പിറന്നാൾ സമ്മാനവുമായി അച്ഛനും അമ്മയും കാത്തിരുന്നു, പക്ഷേ വിഷ്ണു എത്തിയത് ചേതനയറ്റ് 

ബൈക്കുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന വിഷ്ണുവിനു വേണ്ടി അച്ഛൻ വിജയനും അമ്മ സതിയും ചേർന്നു പുതിയ ബൈക്ക് ബുക്ക് ചെയ്തിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:40 am IST
Edited by :migrator

കൊച്ചി; മകന് ഏറ്റവും പ്രിയപ്പെട്ട പിറന്നാൾ സമ്മാനവും വാങ്ങിവച്ച് കാത്തിരിക്കുകയായിരുന്നു വിജയനും സതിയും. പക്ഷേ അത് വാങ്ങാൻ നിൽക്കാതെ പിറന്നാളിന് ദിവസങ്ങൾക്ക് മുൻപ് വിഷ്ണു വിടവാങ്ങി. മേലരീക്കര കണ്ണുകുഴയ്ക്കൽ വിഷ്ണു (21) ആണ് ബൈക്ക് അപകടത്തിൽ മരിച്ചത്. 

ബൈക്കുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന വിഷ്ണുവിനു വേണ്ടി അച്ഛൻ വിജയനും അമ്മ സതിയും ചേർന്നു പുതിയ ബൈക്ക് ബുക്ക് ചെയ്തിരുന്നു. നാളെ ജന്മദിനത്തിൽ ബൈക്കിന്റെ താക്കോൽ കൈമാറാൻ ഒരുങ്ങിയിരിക്കുകയായിരുന്നു. സർപ്രൈസ് നൽകി മകന്റെ പിറന്നാൾ ആഘോഷമാക്കാനിരുന്ന അച്ഛനും അമ്മയ്ക്കും അരികിലേക്കാണ് ചേതനയറ്റ് വിഷ്ണു എത്തിയത്. നാളെയായിരുന്നു വിഷ്ണുവിന്റെ പിറന്നാൾ. 

പിറവം കാരൂർക്കാവ് –വെട്ടിക്കൽ റോഡിൽ പാമ്പ്ര പുളിഞ്ചോട് ജംക്‌ഷനു സമീപം ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞായിരുന്നു വിഷ്ണുവിന്റെ മരണം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു പോകുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു അപകടം. റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ നിയന്ത്രണം വിട്ടു ബൈക്ക് മറിയുകയായിരുന്നുവെന്നു കരുതുന്നു. സാരമായി പരുക്കേറ്റ വിഷ്ണുവിനെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ചെത്തുതൊഴിലാളിയാണ് അച്ഛൻ വിജയൻ. അമ്മ സതി വനിതകളുടെ കൂട്ടായ്മകളിലെ അംഗമായി കൃഷിയിൽ സജീവം. സഹോദരി അയനയുടെ വിവാഹം ഏതാനും ആഴ്ചകൾക്കു മുൻപായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now