കാറിന്റെ പിറകില്‍ നിന്നാണ് തീ പടര്‍ന്നത്. കാരണം കണ്ടെത്താന്‍ പരിശോധന തുടരും. ഫോറന്‍സിക് സംഘത്തിന്റെ പരിശോധന തുടരുന്നു.

Pregnant woman dies after being burnt to death in car; Family says mystery, how did the car catch fire? Investigation
Pregnant woman dies after being burnt to death in carSource by : file
Last Updated :18 May 2026, 5:32 pm IST

News Now

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. വ്യാഴാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. കാറില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ സോന (27) മരിച്ചു. സംഭവത്തിന്റെ യഥാര്‍ഥ കാരണം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.

തീപിടിത്തത്തിന് കാരണം വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നതാണ് പ്രാഥമിക പരിശോധനയില്‍ ലഭിച്ച സൂചന. കാറിന്റെ വൈദ്യുത വയറിങ്ങിലോ ഇന്ധന ടാങ്കിലോ തകരാറുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്നും അന്വേഷണസംഘം അറിയിച്ചു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സോനയുടെ അമ്മാവന്‍ എ.കെ. സത്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുള്ള തീപിടിത്തമെങ്കില്‍ കാര്‍ ഇത്രയും വേഗത്തില്‍ പൂര്‍ണമായി കത്തിനശിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കാറിനുള്ളില്‍ അപകടകരമായ എന്തെങ്കിലും വസ്തു ഉണ്ടായിരുന്നിരിക്കാമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സോനയെ മുന്‍സീറ്റില്‍ ഇരുത്താതെ പിന്നിലിരുത്തിയതും സംശയം വര്‍ധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. രജിന്‍ ലാലിനെതിരെ സംശയമുണ്ടെന്നും പോലീസിനും വനിതാ കമ്മീഷനും പരാതി നല്‍കാനൊരുങ്ങുകയാണെന്നും സത്യന്‍ വ്യക്തമാക്കി.

സോനയും രജിന്‍ ലാലും പ്രണയവിവാഹം ചെയ്തവരാണെന്നും സത്യന്‍ പറഞ്ഞു. രജിന്‍ വിദേശത്തായിരിക്കെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ രജിന്‍ മറ്റൊരു യുവതിയുമായി ബന്ധത്തിലായതായും പിന്നീട് ആ യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം ആരോപിച്ചു. ഇതറിഞ്ഞ സോന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷമാണ് രജിന്‍ സോനയെ വിവാഹം ചെയ്യാന്‍ സമ്മതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബങ്ങളുടെ എതിർപ്പിനെ മറികടന്ന് 2023-ലാണ് ഇരുവരും വിവാഹിതരായത്.

സോനയുടെ ആശുപത്രി പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കക്കറമുക്ക് റോഡിലെ എടോളിത്താഴെ രാത്രി 9.15ഓടെ സഞ്ചരിച്ചുകൊണ്ടിരുന്ന കാറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വാഹനം നിര്‍ത്തിയതായി പറയുന്നു. കാര്‍ ഓടിച്ചിരുന്നത് സോനയുടെ ഭര്‍ത്താവ് രജിന്‍ ലാലായിരുന്നു. സോന പിന്‍സീറ്റിലായിരുന്നു ഇരുന്നത്. വാഹനം നിര്‍ത്തിയതിന് പിന്നാലെ തീ പടരുകയും രജിന്‍ ലാല്‍ രക്ഷപ്പെടാന്‍ സമീപത്തെ തോട്ടിലേക്ക് ചാടുകയുമായിരുന്നു.

നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും തീ അതിവേഗം പടര്‍ന്നതിനാല്‍ സോനയെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. അതിനുമുമ്പേ കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ സോനയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടസമയത്ത് വലിയ പൊട്ടിത്തെറി ഉണ്ടായതായി സമീപവാസികള്‍ പറഞ്ഞു. “ശക്തമായ പൊട്ടിത്തെറിയോടെയാണ് തീ ആളിപ്പടര്‍ന്നത്. ഉടന്‍ തന്നെ രജിന്‍ ലാല്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി സമീപത്തെ തോട്ടിലേക്ക് ചാടി. ഞങ്ങള്‍ വെള്ളം കോരി ഒഴിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ വേഗത്തില്‍ പടരുകയായിരുന്നു. പിന്നിലെ വാതില്‍ ലോക്കായിരുന്നതിനാല്‍ സോനയെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല,” സമീപവാസിയായ ഒതയോത്ത് മുഹമ്മദ് പറഞ്ഞു.

വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിയിരിക്കെയാണ് അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ജനവാസം കുറഞ്ഞ പ്രദേശമായതിനാല്‍ അപകടം ഉടന്‍ ശ്രദ്ധയില്‍പെടാന്‍ വൈകിയതായും മുഹമ്മദ് കൂട്ടിച്ചേർത്തു

കാറിന്റെ പിന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നെങ്കില്‍ തീ മുന്‍ഭാഗത്തുനിന്നാകുമായിരുന്നു പടരുകയെന്നതാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ രജിന്‍ ലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമായതിനാല്‍ അദ്ദേഹത്തിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ മേപ്പയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Summary

Pregnant woman dies after being burnt to death in car; Family says mystery, how did the car catch fire? Investigation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates