
'അമ്മേ' എന്ന് വിളിച്ചവൻ കൊലയാളിയായപ്പോൾ

News Now
തൃശൂർ: കാറളം അരിമ്പുള്ളി വീട്ടിൽ വിജയന്റെയും സാവിത്രിയുടെയും കുടുംബത്തിന് മുഹമ്മദ് റാഫി വെറുമൊരു വാടകക്കാരൻ മാത്രമായിരുന്നില്ല. ഒരേ മുറ്റത്ത്, മകന്റെ വീട്ടിൽ ദിവസവും കണ്ടുമുട്ടുന്നയാൾ. പലപ്പോഴും വീട്ടുവിശേഷങ്ങൾ പങ്കുവെച്ചും ഒപ്പം കൂടിയും ആ കുടുംബത്തിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ ഒരാൾ. അതുകൊണ്ടുതന്നെ, ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭർത്താവിനെയും കൂട്ടി മകനും മരുമകളും ആശുപത്രിയിലേക്ക് പോയ ശേഷം സ്വീകരണമുറിയിലെ സോഫയിൽ വിശ്രമിക്കുകയായിരുന്ന സാവിത്രിയുടെ മുന്നിലേക്ക് റാഫി നടന്നെത്തുമ്പോൾ ആ അമ്മയുടെ മനസ്സിൽ ഭയത്തിന്റെ ഒരു കണിക പോലും തോന്നിയിട്ടുണ്ടാകില്ല.
"പണയം വെയ്ക്കാൻ കുറച്ച് സ്വർണം വേണം..."—സാമ്പത്തിക ബാധ്യതകളിൽ നട്ടംതിരിഞ്ഞ റാഫി ആ ആവശ്യം മുന്നോട്ടുവെച്ചപ്പോൾ ഒരു വാത്സല്യത്തോടെയോ സ്വാഭാവികമായ ശാസനയോടെയോ ആകാം സാവിത്രി അത് നിരസിച്ചത്. എന്നാൽ, 'ഇല്ല' എന്ന ഒരൊറ്റ വാക്ക് ആ നിമിഷം പുറത്തുകൊണ്ടുവന്നത് ഒപ്പമിരുന്ന മനുഷ്യന്റെ ഉള്ളിലെ കൊടുംക്രൂരതയായിരുന്നു.
സാരിത്തുമ്പ് കൊലക്കയറായപ്പോൾ
സ്വന്തം മകനെപ്പോലെ അടുത്ത് പെരുമാറിയിരുന്ന ഒരാൾ പെട്ടെന്ന് ആക്രമണകാരിയായി മാറുമ്പോൾ പ്രതിരോധിക്കാൻ പോലുമാകാത്ത നിസ്സഹായതയിലായിരുന്നു ആ 79-കാരി. നിലവിളിക്കാൻ പോലും സമയം കൊടുക്കാതെ, അവർ ഉടുത്തിരുന്ന സാരിയുടെ തുമ്പുതന്നെ അവരുടെ കഴുത്തിൽ കുരുങ്ങി.
കൊലപാതകം കഴിഞ്ഞ് ശരീരത്തിൽ നിന്ന് വളകളും മാലയും ഊരിയെടുക്കുമ്പോഴും, പൊലീസിനെ വഴിതെറ്റിക്കാൻ അടുക്കളയിലെ പാത്രത്തിൽ നിന്ന് മുളകുപൊടി വാരിയെടുത്ത് ആ അമ്മയുടെ മൃതദേഹത്തിന് ചുറ്റും വിതറുമ്പോഴും തികഞ്ഞ ആസൂത്രണത്തോടെയാണ് റാഫി നീങ്ങിയത്. പിന്നീട് ഒന്നുമറിയാത്തവനെപ്പോലെ അവിടുന്ന് മുങ്ങുകയും ചെയ്തു.
കാറളത്തെ നടുക്കുന്നത് ഈ ചതിയാണ്
നാട്ടിൽ പുറത്തുനിന്നുള്ള മോഷ്ടാക്കളോ അപരിചിതരായ അക്രമികളോ എത്തുമ്പോൾ ആളുകൾ ജാഗ്രത പുലർത്താറുണ്ട്. എന്നാൽ സ്വന്തം വീട്ടുപടിക്കൽ, ഒരു വിളിപ്പുറത്ത് കാവലായി ഉണ്ടെന്ന് കരുതിയ ഒരാൾ തന്നെ കൊലയാളിയായി മാറുമ്പോൾ ഏത് വാതിലുകളാണ് മനുഷ്യർക്ക് സുരക്ഷിതമായി അടച്ചിടാൻ കഴിയുക?
കവർച്ചാ സംഘങ്ങളെയും നാടോടികളെയും കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയ പോലീസ് ഒടുവിൽ വീടിന്റെ പടിവാതിലിലേക്ക് തന്നെ തിരിച്ചെത്തിയപ്പോൾ കാറളത്തുകാർ ഞെട്ടിയത് കൊലപാതകത്തിന്റെ ക്രൂരതയോർത്ത് മാത്രമല്ല; ചേർത്തുപിടിച്ച മനുഷ്യരിലെല്ലാം ഇത്തരമൊരു ചതിയുടെ മുഖം ഒളിഞ്ഞിരിപ്പുണ്ടോ എന്ന ഭയപ്പെടുത്തുന്ന ചിന്തയോർത്തുകൂടിയാണ്. സാവിത്രിക്ക് നഷ്ടപ്പെട്ടത് ജീവനും സ്വർണവുമാണെങ്കിൽ, ആ നാടിന് നഷ്ടപ്പെട്ടത് മനുഷ്യർ തമ്മിലുള്ള വിശ്വാസത്തിന്റെ അവസാനത്തെ ഇഴകൂടിയാണ്.
Summary
Beyond the cold forensic details of the Karalam murder case lies a chilling tale of misplaced trust and cruel betrayal, where 79-year-old Savitri was brutally killed by Muhammad Rafi—a tenant living right in her son's house who was treated like family
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


