കണ്ണാറ ഗവേഷണ കേന്ദ്രത്തിൽ നിന്ന് വാങ്ങിയ ചങ്ങാലിക്കോടൻ ടിഷ്യുകൾച്ചർ വാഴകൾ ചതിച്ചു: 81-കാരനായ കർഷകന് പതിനായിരങ്ങളുടെ നഷ്ടം

ഓണവിപണി ലക്ഷ്യമിട്ട് നട്ട 550 തൈകൾ വളർന്നപ്പോൾ ചങ്ങാലിക്കോടൻ അല്ലെന്ന് തിരിച്ചറിഞ്ഞു; പത്തുമാസമായിട്ടും വാഴകൾ കുലച്ചില്ല

Kannara Banana Research Station Farmer Cheated
Kannara Banana Research Station Farmer Cheated
Edited by :Damodaran K
Last Updated :4 ഒക്ടോബർ 2026, 11:58 am IST

തൃശ്ശൂർ: സർക്കാർ ഗവേഷണ സ്ഥാപനത്തെ വിശ്വസിച്ച് ടിഷ്യുകൾച്ചർ വാഴത്തൈകൾ വാങ്ങി കൃഷിയിറക്കിയ വയോധികനായ കർഷകന് പതിനായിരക്കണക്കിന് രൂപയുടെ വൻ സാമ്പത്തിക നഷ്ടം. ആറാം മാസം കൊണ്ട് സമൃദ്ധമായി കുലയ്ക്കുമെന്ന് ഉറപ്പുനൽകിയ വാഴകൾ പത്തു മാസം പിന്നിട്ടിട്ടും കുലയ്ക്കാത്തതിനെത്തുടർന്ന് അധ്വാനവും കൃഷിച്ചെലവും പാഴായി വഴിയാധാരമായിരിക്കുകയാണ് പുത്തൂർ ചെമ്പംകണ്ടം സ്വദേശിയായ കല്ലൂക്കാരൻ കൊച്ചാപ്പൻ (81) എന്ന പരമ്പരാഗത കർഷകൻ.

കഴിഞ്ഞ ഓണക്കാലത്ത് ഉയർന്ന വിലയ്ക്ക് വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രശസ്തമായ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഭൗമസൂചികാ പദവിയുള്ള ചങ്ങാലിക്കോടൻ ഇനത്തിൽപ്പെട്ട 550 ടിഷ്യുകൾച്ചർ വാഴത്തൈകൾ കൊച്ചാപ്പൻ വാങ്ങിയത്. ഗവേഷണ കേന്ദ്രത്തിൽ അത്യാധുനിക ലാബ് സൗകര്യങ്ങളോടെ ഉത്പാദിപ്പിച്ച മേൽത്തരം ചങ്ങാലിക്കോടൻ തൈകളാണെന്ന് പറഞ്ഞായിരുന്നു ഉദ്യോഗസ്ഥർ ഇവ നൽകിയത്. എന്നാൽ വാഴകൾ വളർന്നു വലുതായപ്പോഴാണ് ഇവയൊന്നും ചങ്ങാലിക്കോടൻ ഇനമല്ലെന്നും ഏത് ഇനമാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത അത്യപൂർവ്വ സങ്കരയിനങ്ങളാണെന്നും വ്യക്തമായത്.

പത്തുമാസം പൂർത്തിയായിട്ടും കൃഷിയിടത്തിലെ ഭൂരിഭാഗം വാഴകളും ഇതുവരെ കുലച്ചിട്ടില്ല. വിരലിലെണ്ണാവുന്ന ചിലത് കുലച്ചെങ്കിലും അവയ്ക്ക് യാതൊരുവിധ തൂക്കമോ ചങ്ങാലിക്കോടന്റെ വലിപ്പമോ ഗുണമോ ഇല്ല. ദിവസം 1200 രൂപ കൂലി നൽകി തൊഴിലാളികളെ വെച്ചാണ് പ്രായത്തിന്റെ അവശതകൾ വകവെക്കാതെ ഈ വയോധികൻ കൃഷി പരിപാലിച്ചത്. കഴിഞ്ഞ ഒൻപത് മാസത്തോളമായി വളം, കീടനാശിനികൾ, വേനൽക്കാലത്തെ ജലസേചനം, കാട്ടുപന്നികളുടെ ശല്യം തടയാനുള്ള വേലി നിർമ്മാണം, കാടുവെട്ടൽ എന്നിവയ്ക്കായി പതിനായിരക്കണക്കിന് രൂപയാണ് ഇദ്ദേഹത്തിന് ചെലവായത്.

വലിയ സ്വപ്നങ്ങളോടെ ജീവിതത്തിലെ സമ്പാദ്യമെല്ലാം മുടക്കി ചെയ്ത കൃഷി വൻ പരാജയമായതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കൊച്ചാപ്പൻ. "പ്രായത്തിന്റെ അവശതകൾക്കിടയിലും പ്രതീക്ഷയോടെ ചെയ്ത അധ്വാനമാണ് വെള്ളത്തിലായത്. ഇനി മറ്റൊരു കർഷകനും സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ഇത്തരമൊരു ചതിയും ദുരനുഭവവും ഉണ്ടാകരുത്," അദ്ദേഹം വിതുമ്പലോടെ പറയുന്നു. സർക്കാർ സ്ഥാപനത്തിൽ നിന്ന് വ്യാജമോ നിലവാരമില്ലാത്തതോ ആയ തൈകൾ വിതരണം ചെയ്തതിനെക്കുറിച്ച് കൃഷി വകുപ്പ് ഉന്നതതല അന്വേഷണം നടത്തണമെന്നും, തനിക്കുണ്ടായ വൻ സാമ്പത്തിക നഷ്ടത്തിന് കൃഷി വകുപ്പ് അടിയന്തരമായി അർഹമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇദ്ദേഹത്തിൻറെ ആവശ്യം.

News Now

Summary

An 81-year-old traditional farmer, Kochappan Kallukkaran from Chembamkandam in Puthur, Thrissur, has incurred crippling financial losses after being allegedly misled by the state-run Banana Research Station in Kannara

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates