'ഒരു ദിവസം വരും, ഒരു പരിപാടി വരും, നിർത്തി പോകാതെ ഇരുന്നാൽ മതി'; നിവിന്റെ വാക്കുകൾ പങ്കുവച്ച് അജു

സിനിമകൾ തുടർച്ചയായി പരാജയപ്പെടുമ്പോഴും ഉള്ളിൽ അറിയാമായിരുന്നു, ഒരു ദിവസം വരും.

Aju, Nivin
Aju, Nivinഫെയ്സ്ബുക്ക്
Edited by :Hima Prakash
Last Updated :15 സെപ്റ്റംബർ 2026, 10:28 am IST

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടൻമാരാണ് നിവിൻ പോളിയും അജു വർ​ഗീസും. നിവിൻ പോളിയെ പ്രശംസിച്ചു കൊണ്ട് അജു വർ​ഗീസ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 'സർവ്വം മായ'യുടെ വിജയത്തിന് പിന്നാലെ നിവിൻ ജീവിതത്തെയും കരിയറിനെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് അജു വർഗീസ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്.

'സർവ്വം മായ' ടീമിനൊപ്പമുള്ള ഫോട്ടോയുടെ ക്യാപ്ഷനായാണ് അജു നിവിന്റെ വാക്കുകൾ കുറിച്ചത്. നിവിൻ പോളി, സംവിധായകൻ അഖിൽ സത്യൻ, നായിക റിയ ഷിബു, ഗായിക ശക്തി ശ്രീ ഗോപാലൻ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് അജു പങ്കുവെച്ചത്. സൈമ അവാർഡ്‌സിൽ വിവിധ വിഭാഗങ്ങളിലായി ഇവർക്ക് പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു.

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സമ്മാനിക്കപ്പെട്ട ശിൽപങ്ങളുമായി അഞ്ചുപേരും ഒന്നിച്ചുനിൽക്കുന്നതാണ് ചിത്രം. നിവിൻ നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഇൻഡസ്ട്രി ഹിറ്റായതിന് ശേഷമാണ് അജുവിന്റെ പോസ്റ്റ്. "ഒരു ദിവസം വരും, ഒരു പരിപാടി വരും, ഒരു ഫ്രൈഡേ വരും. നിർത്തിപ്പോകാതെ ഇരുന്നാൽ മതി".- എന്നാണ് അജു വർഗീസ് ക്യാപ്ഷൻ ആയി പങ്കുവെച്ചത്.

നേരത്തെ സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടപ്പോൾ അക്കാലത്തെ എങ്ങനെ മറി കടന്നു എന്ന ചോദ്യത്തോട് മറുപടി പറയവേയാണ് നിവിൻ ഈ വാക്കുകൾ പറഞ്ഞത്. "സിനിമകൾ തുടർച്ചയായി പരാജയപ്പെടുമ്പോഴും ഉള്ളിൽ അറിയാമായിരുന്നു, ഒരു ദിവസം വരും. ഒരു പരിപാടി വരും.

ഒരു ഫ്രൈഡേ വരും. നമ്മൾ നിർത്തിപ്പോകാതിരുന്നാൽ മതി. കൃത്യസമയത്ത് ദൈവം അതു കൊണ്ടു തരും".- എന്നായിരുന്നു നിവിന്റെ വാക്കുകൾ. "നാണം കെട്ടാണെങ്കിലും ശ്രമിച്ചുകൊണ്ടിരിക്കുക. ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല. തോറ്റാലും ശ്രമിക്കുക".- അഭിമുഖത്തിൽ നിവിന് ഒപ്പമുണ്ടായിരുന്ന അജു കൂട്ടിച്ചേർത്തു.

News Now

Summary

Aju Varghese praises his best friend Nivin Pauly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates