റേഞ്ച് റോവർ, വിദേശ യാത്രാ വിവാദങ്ങൾ: ലീ​ഗ് മന്ത്രിമാർക്കും എംഎൽഎമാർക്കും 'പെരുമാറ്റച്ചട്ടം'

ഒക്ടോബർ മൂന്നിന് കോഴിക്കോട്ട് മുസ്‌ലിം ലീഗ് യോഗം

Muslim League leaders
Muslim League
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :25 സെപ്റ്റംബർ 2026, 9:25 pm IST

മലപ്പുറം: മന്ത്രി കെഎം ഷാജി സ്വകാര്യ വ്യക്തിയുടെ ആഡംബര റേഞ്ച് റോവർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും പെരുമാറ്റത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന നിർദേശവുമായി മുസ്‌ലിം ലീഗ് നേതൃത്വം. ജനപ്രതിനിധികൾക്കായി പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഒക്ടോബർ മൂന്നിന് കോഴിക്കോട്ട് യോഗം ചേരും.

സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ യോഗത്തിന് നേതൃത്വം നൽകും. സ്വകാര്യ വ്യക്തികളിൽ നിന്ന് വാഹനമുൾപ്പെടെയുള്ള സേവനങ്ങളും സൗകര്യങ്ങളും സ്വീകരിക്കുമ്പോൾ കൂടുതൽ രാഷ്ട്രീയ ജാഗ്രത പുലർത്തണമെന്ന നിർദേശം മന്ത്രിമാർക്കും എംഎൽഎമാർക്കും നൽകും.

കെഎം ഷാജി സ്വകാര്യ വാഹനമായ റേഞ്ച് റോവർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദം ഒഴിവാക്കാമായിരുന്നു എന്നാണ് ലീഗ് നേതൃത്വത്തിലെ വിലയിരുത്തൽ. സംഭവം പാർട്ടി മന്ത്രിയുടെ പെരുമാറ്റത്തെ ചോദ്യം ചെയ്യാൻ പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധം നൽകിയതിലും നേതൃത്വത്തിന് അതൃപ്തിയുണ്ട്.

മന്ത്രി കൂടുതൽ ജാഗ്രതയോടെ ഇടപെടേണ്ടതായിരുന്നു. റേഞ്ച് റോവർ വിവാദം ഒഴിവാക്കാമായിരുന്നു. വിഷയത്തിൽ മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റും പ്രശ്നമായി. ഇത്തരം നടപടികൾ പാർട്ടിയുടെ നിലപാടിന് യോജിക്കുന്നതല്ല- മുതിർന്ന ലീഗ് നേതാവ് പറഞ്ഞു.

ഒക്ടോബർ മൂന്നിലെ യോഗത്തിൽ സാദിഖലി തങ്ങൾ മന്ത്രിമാരെയും എംഎൽഎമാരെയും നേരിട്ട് ഉപദേശിക്കുമെന്നാണ് വിവരം. പാർട്ടിയുടെയും പൊതുപദവിയുടെയും അന്തസ്സിന് യോജിച്ച രീതിയിൽ ജനപ്രതിനിധികൾ പെരുമാറണമെന്ന നിർദേശം നൽകും.

റേഞ്ച് റോവർ വിവാദത്തിൽ മാത്രം ഒതുങ്ങുന്നതല്ല നേതൃത്വത്തിന്റെ ആശങ്ക. യുഡിഎഫ് മന്ത്രിമാരുടെ വിദേശ യാത്രകളും പൊതുസമൂഹത്തിൽ ഉണ്ടാകുന്ന പ്രതികരണവും ലീഗ് നേതൃത്വം പരിശോധിക്കുന്നുണ്ട്. റേഞ്ച് റോവർ വിവാദത്തിന് പിന്നാലെയുള്ള ഷാജിയുടെ വിദേശ യാത്രയും വിഷയത്തെ കൂടുതൽ ശ്രദ്ധേയമാക്കിയെന്നാണ് നേതൃത്വത്തിലെ വിലയിരുത്തൽ.

നിരവധി യുഡിഎഫ് മന്ത്രിമാർ ഇക്കാലയളവിൽ വിദേശ യാത്ര നടത്തുന്നുണ്ട്. ഇത് പൊതുജനങ്ങൾക്കിടയിൽ മോശം പ്രതീതി സൃഷ്ടിക്കുന്നുണ്ട്. റേഞ്ച് റോവർ വിവാദത്തിന് പിന്നാലെയുള്ള ഷാജിയുടെ വിദേശ യാത്രയും വിഷയം കൂടുതൽ ഗൗരവമുള്ളതാക്കി. ഇത്തരം കാര്യങ്ങളെ പൊതുജനം എങ്ങനെയാണ് കാണുന്നതെന്ന് പാർട്ടി നേതൃത്വത്തിന് വ്യക്തമായി അറിയാം. എംഎൽഎമാരുടെയും മന്ത്രിമാരുടെയും ഭാഗത്തുനിന്നുണ്ടാകുന്ന അഹങ്കാരം, ധൂർത്ത്, ആഡംബര ജീവിതം തുടങ്ങിയ ആരോപണങ്ങൾ പാർട്ടിയുടെ രാഷ്ട്രീയ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയുണ്ട്,” ലീ​ഗ് നേതാവ് വ്യക്തമാക്കി.

ഒക്ടോബർ മൂന്നിലെ യോഗത്തെ ഔദ്യോഗികമായി മന്ത്രിമാർക്കും എംഎൽഎമാർക്കുമുള്ള പരിശീലന പരിപാടിയായാണ് ലീഗ് നേതൃത്വം അവതരിപ്പിക്കുന്നത്. പാർട്ടിയുടെ നിയമസഭാ സംഘത്തിൽ ഉണ്ടായ തലമുറ മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് പരിശീലനത്തിന് പ്രാധാന്യം നൽകുന്നത്.

പികെ കുഞ്ഞാലിക്കുട്ടി ഒഴികെയുള്ള ലീഗ് മന്ത്രിമാരെല്ലാം ആദ്യമായി മന്ത്രി സ്ഥാനം വഹിക്കുന്നവരാണ്. ഭൂരിഭാഗം എംഎൽഎമാരും നിയമസഭയിലെ പുതുമുഖങ്ങളാണ്. ഈ സാഹചര്യത്തിൽ ജനപ്രതിനിധികൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടവും രാഷ്ട്രീയ ജാഗ്രതയും യോഗത്തിൽ നേതൃത്വം വ്യക്തമാക്കും.

News Now

Summary

Range Rover & Foreign Visit Row: Muslim League Leadership Demands Caution, Sets Up Meeting for Code of Conduct

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates