‍ ഒന്നാം സ്ഥാനത്തുള്ള റയലിനു 58 പോയിന്റും രണ്ടാമതുള്ള ജിറോണയ്ക്ക് 56 പോയിന്റുമായിരുന്നു

ജൂഡ് ബെല്ലിങ്ഹാം, വിനിഷ്യസ് ജൂനിയര്‍Source by : ട്വിറ്റര്‍
Last Updated :11 February 2024, 10:56 am IST

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ കിരീടത്തിലേക്കു ടോപ് ഗിയറില്‍ കുതിച്ച് റയല്‍ മാഡ്രിഡ്. ഒന്നാം സ്ഥാനത്തിനു ഭീഷണിയായി നിന്ന ജിറോണയെ സ്വന്തം തട്ടകത്തില്‍ റയല്‍ തകര്‍ത്തെറിഞ്ഞു. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് റയലിന്റെ വിജയം.

കളിക്കിറങ്ങുമ്പോള്‍ ഒന്നാം സ്ഥാനത്തുള്ള റയലിനു 58 പോയിന്റും രണ്ടാമതുള്ള ജിറോണയ്ക്ക് 56 പോയിന്റുമായിരുന്നു. തോറ്റാല്‍ റയല്‍ രണ്ടാം സ്ഥാനത്തേക്കിറങ്ങുമെന്ന അവസ്ഥ.

എന്നാല്‍ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ ജൂഡ് ബെല്ലിങ്ഹാമിന്റെ നിര്‍ണായക പ്രകടനം റയലിനു തുണയായി. താരം ഇരട്ട ഗോളുകള്‍ വലയിലാക്കി. ശേഷിച്ച ഗോളുകള്‍ വിനിഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവരും നേടി.

ആറാം മിനിറ്റില്‍ വനിഷ്യസ് ജൂനിയറാണ് ഗോളടി തുടങ്ങിയത്. 35ാം മിനിറ്റില്‍ ബെല്ലിങ്ഹാം തന്റെ ആദ്യ ഗോളിലൂടെ ലീഡുയര്‍ത്തി. രണ്ടാം പകുതി തുടങ്ങി 54ാം മിനിറ്റില്‍ ബെല്ലിങ്ഹാം തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും സ്വന്തമാക്കി. 61ാം മിനിറ്റില്‍ റയല്‍ പട്ടിക തികച്ചു.

ഈ സീസണില്‍ മികച്ച പ്രകടനവുമായി മുന്നേറുന്ന ജിറോണയ്ക്ക് പക്ഷേ ഇത്തവണ ഒന്നും ചെയ്യാനായില്ല. അഞ്ച് ഷോട്ടുകള്‍ മാത്രമാണ് അവര്‍ റയല്‍ പോസ്റ്റിലേക്ക് അടിച്ചത്. ഒരു ഓണ്‍ ടാര്‍ഗറ്റുമില്ല.

ജയത്തോടെ റയലിനു 61 പോയിന്റുകള്‍. ജിറോണയ്ക്ക് 56 പോയിന്റും. സീസണില്‍ അവരുടെ രണ്ടാം തോല്‍വിയാണിത്. ബാഴ്‌സലോണ 50 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now