14ാം വയസില്‍ ഐപിഎല്‍ അരങ്ങേറ്റം; നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍! ചരിത്രമെഴുതി വൈഭവ് സൂര്യവംശിയുടെ 'കുട്ടിക്കളി'

അരങ്ങേറ്റ പോരാട്ടം അവിസ്മരണീയം, 20 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 34 റണ്‍സ്

Vaibhav Suryavanshi, 14, becomes youngest player to make IPL debut
ബാറ്റിങിന് ഇറങ്ങാൻ തയ്യാറെടുത്തിരിക്കുന്ന വൈഭവ് സൂര്യവംശിയെ കൗതുകത്തോടെ നോക്കുന്ന ക്യാപ്റ്റൻ സഞ്ജു സാംസൺSource by : എക്സ്
Last Updated :19 April 2025, 11:16 pm IST

ജയ്പുർ: ഐപിഎല്‍ മെഗാ ലേലത്തില്‍ ഒരു കോടി 10 ലക്ഷം മുടക്കി 14കാരനെ സ്വന്തമാക്കാനുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ ലേലം വിളി കണ്ട് പുരികമുയര്‍ത്തിയവര്‍ കാണുക. ചരിത്രമെഴുതി വൈഭവ് സൂര്യവംശിയെന്ന 14കാരന്‍ ഇതാ മൈതാനത്ത് നില്‍ക്കുന്നു. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പുതു ചരിത്രമെഴുതിയാണ് താരം ക്രീസ് വിട്ടത്.

2011ലാണ് താരം ജനിച്ചത്. ഐപിഎല്‍ തുടങ്ങിയതാകട്ടെ 2008ലും. ഇതോടെ മറ്റൊരു അനുപമ നേട്ടവും വൈഭവ് സ്വന്തമാക്കി. ഐപിഎല്‍ ആരംഭിച്ച ശേഷം ജനിച്ച് ഈ ടൂര്‍ണമെന്റ് കളിക്കുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന ഒരിക്കലും മായാത്ത റെക്കോര്‍ഡാണ് താരം കുറിച്ചത്.

ഐപിഎല്ലിന്റെ വലിയ വേദിയില്‍ ശാര്‍ദുല്‍ ഠാക്കൂറെന്ന പരിചയ സമ്പന്നന്റെ ഓവറില്‍ ബാറ്റിങ് തുടങ്ങിയ വൈഭവ് ഐപിഎല്ലില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ തൂക്കി അരങ്ങേറ്റം അവിസ്മരണീയമാക്കി. 20 പന്തുകള്‍ നേരിട്ട് 3 മനോഹര സിക്‌സുകളും 2 ഫോറും സഹിതം 34 റണ്‍സുമായി താരം മടങ്ങുമ്പോള്‍ രാജസ്ഥാന്‍ 8.4 ഓവറില്‍ 85 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തിരുന്നു.

പരിക്കിനെ തുടര്‍ന്നു സഞ്ജു സാംസണ്‍ ഇന്നു കളത്തിലിറങ്ങിയില്ല. ഇതോടെയാണ് ഇംപാക്ട് പ്ലെയറായി കുട്ടിത്തം വിട്ടിട്ടില്ലാത്ത വൈഭവിന് അരങ്ങേറാനുള്ള അവസരം ഒരുങ്ങിയത്. വലിയ വേദിയിലേക്കുള്ള വരവ് താരം അനായാസമാക്കി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു.

12 വയസും 284 ദിവസവും പ്രായമുള്ളപ്പോള്‍ രഞ്ജിയില്‍ അരങ്ങേറ്റം കുറിച്ച് താരം റെക്കോര്‍ഡിട്ടിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവിനു തന്നെ.

അണ്ടര്‍ 19 വിഭാഗത്തില്‍ ടെസ്റ്റില്‍ ഏറ്റവും വേഗതയില്‍ സെനേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും താരത്തിനുണ്ട്. 58 പന്തില്‍ ടെസ്റ്റ് സെഞ്ച്വറിയടിച്ച താരം ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലിയുടെ റെക്കോര്‍ഡാണ് തകര്‍ത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now