
'നെഞ്ചിൽ ഇടിത്തീ വീണപോലെ, അങ്ങയെ ഞങ്ങൾ വല്ലാതെ മിസ് ചെയ്യും'; നാനാ പടേക്കറിന്റെ വിയോഗത്തിൽ വിതുമ്പി സിനിമാ ലോകം
'ഒന്നും പറയാനാകാത്ത അവസ്ഥയാണ്; തീർത്തും തകർന്നു പോയിരിക്കുന്നു'.

ബോളിവുഡ് താരം നാനാ പടേക്കറിന്റെ വിയോഗത്തിൽ ഉള്ളുലഞ്ഞ് സിനിമാ ലോകം. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. പകരം വയ്ക്കാനില്ലാത്ത അസാധാരണ പ്രതിഭയെയാണ് നഷ്ടമായിരിക്കുന്നത് എന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരിക്കുന്നത്.
ഓരോ കഥാപാത്രത്തിലും വേറിട്ട തീവ്രതയും സത്യസന്ധതയും കൊണ്ടുവന്ന അപൂർവ നടനായിരുന്നു നാനാ പടേക്കറെന്നും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും നടൻ അക്ഷയ് കുമാർ പറഞ്ഞു. റിതേഷ് ദേശ്മുഖ് നാനാ പടേക്കറെ “താരതമ്യം ചെയ്യാനാകാത്ത നടൻ” എന്നാണ് വിശേഷിപ്പിച്ചത്.
സിനിമയ്ക്ക് പുറത്തും മനുഷ്യർക്കായി പ്രവർത്തിച്ച വ്യക്തിയായിരുന്നു നാനാ പടേക്കറെന്നും അദ്ദേഹത്തോടൊപ്പം ഒരു മറാത്തി ചിത്രത്തിൽ പ്രവർത്തിക്കണമെന്ന തന്റെ ആഗ്രഹം പൂർത്തിയാകാതെ പോയതിൽ ദുഃഖമുണ്ടെന്നും റിതേഷ് കുറിച്ചു. നാനാ പടേക്കറുമായുള്ള അടുത്ത ബന്ധം ഓർത്തെടുത്ത് നടൻ രവി കിഷനും അനുശോചനം രേഖപ്പെടുത്തി.
താരപദവിയിൽ നിന്ന് അകന്ന് ലാളിത്യവും സ്വാഭാവികതയും കാത്തുസൂക്ഷിച്ച കലാകാരനായിരുന്നു അദ്ദേഹമെന്ന് രവി കിഷൻ പറഞ്ഞു. പ്രകാശ് രാജും നാനാ പടേക്കറുമായുള്ള സംഭാഷണങ്ങളും ഒരുമിച്ചുള്ള നിമിഷങ്ങളും ഓർത്തെടുത്ത് അനുശോചിച്ചു.
കിയാര അദ്വാനി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വെള്ള ഹൃദയത്തിന്റെ ചിത്രം പങ്കുവച്ചു. "ഇത്രയും ദുഃഖകരമായ വാർത്ത; നാനാ പടേക്കർ ഇത്രയും ആരോഗ്യവാനായി തോന്നിയിരുന്നു"- എന്നായിരുന്നു കങ്കണ റണാവത്തിന്റെ പ്രതികരണം. രാം ഗോപാൽ വർമയും നാനാ പടേക്കറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടൽ രേഖപ്പെടുത്തി.
"ഇത് അവിശ്വസനീയവും ഞെട്ടിപ്പിക്കുന്നതുമാണ്. എനിക്ക് ഒന്നും പറയാനാവാത്ത അവസ്ഥയാണ്; തീർത്തും തകർന്നു പോയിരിക്കുന്നു. അസാമാന്യനായ ഒരു നടൻ. സ്വന്തമായ കാഴ്ചപ്പാടുകളും വിശ്വാസങ്ങളുമുള്ള വ്യക്തി. ലളിതമായ മനസ്സിനുടമ.
അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യവും ബഹുമതിയുമായി കരുതുന്നു. നാനാ ഭാഹു, അങ്ങയെ ഞങ്ങൾ വല്ലാതെ മിസ് ചെയ്യും".- നടി ഖുശ്ബു കുറിച്ചു. "ഇന്ത്യൻ സിനിമയിലെ മികച്ച അഭിനേതാക്കളിൽ ഒരാളായ നാനാ പടേക്കർ സാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

Nana Patekar
അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രത്തിലും വ്യക്തമായ ആത്മാർത്ഥതയും തീവ്രതയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ഒരിക്കലും വെറും അഭിനയമായി തോന്നിയിരുന്നില്ല; മറിച്ച്, സ്ക്രീനിൽ ജീവിതം നേരിട്ട് തെളിയുന്നതു പോലെയാണ് അനുഭവപ്പെട്ടത്. ഇന്ത്യൻ സിനിമയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ തലമുറകളോളം ഓർമ്മിക്കപ്പെടും; അദ്ദേഹം ഒരു അതുല്യ കലാകാരനായിരുന്നു.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി".- ജൂനിയർ എൻടിആർ കുറിച്ചു. 1951 ജനുവരി 1ന് മഹാരാഷ്ട്രയിൽ ജനിച്ച നാനാ പടേക്കർ 1978ൽ പുറത്തിറങ്ങിയ ഗമൻ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
നാനാ പടേക്കർ പറഞ്ഞ വാക്കുകൾ ഓർത്തെടുത്താണ് നടൻ സുരേഷ് ഗോപി അനുശോചനം രേഖപ്പെടുത്തിയത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ, അഭിനയകലയിൽ ഇത്രയേറെ ആകർഷകവും സമാനതകളില്ലാത്തതുമായ ആധിപത്യം പുലർത്തിയവർ ചുരുക്കമാണ്. അദ്ദേഹത്തിന്റെ അഭിനയശൈലി പരിശോധിക്കുമ്പോൾ, ആ പ്രതിഭയുടെ ആഴവും കരുത്തും കണ്ട് ആരും വിസ്മയിച്ചു പോകുമെന്നും സുരേഷ് ഗോപി കുറിച്ചു.
"ഞാനൊരു നടനാണ്, താരമല്ല. താരങ്ങൾ ഒരു നിമിഷം മാത്രം തിളങ്ങുന്നവരാണ്, എന്നാൽ നടന്മാർ എന്നെന്നും നിലനിൽക്കുന്നു."- നാനാ പടേക്കർ. അഭിനയകലയിലെ അനിഷേധ്യനായ ചക്രവർത്തിയും, ഇന്ത്യൻ സിനിമയിലെ അതികായനുമായ ഒരു ഇതിഹാസതാരത്തോട് രാജ്യം വിടചൊല്ലുന്നു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ, അഭിനയകലയിൽ ഇത്രയേറെ ആകർഷകവും സമാനതകളില്ലാത്തതുമായ ആധിപത്യം പുലർത്തിയവർ ചുരുക്കമാണ്.
അദ്ദേഹത്തിന്റെ അഭിനയശൈലി പരിശോധിക്കുമ്പോൾ, ആ പ്രതിഭയുടെ ആഴവും കരുത്തും കണ്ട് ആരും വിസ്മയിച്ചുപോകും. 'പരിന്ദ', 'ക്രാന്തിവീർ', 'തിരംഗ' എന്നീ ചിത്രങ്ങളിലെ തീവ്രവും അവിസ്മരണീയവുമായ പ്രകടനങ്ങൾ മുതൽ 'നത്സമ്രാട്ട്' എന്ന ചിത്രത്തിലെ വികാരനിർഭരമായ അഭിനയവിസ്മയം വരെ- അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയും വിട്ടുവീഴ്ചയില്ലാത്ത സാന്നിധ്യവും തലമുറകളിൽ മായാത്ത മുദ്രയാണ് പതിപ്പിച്ചത്.
വെള്ളിത്തിരയ്ക്കപ്പുറം, അഗാധമായ സഹാനുഭൂതിയും സാധാരണക്കാരുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളും നിറഞ്ഞ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 'നാം ഫൗണ്ടേഷൻ' (Naam Foundation) വഴി മഹാരാഷ്ട്രയിലെ വരൾച്ച ബാധിതരായ കർഷകരെയും ഗ്രാമീണ ജനതയെയും സഹായിക്കാൻ അദ്ദേഹം തന്റെ ഹൃദയവും വിഭവങ്ങളും സമർപ്പിച്ചു; അങ്ങനെ ദശലക്ഷക്കണക്കിന് ആളുകളുടെ സ്നേഹാദരങ്ങൾ അദ്ദേഹം നേടിയെടുത്തു. ഇതിഹാസത്തിന് ആദരാഞ്ജലികൾ"- സുരേഷ് ഗോപിയുടെ വാക്കുകൾ.
'പരിന്ദ', 'വാജൂദ്', 'യശ്വന്ത്', 'അബ് തക് ഛപ്പൻ', 'അപഹരൺ', 'ടാക്സി നമ്പർ 9211', 'രാജ്‌നീതി', 'വെൽക്കം', 'വെൽക്കം ബാക്ക്', 'ഹൗസ്ഫുൾ 5' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ശ്രദ്ധ നേടി. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 2013ൽ പത്മശ്രീയും നേടിയ അദ്ദേഹം മറാത്തി ചിത്രം നട്സമ്രാട്ടിലെ അഭിനയത്തിന് 2016ൽ മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരവും സ്വന്തമാക്കി.
WHAT TO READ NEXT

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു
News Now
Summary
Several celebrities paid tribute to the legendary actor Nana Patekar.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഇന്നലെ വരെ ഈ മീമുകളൊക്കെ കണ്ട് പൊട്ടിച്ചിരിച്ചു, പക്ഷേ ഇന്ന്...; ജെൻ സിയുടെ സ്വന്തം 'മീം സ്റ്റാർ'

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്





