ചാംപ്യൻസ് ട്രോഫിക്ക് ഹർ‌ദിക്കിന്റെ നേതൃത്വത്തിലുള്ള ടീമിനെ പ്രഖ്യാപിച്ചേക്കും

Rohit Sharma's ODI Future Uncertain
രോഹിത് ശർമSource by : എക്സ്
Last Updated :3 January 2025, 10:01 pm IST

News Now

മുംബൈ: ഓസ്ട്രേലിയക്കെതിരായ അഞ്ചാം പോരിനുള്ള ടീമിൽ നിന്നു പുറത്തായ രോഹിത് ശർമയുടെ ടെസ്റ്റ് കരിയറിനു ഏതാണ്ട് തിരശ്ശീല വീണ അവസ്ഥയാണ്. ടെസ്റ്റ് നായക സ്ഥാനം ഇതോടെ ഇല്ലാതാകുമെന്നും ഉറപ്പ്. പിന്നാലെ ഏകദിന നായക സ്ഥാനവും രോഹിതിനു നഷ്ടമാകുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. വരാനിരിക്കുന്ന ചാംപ്യൻസ് ട്രോഫി പോരാട്ടത്തിൽ ഹർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനെ നയിക്കുമെന്നാണ് റിപ്പോർട്ട്. ഈ വർഷം പാകിസ്ഥാനിലും യുഎഇയിലുമായാണ് ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടങ്ങൾ.

കഴിഞ്ഞ വർഷം ജൂണിൽ നടന്ന ടി20 ലോകകപ്പ് കിരീട ജയത്തിനു പിന്നാലെ രോഹിത് ടി20 ഫോർമാറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ ടി20 ടീം ക്യാപ്റ്റനാക്കി. ടെസ്റ്റിൽ രോഹിതിന്റെ അഭാവത്തിൽ 1, 5 ടെസ്റ്റുകൾ നയിച്ച സൂപ്പർ പേസർ ജസ്പ്രിത് ബുംറയുടെ നായക സ്ഥാനവും ഏതാണ്ട് ഉറച്ചു കഴിഞ്ഞു.

37കാരനായ രോഹിത് ടെസ്റ്റിൽ സമീപ കാലത്തൊന്നും മികച്ച ബാറ്റിങ് നടത്തിയിട്ടില്ല. ക്യാപ്റ്റൻസിയിലും വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നു. പിന്നാലെ നാലാം ടെസ്റ്റിൽ തോറ്റതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലെന്ന സ്വപ്നം തുലാസിലായി. ഇതോടെയാണ് അഞ്ചാം ടെസ്റ്റിനുള്ള ടീമിലേക്ക് തന്നെ പരി​ഗണിക്കേണ്ടെന്നു രോഹിത് ബിസിസിഐയെ അറിയിച്ചത്.

ടി20, ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ പുതിയ ടീമിനെ രൂപപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ നടക്കുന്നത്. കോച്ച് ​ഗൗതം ​ഗംഭീറിനു കീഴിൽ പുതിയ ടീം എന്നതാണ് ബിസിസിഐ നിലപാടെന്നും റിപ്പോർട്ടുകളുണ്ട്.

ക്യാപ്റ്റനെന്ന നിലയിലുള്ള അധിക ഭാരം രോഹിതിൽ നിന്നു നീക്കാനുള്ള തീരമാനമാണ് ഏകദിനത്തിലും നായക സ്ഥാനം മാറ്റാനുള്ള ആലോചനയിലേക്ക് അധികൃതരെ നയിച്ചത്. പാണ്ഡ്യ പലപ്പോഴും രോ​ഹിതിന്റെ അഭാവത്തിൽ പരിമിത ഓവർ ക്രിക്കറ്റിൽ ടീമിനെ നയിച്ച താരം കൂടിയാണ്. ടി20 നായകനായി സൂര്യക്കൊപ്പം പാണ്ഡ്യയേയും പരി​ഗണിച്ചിരുന്നു. നറുക്ക് വീണത് സൂര്യകുമാർ യാദവിനാണ്. ഏകദിനത്തിൽ ടീമിലെ സ്ഥാനം ഇപ്പോഴും ഉറയ്ക്കാത്ത താരമാണ് സൂര്യ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates