ലൂസിഫർ ഹിന്ദി റീമേക്ക് ചെയ്യുകയാണെങ്കിൽ ഖുറേഷി അബ്രാം ആരായിരിക്കും?; ബോളിവുഡിലെ പ്രിയ നടനെക്കുറിച്ച് പൃഥ്വിരാജ്

മാർച്ച് 27 നാണ് ചിത്രത്തിന്റെ റിലീസ്.

Prithviraj
പൃഥ്വിരാജ്Source by : ഫെയ്സ്ബുക്ക്
Last Updated :6 February 2025, 10:09 am IST

എംപുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോ സിനിമ പ്രേക്ഷകനും. ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. എംപുരാൻ പ്രീ റിലീസ് പ്രൊമോഷന്റെ തിരക്കുകളിലാണിപ്പോൾ സംവിധായകനും നടനുമായ പൃഥ്വിരാജ്. മാർച്ച് 27 നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ ടീസറും തരം​ഗമായി മാറിയിരുന്നു.

അടുത്തിടെ നടന്ന ഒരഭിമുഖത്തിൽ ലൂസിഫർ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്താൽ നായക വേഷത്തിൽ ആരെയായിരിക്കും പരി​ഗണിക്കുക എന്ന ചോദ്യത്തിന് പൃഥ്വിരാജ് പറഞ്ഞ മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട ബോളിവുഡ് നടൻ അമിതാഭ് ബച്ചനാണെങ്കിലും ലൂസിഫറിന്റെ ഹിന്ദി റീമേക്കിൽ ഷാരുഖ് ഖാനെ ആയിരിക്കും നായകനായി താൻ തിരഞ്ഞെടുക്കുക എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

2019 ല്‍ ലൂസിഫര്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും എന്നാല്‍ കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷത്തിനിടെ സിനിമ വ്യവസായത്തില്‍ സംഭവിച്ച മാറ്റമാണ് ഇപ്പോള്‍ എംപുരാന്‍ അഞ്ച് ഭാഷകളില്‍ എടുക്കാന്‍ കാരണമായതെന്നും പൃഥ്വിരാജ് പറഞ്ഞു. 200 കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള ചിത്രമാണോ ലൂസിഫര്‍ എന്ന അവതാരകയുടെ ചോദ്യത്തിന് തനിക്കറിയില്ല എന്നായിരുന്നു പൃഥ്വിയുടെ മറുപടി.

ചിത്രമൊരു വലിയ ഹിറ്റ് ആയിരുന്നു എന്നറിയാം എന്നു മാത്രമാണ് താരം പറഞ്ഞത്. ടീസര്‍ കണ്ടിട്ടുള്ള ആളുകളുടെ പ്രതീക്ഷയെല്ലാം മാര്‍ച്ച് 27-ാം തീയതി സഫലമാകട്ടെയെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ഡയറക്ട് ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള നടന്‍ മോഹന്‍ലാലാണെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി.

''ഞാന്‍ മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തു. അതിൽ എനിക്കേറ്റവും കംഫര്‍ട്ട് ആയിരുന്ന നടന്‍ മോഹന്‍ലാല്‍ ആണ്. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം. മാത്രമല്ല നമ്മുടെ അടുത്ത് കാര്യങ്ങള്‍ കൃത്യമായി ചോദിച്ചറിഞ്ഞ് ചെയ്യുകയും ചെയ്യും. ഞാന്‍ സംവിധാനം ചെയ്ത സിനിമകളിലെ താരങ്ങളില്‍ ഏറ്റവും എളുപ്പത്തില്‍ ഡയറക്ട് ചെയ്യാന്‍ സാധിച്ചത് അദ്ദേഹത്തെയാണ്.'' - പൃഥ്വിരാജ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now