മോഷ്ടിച്ച ബൈക്കിലെത്തി മലഞ്ചരക്കു കട കുത്തിത്തുറന്നു, അര ലക്ഷത്തിന്റെ അടയ്ക്ക കവര്‍ന്നു, സിസിടിവിയില്‍ കുടുങ്ങി--വിഡിയോ

ചാലക്കുടിയില്‍ നിന്നും മോഷ്ടിച്ച മോട്ടോര്‍ സൈക്കിളിലാണ് പ്രതികള്‍ മോഷണത്തിനെത്തിയത്

സിസിടിവി ദൃശ്യം
Last Updated :20 January 2024, 8:57 am IST

തൃശൂര്‍: മലഞ്ചരക്ക് കട കുത്തിത്തുറന്ന് അരലക്ഷം രൂപയുടെ അടയ്ക്ക മോഷ്ടിച്ച കേസിലെ പ്രതികളെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മതിലകം സ്വദേശി  അലിഅഷ്‌ക്കര്‍, ആലുവ  സ്വദേശി അല്‍ത്താഫ്  എന്നിവരാണ്  പിടിയിലായത്. 

ഈ മാസം ഒന്നിന് പുലര്‍ച്ചെയാണ് തളിക്കുളത്തെ  അടയ്ക്ക മൊത്ത വിതരണക്കട കുത്തിത്തുറന്ന് നൂറ്റിനാല്പത് കിലോ അടക്ക മോഷ്ടിച്ചത്. മോഷണ ദൃശ്യങ്ങള്‍ സമീപത്തെ പലചരക്ക് കടയില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 

ചാലക്കുടിയില്‍ നിന്നും മോഷ്ടിച്ച മോട്ടോര്‍ സൈക്കിളിലാണ് പ്രതികള്‍ മോഷണത്തിനെത്തിയത്. മോഷ്ടിച്ച അടക്കകള്‍ കോതപറമ്പ്, മൂത്തകുന്നം, പുത്തന്‍വേലിക്കര, അഷ്ടമിച്ചിറ എന്നിവിടങ്ങളിലെ വിവിധ കടകളിലായി പ്രതികള്‍ വിറ്റിരുന്നതായും പൊലീസ് കണ്ടെത്തി. ഇവയെല്ലാം പൊലീസ് പിടിച്ചെടുത്തു. 

ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വാടാനപ്പള്ളി ഇന്‍സ്‌പെക്ടര്‍ എസ്.ആര്‍.സനീഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
 

News Now