നിപ: സമ്പര്‍ക്ക പട്ടികയില്‍ 158 പേര്‍, രണ്ടുപേര്‍ക്ക് രോഗലക്ഷണം

നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍  158 പേര്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST
Edited by :migrator

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍  158 പേര്‍. അതില്‍ 20 പേര്‍ പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരാണ്. സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടുപേര്‍ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലാണ്.

നിപ മരണം സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലം ചൂലൂരിലും പരിസരത്തും വിവിധ മെഡിക്കല്‍ സംഘങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി വൈകിയാണ് മരിച്ച കുട്ടിയുടെ പരിശോധന ഫലം പുറത്തു വന്നത്.അപ്പോള്‍ത്തന്നെ വേണ്ട എല്ലാ കരുതലും എടുത്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

നിപ രോഗം മറ്റുള്ളവര്‍ക്ക് വരാത്ത രീതിയില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഉറവിടം കണ്ടെത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. 

കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗസാധ്യത കൂടുതല്‍ ഉള്ളതിനാല്‍ ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കും. സമ്പര്‍ക്കം പുലര്‍ത്തിയവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടി കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടി സഞ്ചരിച്ച സ്ഥലങ്ങള്‍ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. നിപ ബാധിച്ച് മരിച്ച കുട്ടിക്ക് കോവിഡ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മരിച്ച പന്ത്രണ്ട് വയസുകാരന് സാധാരണ പനി മാത്രമാണ് ഉണ്ടായിരുന്നത്. മുക്കത്തെ രണ്ട് ആശുപത്രികളില്‍ ആദ്യം കാണിച്ചെങ്കിലും രോഗം ഗുരുതരമായതോടെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ഛര്‍ദ്ദിയും മസ്തിഷ്‌ക ജ്വരവും ഉണ്ടായി. മെഡിക്കല്‍ കോളജില്‍ കുറച്ച് ദിവസം അഡ്മിറ്റായിരുന്നു. രോഗത്തിന് ശമനമുണ്ടായില്ല. അതിനിടെ വെന്റിലേറ്റര്‍ ലഭ്യതയുടെ പ്രശ്നം നേരിട്ടതോടെയാണ് ഒന്നാം തിയതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

ആറ് ദിവസത്തോളം കുട്ടി അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കുട്ടിക്ക് 104 ഡിഗ്രി പനി ഉണ്ടായിരുന്നു.ഡോക്ടര്‍മാര്‍ക്ക് രോഗത്തെ കുറിച്ച് സംശയം തോന്നിയതോടെയാണ് സാമ്പിളുകള്‍ പരിശോധനയക്കയച്ചത്. ശനിയാഴ്ച രാത്രി നിപയാണെന്ന് സ്ഥിരീകരിക്കുന്ന ഫലം പുണെയിലെ ലാബില്‍ നിന്ന് ലഭിച്ചു. ഇതിനിടെ, കുട്ടിയുടെ നില അതീവ ഗുരുതരമായി, ഞായറാഴ്ച പുലര്‍ച്ചെ 4.45 ഓടേയാണ് കുട്ടി മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now