ഗാര്‍ഹിക തൊഴിലാളി നിയമനത്തില്‍ കര്‍ശന നിര്‍ദേശങ്ങള്‍; അവകാശങ്ങള്‍ നിഷേധിച്ചാല്‍ 1 കോടി ദിര്‍ഹം വരെ പിഴ

Strict guidelines on hiring domestic workers in the UAE
UAE
Edited by :Amal Joy
Last Updated :6 സെപ്റ്റംബർ 2026, 7:28 pm IST

ദുബൈ: യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ നിയമനത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കി അധികൃതര്‍. നിയമം ലംഘിച്ചാല്‍ ഒരു കോടി ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും മാനവശേഷി സ്വദേശിവല്‍ക്കരണം മന്ത്രാലയം മുന്നറിയിപ്പില്‍ പറയുന്നു. ഗാര്‍ഹിക തൊഴിലാളിക്ക് ആഴ്ചയില്‍ ഒരുദിവസം ശമ്പളത്തോടെയുള്ള അവധിക്ക് അവകാശമുണ്ട്. അവധി ദിവസം ജോലി ചെയ്യിച്ചാല്‍ പകരം മറ്റൊരു വിശ്രമദിനമോ ഒരു ദിവസത്തെ വേതനത്തിന് തുല്യമായ തുകയോ നല്‍കണം. കുറഞ്ഞത് 12 മണിക്കൂര്‍ വിശ്രമവും ഉറപ്പാക്കണമെന്നുമാണ് നിയമം.

വീട്ടുജോലിക്കാര്‍ മുതല്‍ വ്യക്തിഗത ഡ്രൈവര്‍, ഹോം നഴ്‌സ്, സ്വകാര്യ അധ്യാപകന്‍ വരെ 19 തൊഴില്‍ വിഭാഗങ്ങളാണ് ഗാര്‍ഹിക തൊഴിലാളികളുടെ പട്ടികയിലുള്ളത്. വീട്ടുജോലിക്കാര്‍, നാവികന്‍, സെക്യൂരിറ്റി ഗാര്‍ഡ്, ഇടയന്‍, കുതിരയോട്ടക്കാരന്‍, മൃഗപരിശീലകന്‍, ഫാല്‍ക്കണ്‍ പരിപാലകന്‍, വീട്ടുജോലിക്കാരന്‍, ഹൗസ് കീപ്പര്‍, പാചകക്കാരന്‍, നാനി/ബേബിസിറ്റര്‍, കൃഷിക്കാരന്‍, തോട്ടക്കാരന്‍, വ്യക്തിഗത പരിശീലകന്‍,സ്വകാര്യ ട്യൂട്ടര്‍, ഹോം നഴ്‌സ്, പഴ്‌സനേല്‍ അസിസ്റ്റന്റ്, സ്വകാര്യ കാര്‍ഷിക എന്‍ജിനീയര്‍, വ്യക്തിഗത/കുടുംബ ഡ്രൈവര്‍ എന്നിവരാണ് ഈ വിഭാഗത്തിലുള്ളത്.

എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ ജോലി, വര്‍ഷത്തില്‍ 30 ദിവസത്തെ ശമ്പളത്തോടെയുള്ള വാര്‍ഷിക അവധി. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ ജോലി ചെയ്തവര്‍ക്ക് ഓരോ മാസത്തിനും രണ്ട് ദിവസത്തെ അവധിയാണ് ലഭിക്കുക. രണ്ടുവര്‍ഷത്തിലൊരിക്കല്‍ സ്വന്തം രാജ്യത്തേക്കുള്ള മടങ്ങാനുള്ള ടിക്കറ്റിനും തൊഴിലാളിക്ക് അവകാശമുണ്ട്.

കൂടാതെ ശമ്പളം നിശ്ചിത തീയതിക്ക് ശേഷം 10 ദിവസത്തിനകം നല്‍കണം. അനുയോജ്യമായ താമസവും ഭക്ഷണവും ചികിത്സാ സൗകര്യവും ഉറപ്പാക്കേണ്ടതും തൊഴിലുടമയുടെ ബാധ്യതയാണ്. വര്‍ഷത്തില്‍ പരമാവധി 30 ദിവസത്തെ രോഗാവധിയും ലഭിക്കും. ഇതില്‍ ആദ്യ 15 ദിവസം പൂര്‍ണ ശമ്പളത്തോടെയും അടുത്ത 15 ദിവസം പകുതി ശമ്പളത്തോടെയും.

റിക്രൂട്ടിങ് ഏജന്‍സികള്‍ തൊഴിലാളിയെ യുഎഇയിലേക്ക് കൊണ്ടുവരുന്നതിന് മുന്‍പ് ജോലി, ശമ്പളം, ജോലിയുടെ സ്വഭാവം എന്നിവ വ്യക്തമായി അറിയിക്കണം. പ്രവേശനത്തിന് 30 ദിവസത്തിനകം ആവശ്യമായ മെഡിക്കല്‍ പരിശോധനകളും നടത്തണം. തൊഴിലാളിയുടെ പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങി വ്യക്തിഗത രേഖകള്‍ സ്വയം കൈവശം വയ്ക്കാനുള്ള അവകാശവും നിയമം ഉറപ്പാക്കുന്നു. തൊഴിലാളിയെ മറ്റൊരാളുടെ വീട്ടില്‍ ജോലിക്ക് നിര്‍ബന്ധിക്കരുത്. ജോലിക്കിടെയുണ്ടാകുന്ന അപകടത്തിനോ തൊഴില്‍ജന്യ രോഗത്തിനോ ആവശ്യമായ നഷ്ടപരിഹാരം നല്‍കണം. തൊഴിലാളിയുടെ സമ്മതമില്ലാതെ കരാറിലുള്ള ജോലിയില്‍നിന്ന് വ്യത്യസ്തമായ ജോലി ചെയ്യിക്കാനും പാടില്ല.

ജോലി ലഭ്യമാക്കുന്നതിന്റെ പേരില്‍ തൊഴിലാളിയില്‍നിന്ന് നേരിട്ടോ ഇടനിലക്കാരിലൂടെയോ കമ്മിഷനോ മറ്റു ചെലവുകളോ ഈടാക്കാന്‍ പാടില്ല. നിയമവിരുദ്ധമായി റിക്രൂട്ട്‌മെന്റ്, 18 വയസ്സിന് താഴെയുള്ളവരെ നിയമിക്കല്‍, തൊഴിലാളിയെ ജോലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കല്‍, അനധികൃത ജോലി ഏര്‍പ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 20,000 മുതല്‍ 2 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കാം. ലൈസന്‍സില്ലാതെ തൊഴിലാളി റിക്രൂട്ടിങ് അല്ലെങ്കില്‍ താല്‍ക്കാലിക നിയമനം നടത്തിയാല്‍ 2 ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കാം.നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 5,000 മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താം. തൊഴിലാളികളുടെ എണ്ണമനുസരിച്ച് പിഴ വര്‍ധിക്കുകയും പരമാവധി 1 കോടി ദിര്‍ഹം വരെ ഈടാക്കുകയും ചെയ്യും. ഒരു വര്‍ഷത്തിനകം നിയമലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാക്കും.

News Now

Summary

Strict guidelines on hiring domestic workers in the UAE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics