'അവള്‍ മാനസിക വിഷമത്തിലാണ്, ജീവനൊടുക്കാന്‍ സാധ്യത'; നാട്ടില്‍ നിന്ന് സന്ദേശം, യുവതിക്ക് രക്ഷകരായി ദുബൈ പൊലീസ്

Dubai Police traced and rescued a woman in critical condition after an emergency call from Australia
Dubai Police traced and rescued a woman
Edited by :Amal Joy
Last Updated :5 സെപ്റ്റംബർ 2026, 6:01 pm IST

ദുബൈ: നാട്ടില്‍ നിന്നും വന്ന ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജീവന്‍ അപകടത്തിലായ യുവതിക്ക് രക്ഷകരായി ദുബൈ പൊലീസ്. അത്യാസന്ന നിലയിലായിരുന്ന യുവതിയെ കണ്ടെത്തി ജീവന്‍ രക്ഷിച്ചിക്കുകയായിരുന്നു അധികൃതര്‍. യുവതിയുടെ പുതിയ ചിത്രവും കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ നല്‍കിയ വിവരങ്ങളുമാണ് തിരച്ചിലില്‍ നിര്‍ണായകമായത്.

ഫോണ്‍ വഴി ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതും തുടക്കത്തില്‍ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയാതിരുന്നതും പ്രതിസന്ധികളെ അതിജീവിച്ചാണ് പൊലീസ് സംഘം യുവതിയുടെ ജീവന്‍ രക്ഷിച്ചത്. ദുബൈ പൊലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ ലഫ്റ്റനന്റ് ജനറല്‍ ധാഹി ഖല്‍ഫാന്‍ തമീം രചിച്ച 'ഓപ്പറേഷന്‍സ് മാനേജ്മെന്റ്: ദി ആര്‍ട്ട് ഓഫ് ക്രിട്ടിക്കല്‍ നോട്ടിഫിക്കേഷന്‍സ്, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ്' എന്ന പുസ്തകത്തിലാണ് ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്.

ദുബൈയില്‍ താമസിക്കുന്ന ഓസ്‌ട്രേലിയന്‍ സ്വദേശിക്കാണ് നാട്ടിലുള്ള ഫോണ്‍ കോള്‍ എത്തുന്നത്. ദുബൈയിലുള്ള തന്റെ ബന്ധുവായ യുവതി കടുത്ത മാനസിക വിഷമത്തിലാണെന്നും ജീവനൊടുക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു സന്ദേശം. മുന്‍പും രണ്ടു തവണ ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നതിനാല്‍ ബന്ധുക്കള്‍ ആശങ്കയിലായിരുന്നു. തുടര്‍ന്ന് വിവരം ഉടന്‍ തന്നെ ദുബൈ പൊലീസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ അറിയിച്ചു. പൊലീസ് യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസും ആംബുലന്‍സും സ്ഥലത്തെത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് ഓസ്‌ട്രേലിയയിലുള്ള യുവതിയുടെ പിതാവുമായി ബന്ധപ്പെട്ടു. ഒരു വര്‍ഷം മുന്‍പ് യുവതി താമസിച്ചിരുന്ന മേല്‍വിലാസം അദ്ദേഹം നല്‍കിയെങ്കിലും അന്വേഷണത്തില്‍ അവിടെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ യുവതിയുടെ സമീപകാലത്തെ ചിത്രങ്ങള്‍ മെസേജിങ് ആപ്പ് വഴി പിതാവില്‍ നിന്ന് വാങ്ങി.

ഈ ചിത്രങ്ങള്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുന്ന പൊലീസ് പട്രോളിങ് സംഘങ്ങള്‍ക്കും മേല്‍നോട്ട ഉദ്യോഗസ്ഥര്‍ക്കും കൈമാറി. ഈ ചിത്രങ്ങള്‍ കണ്ട കെട്ടിടത്തിലെ സെക്യൂരിറ്റി ഗാര്‍ഡാണ് യുവതി താമസിക്കുന്ന ഫ്‌ലാറ്റ് പൊലീസിന് കാണിച്ചുകൊടുത്തത്. വലിയ അളവില്‍ ഗുളികകള്‍ കഴിച്ച് അപകടനിലയിലായിരുന്ന യുവതിയെ ഉടന്‍ തന്നെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഡോക്ടര്‍മാരുടെ പരിചരണത്തില്‍ ജീവന്‍ രക്ഷിക്കുകയുമായിരുന്നു.

News Now

Summary

Dubai Police traced and rescued a woman in critical condition after an emergency call from Australia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates