ഐഎസ്ആര്‍ഒ പരാജയങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും: യാഥാര്‍ത്ഥ്യമെന്ത്?

റോക്കറ്റുകളുടെ നിര്‍മ്മാണ ചുമതല പൂര്‍ണമായും സ്വകാര്യ മേഖലയ്ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കൈമാറാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുകയാണ്

isro
Beyond Conspiracy Theories: What’s Really Happening at ISROAI Generated Image
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :24 ഓഗസ്റ്റ് 2026, 7:44 pm IST

കൊച്ചി: ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒ നേരിടുന്ന റോക്കറ്റ് പരാജയങ്ങളും സാങ്കേതിക വെല്ലുവിളികളും പലപ്പോഴും യാഥാര്‍ത്ഥ്യങ്ങളെ മറികടന്ന് വലിയ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് വഴിവെക്കാറുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകനും ദേശീയ പുരസ്‌കാര ജേതാവുമായ ഹരികൃഷ്ണന്‍ എസ്. അടുത്തിടെയുണ്ടായ പിഎസ്എല്‍വി ദൗത്യങ്ങളുടെ പരാജയങ്ങളും, അതിനെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെയും പശ്ചാത്തലത്തില്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പിഎസ്എല്‍വി ദൗത്യങ്ങളുടെ പരാജയങ്ങളും, അതിനെത്തുടര്‍ന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സന്ദര്‍ശിച്ചതും വിവിധ ചര്‍ച്ചകള്‍ക്ക് കാരണമായി. എന്നാല്‍ ഇത്തരം നിര്‍ണായക ദൗത്യങ്ങളില്‍ അട്ടിമറി സാധ്യതയുണ്ടോ എന്ന് പരിശോധിക്കുന്നത് ഒരു സുരക്ഷാ ഉപദേഷ്ടാവിന്റെ സ്വാഭാവിക ചുമതല മാത്രമാണെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ഐഎസ്ആര്‍ഒയില്‍ നിന്ന് നിരവധി മുതിര്‍ന്ന ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും രാജിവെച്ച് പുറത്തുപോകുന്നത് വലിയ നഷ്ടത്തിന് ഇടയാക്കുന്നുണ്ട്. എന്നാല്‍ ഇത് ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനയല്ല, മറിച്ച് ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖല അതിവേഗം വികസിക്കുന്നതും ഉയര്‍ന്ന വേതനവും പുതിയ അവസരങ്ങളും ലഭ്യമാകുന്നതുമാണ് ഇതിന് കാരണം. സ്വന്തം വിജയത്തിന്റെ ഇരയായി ഐഎസ്ആര്‍ഒ മാറുന്ന കാഴ്ചയാണിത്.

ഭാവിയില്‍ റോക്കറ്റുകളുടെ നിര്‍മ്മാണ ചുമതല പൂര്‍ണമായും സ്വകാര്യ മേഖലയ്ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കൈമാറാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി എസ്എസ്എല്‍വിയുടെ സാങ്കേതികവിദ്യയും നിര്‍മ്മാണ അവകാശവും എച്ച്എഎല്ലിന് കൈമാറിക്കഴിഞ്ഞു. പിഎസ്എല്‍വി, എല്‍വിഎം3 റോക്കറ്റുകളും ഇതേ പാത പിന്തുടരും. ഐഎസ്ആര്‍ഒ ഇനി ഗവേഷണങ്ങളിലും നൂതന സാങ്കേതികവിദ്യകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുക.

സാങ്കേതികവിദ്യകളും നിര്‍മ്മാണ യൂണിറ്റുകളും കൈമാറുമ്പോള്‍ പതിറ്റാണ്ടുകളായി ഐഎസ്ആര്‍ഒ ആര്‍ജിച്ചെടുത്ത അറിവുകളും സ്ഥാപനത്തിന്റെ ഓര്‍മ്മകളും ചോര്‍ന്നുപോകാതെ സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ശാസ്ത്രജ്ഞര്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നത് തടയാന്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നത് കൊണ്ട് മാത്രം സ്ഥാപനത്തിലെ പ്രതിബദ്ധത നിലനിര്‍ത്താനാവില്ല. റോക്കറ്റ് പരാജയങ്ങളും ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്കും ഉള്‍പ്പെടെ വലിയ ഘടനാപരമായ മാറ്റത്തിലൂടെയാണ് ഐഎസ്ആര്‍ഒ കടന്നുപോകുന്നത് എന്നതിന്റെ തെളിവുകളാണെന്നും, ഗൂഢാലോചനാ കഥകള്‍ മെനയുന്നതിനേക്കാള്‍ പ്രധാനം ഈ മാറ്റങ്ങളെ കൃത്യമായി ഉള്‍ക്കൊള്ളുകയാണ് വേണ്ടതെന്നും ലേഖനം ഓര്‍മ്മിപ്പിക്കുന്നു.

News Now

Summary

Beyond Conspiracy Theories: What’s Really Happening at ISRO?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates