'രണ്ടാമത്തെ കീമോയ്ക്ക് ശേഷം അഞ്ച് ദിവസം ഐസിയുവിൽ, തിരിച്ചു വരും എന്നാണ് ഉറച്ച വിശ്വാസം'; ആരോ​ഗ്യാവസ്ഥ പറഞ്ഞ് രേണു

യൂട്യൂബ് ചാനൽ വരുമാനമല്ലാതെ വേറെ മാർ​ഗം എനിക്കില്ല.

Renu Sudhi
Renu Sudhiവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :17 ജൂലൈ 2026, 12:11 pm IST

അതികഠിനമായ വേദനയിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുമ്പോൾ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ താരം രേണു സുധി. രണ്ടാമത്തെ കീമോ തെറാപ്പിക്ക് ശേഷം അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നുവെന്നും രേണു പറയുന്നു.

രേണുവിന് കാൻസർ ഇല്ലെന്നും മരുന്ന് ബില്ലുകൾ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നുമുള്ള ചില വ്ലോഗർമാരുടെ പ്രചാരണങ്ങൾക്കെതിരെ രേണുവിന്റെ സഹോദരിയും മറുപടി പറഞ്ഞു. യൂട്യൂബിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് രേണുവും സഹോദരിയും ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

"ഞാൻ അഞ്ച് ദിവസമായിട്ട് ഹോസ്പിറ്റലിൽ ഐസിയുവിൽ ആയിരുന്നു. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് ഇപ്പോള്‍. അവരുടെ പ്രാർഥന കൊണ്ട് ഞാനിപ്പോൾ ഡിസ്ചാർജ് ആയി. രണ്ടാമത്തെ കീമോയാണ് കഴിഞ്ഞത്. കഴിഞ്ഞ പ്രാവശ്യത്തെ കീമോയെക്കാളും ശരീരത്തിന് ഭയങ്കര അസ്വസ്ഥതയും വേദനയും ക്ഷീണവും ഛര്‍ദ്ദിയും ഒക്കെ ആയിരുന്നു.

എനിക്കുവേണ്ടി ഒരുപാട് പേര്‍ പ്രാർഥിക്കുന്നുണ്ടെന്നും നേർച്ച കഴിക്കുന്നുണ്ടെന്നും‌ എനിക്കറിയാം. അവരോടൊക്കെ ഏത് രീതിയിലാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. ഇനിയിപ്പോൾ എനിക്ക് നാല് കീമോ കൂടെ ഉണ്ട്. ആ നാല് കീമോയും കഴിഞ്ഞ് ഞാൻ മടങ്ങി വരുമെന്നാണ് എന്റെ വിശ്വാസം. അപ്പോള്‍ നിങ്ങളുടെ പ്രാർഥന വേണം. അതുപോലെ നാല് കീമോ കഴിഞ്ഞ് ഓപ്പറേഷൻ ഉണ്ട്.

അപ്പോഴും എല്ലാവരും പ്രാർഥിക്കണം. ഞാൻ ഇവിടെ കിടന്നുകൊണ്ട് ആലോചിച്ചിരുന്നു, മാരക അസുഖമൊന്നും വരരുതേയെന്ന് കുഞ്ഞിലെ മുതലേ ഞാന്‍ പ്രാര്‍ഥിക്കുമായിരുന്നു. എന്നിട്ടും ഇങ്ങനെ വന്നല്ലോയെന്ന് ഞാന്‍ ദൈവത്തോട് ചോദിച്ചു. അപ്പോള്‍ ദൈവം എനിക്ക് മറുപടി തന്നത്, ഇങ്ങനെ ഒരു അസുഖം വന്നതുകൊണ്ട് നാളെ നിനക്ക് പറയാൻ പറ്റും അസുഖത്തിൽ നിന്ന് ദൈവം വിടുവിച്ചു, ഒരുപാട് പേരുടെ സ്നേഹവും പ്രാർഥനയും സത്യമാണെന്ന് തെളിഞ്ഞുവെന്ന്.

ഞാൻ തിരിച്ചു വരും എന്നാണ് എന്റെ ഉറച്ച വിശ്വാസം. ഞാൻ ഓടി നടന്ന ഒരു വ്യക്തിയാണെന്ന് നിങ്ങൾക്കൊക്കെ അറിയാം. അത് ചിലരെ അലോസരപ്പെടുത്തിയിരുന്നു. ചിലര്‍ എനിക്ക് എതിരെ നിന്നു. പക്ഷേ എന്‍റെ കുടുംബവും ബന്ധുക്കളും കുറേ നല്ല ആളുകളും എനിക്കൊപ്പം നിന്നു, പഴയ കാര്യങ്ങള്‍ ചിന്തിച്ചിട്ട് കാര്യമില്ല. അതികൊണ്ട് വിഷമമേ വരൂ.

കഴിഞ്ഞത് കഴിഞ്ഞു. നാളെ ഇതില്‍ നിന്ന് രക്ഷപെട്ടിട്ട് എന്തൊക്കെയാണ് ചെയ്യാനുള്ളത്, എന്‍റെ കുഞ്ഞിന്, വീട്ടുകാര്‍ക്ക്, എന്നെ സ്നേഹിച്ചവര്‍ക്ക് വേണ്ടിയൊക്കെ എന്താണ് ചെയ്യാനുള്ളത് എന്നൊക്കെ ആലോചിച്ചു. അപ്പോള്‍ മനസിന് കുറച്ച് ധൈര്യം കിട്ടി. ഒരു കാര്യത്തിലേ ഉള്ളൂ വിഷമം. റിതപ്പന്‍റെ കാര്യത്തിൽ. പക്ഷേ അവൻ എന്നെക്കാളും മനസ്സിന് കട്ടിയുള്ള ഒരു കുട്ടിയാണെന്ന് എനിക്ക് മനസ്സിലായി.

ആശുപത്രിയില്‍ വന്നാല്‍ എന്നെ കാണാന്‍ പറ്റില്ലെന്ന് അവനറിയാം. വീട്ടുകാര്‍ വിളിച്ചപ്പോള്‍ വരുന്നില്ലെന്ന് അവന്‍ പറഞ്ഞു, വന്നാലും അമ്മയെ കാണാന്‍ പറ്റില്ലല്ലോ എന്ന്. അവന് ആരുമില്ലെന്ന് വിഷമിക്കേണ്ടി വന്നിട്ടില്ല. കാരണം എന്റെ ചേച്ചിയുടെ മക്കളാണെങ്കിലും അവനെ സ്വന്തം സഹോദരനെ പോലെയാണ് നോക്കുന്നത്.

മൂന്നു പേരും ഒരുപോലെയാണ് വളരുന്നത്. അങ്ങനെ അവനെ ചേർത്തു പിടിക്കുന്നത് കാണുമ്പോൾ എനിക്ക് വളരെ സന്തോഷമുണ്ട്. പിന്നെ മനസ് അധികം വിഷമിക്കരുതെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞു. ഫോൺ ഉപയോ​ഗിക്കരുതെന്ന് പറഞ്ഞതുകൊണ്ട് ഞാൻ ഫോൺ ഉപയോ​ഗിക്കുന്നില്ല. ഇതെന്റെ വരുമാന മാർ​ഗമാണ്. എനിക്ക് വേറെ വഴിയില്ല.

ഒരുപാട് പൈസ ആവശ്യമാണ്, എനിക്ക് തിരിച്ചു വരണമെങ്കിൽ. അപ്പോള്‍ എനിക്കിത് കൂടിയേ തീരൂ. യൂട്യൂബ് ചാനൽ വരുമാനമല്ലാതെ വേറെ മാർ​ഗം എനിക്കില്ല. അപ്പോൾ എന്നെ സ്നേഹിക്കുന്നവർ സബ്സ്ക്രൈബ് ചെയ്യുക ഈ ഒരു ചാനൽ. കഴിവതും എന്നെ അവഹേളിക്കുന്നവര്‍ പറയുന്ന പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി അത് വീണ്ടും ആസ്വദിക്കാതിരിക്കുക.

എന്നെപ്പോലുള്ള ഒരുപാട് രോഗികളുണ്ട്. ആ വിഷമം വന്നവര്‍ക്കേ മനസിലാകൂ. ആ വേദനകൾ മനസ്സിലാക്കി അവരോട് കുറച്ചെങ്കിലും കരുണ കാണിക്കാൻ ശ്രമിക്കുക".- രേണു പറഞ്ഞു. "കാൻസർ ഇല്ലെന്നും മരുന്നിന്റെ ബിൽ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നും ചില വ്ലോഗർമാർ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ സാഹചര്യം കൊണ്ടാണ് ആ ബിൽ പോലും സോഷ്യൽ മീഡിയയിൽ കാണിക്കേണ്ടി വന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഇൻ-ഹൗസ് ഡ്രഗ് ബാങ്കിൽ നിന്നാണ് ഞങ്ങൾ ഈ മരുന്ന് വാങ്ങുന്നത്. ഇതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ബില്ലിലുള്ള നമ്പറിലോ ഫാർമസിയിലോ വിളിച്ച് നേരിട്ട് അന്വേഷിക്കാവുന്നതേയുള്ളൂ. ഫാർമസിക്ക് ലൈസൻസ് കിട്ടിയ വർഷമാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

രോഗിയുടെ പേരും വിവരങ്ങളും കൃത്യമായി അതിലുണ്ട്. മരുന്നിന്റെ ഉയർന്ന വില പുറത്തറിഞ്ഞ് ആളുകൾ വിമർശിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് അതിന്റെ വില ഭാഗം മറച്ചുവെച്ചത്. അല്ലാതെ അതിൽ യാതൊരു കള്ളത്തരവുമില്ല".- രേണുവിന്റെ സഹോദരി പറഞ്ഞു.

News Now

Summary

Renu Sudhi share her health condition.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics