'ഇടത്തേയറ്റത്ത് ഉപ്പേരി, വലത്തേയറ്റത്ത് കാളൻ'; ഓണസദ്യ വിളമ്പേണ്ട രീതി

ഇലയുടെ ഇടത് വശത്ത് നിന്നും മീനം - മേടം രാശി മുതല്‍ വലത്തോട്ട് വിഭവങ്ങള്‍ വിളമ്പണമെന്നാണ് പറയുക.

How to serve onam sadhya
How to serve onam sadhyaPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :20 ഓഗസ്റ്റ് 2026, 12:44 pm IST

ഓണസദ്യ കേമമാകണമെങ്കിൽ വിഭവങ്ങൾ നന്നായിട്ടു മാത്രം കാര്യമില്ല, വിളമ്പുന്ന രീതിയും ശ്രദ്ധിക്കണം. ഉണ്ടറിയണം ഓണം എന്നാണ് ചൊല്ല്. ഉണ്ണാനിരിക്കുന്നവരുടെ ഇലയിൽ ഓരോ വിഭവവും യഥാസമയം എത്തിച്ചു കൊടുക്കുന്നതാണ് സദ്യയുടെ ചിട്ടവട്ടങ്ങളിൽ പ്രധാനം. സത്വ - രജോ ഗുണങ്ങള്‍ ഉള്ള കറികള്‍ സമ്മിശ്രമായും മധുരം അതിന് ഇടകലര്‍ന്നും വിളമ്പിയാലേ ശാസ്ത്രീയമായി സദ്യ കേമമാകുകയുള്ളൂവെന്നാണ് പറച്ചില്‍.

സദ്യ ഒരുക്കുന്നതു മുതൽ വിളമ്പുന്നതിന് വരെ പ്രത്യേക രീതിയും ചിട്ടകളുമുണ്ട്.

ഓണസദ്യയിലെ ചിട്ടകൾ

കന്നിമൂലയില്‍ വിളക്കു കൊളുത്തി ചന്ദനത്തിരി കത്തിച്ച് അതിനു മുമ്പില്‍ തൂശനിലയിട്ട് ഗണപതിയ്ക്കും മഹാബലിയ്ക്കുമാണ് ആദ്യം സദ്യ വിളമ്പുന്നത്. ചിലയിടത്ത് ഇത് പിതൃക്കളെ സങ്കല്പ്പിച്ചാണെന്നും വിശ്വാസമുണ്ട്. എന്തായാലും അവര്‍ക്ക് വിളമ്പിക്കഴിഞ്ഞേ കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ഓണസ്സദ്യ കഴിയ്ക്കൂ.

സദ്യ തൂശനിലയിലാണ് വിളമ്പുന്നത്. ഇല ഇടുമ്പോള്‍ അഗ്രഭാഗം (തലഭാ​ഗം) ഇരിക്കുന്ന ആളുടെ ഇടത് വശത്തും മുറിച്ച ഭാഗം വലത് ഭാഗത്തും വരണം. കറികളുടെ രുചിയും എണ്ണവും പ്രാദേശിക അടിസ്ഥാനത്തിൽ മാറ്റങ്ങൾ ഉണ്ടാവുമെങ്കിലും വിളമ്പുന്ന രീതി ഏകദേശം ഒരുപോലെയാണ്. പണ്ട് രാശിക്രമത്തില്‍ ഇത് പറയുമായിരുന്നു. ഇലയുടെ ഇടത് വശത്ത് നിന്നും മീനം - മേടം രാശി മുതല്‍ വലത്തോട്ട് വിഭവങ്ങള്‍ വിളമ്പണമെന്നാണ് പറയുക. തൊടുകറികള്‍ മീനം രാശിയിലും തോരന്‍, അവിയല്‍, ഓലന്‍ തുടങ്ങിയവ മേടം രാശിയിലും ഇലയില്‍ വിളമ്പണമത്രെ.

ഉപ്പേരി ഇടത്തേ അറ്റത്ത്

എന്തായാലും കായ ഉപ്പേരി, ശര്‍ക്കര വരട്ടി എന്നിവ ഇലയുടെ ഇടത്തേ മൂലയില്‍ താഴെ വിളമ്പും. തെക്ക് ചിലയിടങ്ങളില്‍ കപ്പ വറുത്തതും എള്ളുണ്ടയും അരിയുണ്ടയും ഉണ്ടാകും. സദ്യയുടെ ക്രമത്തിൽ ഉപ്പ് കഴിഞ്ഞാൽ എത്തുന്ന വിഭവമാണ് ഉപ്പേരി. കായ വറുത്തത്, ചേമ്പു വറുത്തത്, ശർക്കര ഉപ്പേരി ഇതൊക്കെയാണ് ഉപ്പേരി വെറൈറ്റികൾ. തെക്ക് ചിലയിടങ്ങളില്‍ കപ്പ വറുത്തതും എള്ളുണ്ടയും അരിയുണ്ടയും ഉണ്ടാകും.

ഓണാട്ടുകര ഭാഗങ്ങളില്‍ കളിയടയ്ക്കയും ഇതോടൊപ്പം വിളമ്പും. പപ്പടവും ഇവിടെത്തന്നെയാണ് നൽകുക. ഇതോടൊപ്പം ഇടത്തും വലത്തും പഴം വെയ്ക്കുന്നവരും ഉണ്ട്. പഴുത്ത ഞാലിപ്പൂവനാണ് തെക്ക് പ്രിയം. ഇടത്തേമൂലയില്‍ മുകളിലായി ഇഞ്ചി പുളിയും അച്ചാറുകളും വിളമ്പും. തുടര്‍ന്ന് കിച്ചടി, പച്ചടി, അവിയല്‍, തോരന്‍, കൂട്ടുകറി, എരിശ്ശേരി, ഓലന്‍ എന്നിവയും വിളമ്പുന്നു.

കാളൻ വലത്തേ അറ്റത്ത്

കാളന്‍ വലത്തേയറ്റത്താണ് വിളമ്പുക. കറിയെല്ലാം വിളമ്പിയാല്‍ പിന്നെ ചോറ് വിളമ്പാം. ഇലയുടെ താഴെത്തെ ഭാഗം മദ്ധ്യത്ത് ആദ്യം ചോറ് വിളമ്പും. ചോറിന്റെ വലത്തെ പകുതിയില്‍ പരിപ്പും നെയ്യും വിളമ്പും. പപ്പടം കൂടി പൊടിച്ച് ആദ്യം ഈ ഭാഗമാണ് കഴിക്കുക. അതിനു ശേഷം കറികള്‍ കൂട്ടി സദ്യ കഴിക്കാന്‍ സാമ്പാര്‍ വിളമ്പുകയായി. സാമ്പാര്‍ കഴിഞ്ഞാല്‍ പുളിശ്ശേരി എന്നാണ് പതിവ്.

കാളന്‍ മാത്രമാണെങ്കില്‍ ഏറ്റവും അവസാനം അല്പം ചോറുകൂട്ടി കഴിക്കും. സാമ്പാര്‍ കഴിഞ്ഞാല്‍ വീണ്ടും അല്പം ചോറ്, പിന്നെ മോര്, രസം ഇങ്ങനെയാണ്. ചിലയിടങ്ങളില്‍ സാമ്പാര്‍ കഴിഞ്ഞാല്‍ പ്രഥമന്‍ നൽകും. പരിപ്പ് കഴിഞ്ഞാല്‍ കാളനും സാമ്പാറും ഒരുമിച്ച് വിളമ്പുന്ന രീതിയുമുണ്ട്. ചോറ് കഴിഞ്ഞ് പായസം. അടപ്പായസമാണ് ആദ്യം. തെക്കന്‍ കേരളത്തില്‍ അടപ്പായസം പഴമുടച്ചാണ് കഴിക്കുക.

പായസം കഴിഞ്ഞാൻ മോരും രസവും

അട കഴിഞ്ഞാല്‍ പാല്‍പ്പായസമോ സേമിയപ്പായസമോ പാലടയോ ഒക്കെ ആകാം. മധ്യകേരളത്തില്‍ സദ്യയ്ക്ക് പാലട പ്രധാനമാണ്. പാല്‍പ്പായസവും പരിപ്പ് പായസവുമൊക്കെ ക്രമം തെറ്റിയും വരാം. പായസം കഴിഞ്ഞ് മോരും രസവും അല്പം ചോറു വാങ്ങി കഴിക്കുന്ന രീതിയുമുണ്ട്. തെക്ക് പാലടയ്ക്കും പാല്‍പ്പായസത്തിനും സേമിയയ്ക്കും ബോളിയോ കുഞ്ചാലഡുവെന്ന ലഡ്ഡു പൊടിയോ പായസത്തിനൊപ്പം വിളമ്പും. ഇലയില്‍ അല്പം ഉപ്പും ശര്‍ക്കരയും വിളമ്പുന്ന പതിവുമുണ്ട്. മികച്ച രീതിയില്‍ വിളമ്പിയാല്‍ സദ്യയൂണും ഗംഭീരമാകും. ഓണമുണ്ട വയറേ ചൂളോം പാടിക്കെട എന്നാണ് പഴഞ്ചൊല്ല്.

News Now

Summary

Onam Sadhya; Servering Onasadhya method

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates