സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ യാത്ര, ആർപിഎഫ് ഉദ്യോ​ഗസ്ഥർക്ക് നേരെ ആക്രമണം; നടി അറസ്റ്റിൽ

ഓഗസ്റ്റ് 12-നാണ് സംഭവം നടന്നത്.

Antarra Banerjee
Antarra Banerjeeഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :16 ഓഗസ്റ്റ് 2026, 7:01 pm IST

മുംബൈ: ആരവല്ലി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മോഡലും നടിയുമായ അന്തര ബാനർജി അറസ്റ്റിൽ. മുംബൈയിൽ നിന്ന് സൂറത്തിലേക്കുള്ള യാത്രയ്ക്കിടെ സ്ലീപ്പർ ക്ലാസ് ടിക്കറ്റുമായി എസി കോച്ചിൽ യാത്ര ചെയ്ത അന്തരയോട് സീറ്റ് ഒഴിയാൻ യാത്രക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

ഓഗസ്റ്റ് 12-നാണ് സംഭവം നടന്നത്. സീറ്റിൽ നിന്ന് മാറാൻ നടി വിസമ്മതിച്ചതിനെത്തുടർന്ന് ടിക്കറ്റ് കളക്ടർ ഹരികേഷ് ത്രിപാഠി ആർപിഎഫിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ യാമിനികാന്ത് മിശ്ര, കോൺസ്റ്റബിൾ രാജേഷ് കുമാർ എന്നിവരോട് നടി തർക്കിച്ചു.

ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും തുടർന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ ശേഷം കയ്യിലുണ്ടായിരുന്ന റേസർ ബ്ലേഡ് ഉപയോഗിച്ച് എഎസ്ഐ യാമിനികാന്തിനെ ആക്രമിച്ചു. ആക്രമണത്തിൽ യാമിനികാന്തിന് പരിക്കേറ്റു. ഇതിനിടെ അന്തര സ്വയം പരിക്കേൽപ്പിക്കുകയും ഉദ്യോഗസ്ഥന്റെ യൂണിഫോമും മൊബൈൽ ഫോണും നശിപ്പിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.

ട്രെയിൻ ചില്ല് തകർത്ത് നടി രക്ഷപ്പെടാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഒരു മണിക്കൂറോളം നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ ദഹാനു റെയിൽവേ സ്റ്റേഷനിൽ നടിയെ ട്രെയിനിൽ നിന്ന് ഇറക്കി ഗവൺമെന്റ് റെയിൽവേ പൊലീസിന് (ജിആർപി) കൈമാറുകയായിരുന്നു.

എസി കോച്ച് ടിക്കറ്റ് ലഭിക്കാത്തതിലുള്ള മനോവിഷമത്തിലാണ് ആക്രമണം നടത്തിയതെന്ന് നടി മൊഴി നൽകിയതായി ബോറിവലി ജിആർപി ഇൻസ്പെക്ടർ കുന്ദ ഗവാഡെ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത ശേഷം മാത്രമാണ് ഇവർ ശാന്തയായതെന്നും ബന്ധുക്കളെയോ അഭിഭാഷകനെയോ ബന്ധപ്പെടാൻ നടി തയ്യാറായില്ലെന്നും പൊലീസ് പറഞ്ഞു.

News Now

Summary

Antara Banerjee was arrested following an altercation with RPF personnel aboard the Aravali Express.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics