വിൽപ്പനയ്ക്കായി സൂക്ഷിച്ച ലഹരിമരുന്നും പണവും കണ്ടെടുത്തു

Koppam MDMA Seizure
Koppam MDMA Seizure
Last Updated :13 October 2026, 3:36 pm IST
Guest Author :Damodaran K

News Now

പാലക്കാട്: കുളപ്പുള്ളിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടിയതിന് പിന്നാലെ നടത്തിയ തുടരന്വേഷണത്തിൽ കൊപ്പത്തെ വീട്ടിൽനിന്ന് 17.8 ഗ്രാം എംഡിഎംഎയും അഞ്ച് ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊപ്പം മുളയങ്കാവ് റോഡിലെ ചോലക്കൽ വീട്ടിൽ നബീൽ റഹ്മാൻ (25) അറസ്റ്റിലായി.

തിങ്കളാഴ്ച വൈകിട്ട് ഏഴോടെ കുളപ്പുള്ളി കെഎസ്ഇബി ഓഫീസിന് സമീപത്തുനിന്നാണ് ഷൊർണൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് രണ്ട് യുവാക്കളെ പിടികൂടിയത്. ഷൊർണൂർ ഗണേശഗിരി ഷാ മൻസിലിൽ ഷബീർ (40), ഒറ്റപ്പാലം പൂളക്കുണ്ട് കൊരട്ടിയിൽ ഷാനിഫ് (31) എന്നിവരിൽ നിന്നാണ് നാല് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് ലഭിച്ചത്.

തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ ഇവർക്ക് എംഡിഎംഎ എത്തിച്ചുനൽകിയത് നബീൽ റഹ്മാനാണെന്ന വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൊപ്പം പൊലീസ് ഇയാളുടെ മുളയങ്കാവ് റോഡിൽ പെട്രോൾ പമ്പിന് സമീപത്തെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 17.8 ഗ്രാം എംഡിഎംഎയും അഞ്ച് ലക്ഷം രൂപയും കണ്ടെടുത്തത്.

വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഈ ലഹരിമരുന്നെന്നാണ് പൊലീസ് കണ്ടെത്തിയത്. നബീൽ റഹ്മാൻ നേരത്തെയും ലഹരിമരുന്ന് കേസിൽ പിടിയിലായിട്ടുണ്ടെന്നും ഒറ്റപ്പാലത്ത് രജിസ്റ്റർ ചെയ്ത മറ്റൊരു എൻഡിപിഎസ് കേസിലും ഷബീറും ഷാനിഫും പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കി. കുളപ്പുള്ളിയിൽ പിടിയിലായ ഷബീറിന്റെയും ഷാനിഫിന്റെയും അറസ്റ്റ് രേഖപ്പെടുത്തി ഷൊർണൂർ സ്റ്റേഷനിലെത്തിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Summary

Following the detention of two youths with MDMA at Kulappully by Shoranur police and DANSAF, a follow-up raid at a residence in Koppam led to the seizure of 17.8 grams of MDMA along with five lakh rupees

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates