പ്രൗഢമായ കൊടിമര ഘോഷയാത്ര; പുതുപ്പള്ളി പെരുന്നാളിന് കൊടിയേറി

puthuppally-st-george-orthodox-church perunnal
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി
Last Updated :29 April 2026, 1:28 pm IST

കോട്ടയം: തീര്‍ഥാടന കേന്ദ്രമായ കോട്ടയം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പെരുന്നാളിന് കൊടിയേറി. ഇടുക്കി ഭദ്രാസനാധിപന്‍ സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പെരുന്നാള്‍ കാടിയേറ്റി. നാടിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതിയ പ്രൗഢമായ കൊടിമര ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. വാദ്യമേളങ്ങളുടെയും വള്ളപ്പാട്ടുകളുടെയും അകമ്പടിയോടെ പുതുപ്പള്ളി, എറികാട് കരക്കാര്‍ ആഘോഷപൂര്‍വം കൊണ്ടുവന്ന കൊടിമരങ്ങള്‍ പള്ളിമുറ്റത്ത് നാട്ടിയതോടെ പെരുന്നാളാരവം ഉണര്‍ന്നു. നൂറുകണക്കിന് പേര്‍ അണിനിരന്ന ഘോഷയാത്ര നാടിന്റെ ഒരുമയുടെ പ്രതീകമായി മാറി.

ഫാ. ആന്‍ഡ്രൂസ് ജോണ്‍ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നടത്തി. വര്‍ണശബളമായ ദീപപ്രഭയില്‍ പള്ളിയും പരിസരവും മുങ്ങി നില്‍ക്കുകയാണ്. മെയ് 5, 6, 7 തീയതികളിലാണ് പ്രധാന പെരുന്നാള്‍ ആഘോഷങ്ങള്‍. ഏഴിന് വിപുലമായ വെച്ചൂട്ട് നേര്‍ച്ചസദ്യയും നേര്‍ച്ചയപ്പം വിതരണവും നടക്കും.

ഇന്ന് രാവിലെ ഏഴിന് പ്രഭാത നമസ്‌കാരത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഫാ. വര്‍ഗീസ് പി വര്‍ഗീസിന്റെ(ആനിവയലില്‍) നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു. ഇന്ന് നടന്ന വയോജന സംഗമത്തില്‍ 80 വയസ് തികഞ്ഞ ഇടവകാംഗങ്ങളെ ആദരിച്ചു. കോട്ടയം ഭദ്രാസനം വൈദികസംഘം സെക്രട്ടറി റവ. ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം വാക്കച്ചേരില്‍ ക്ലാസിന് നേതൃത്വം നല്‍കും. വൈകിട്ട് 5.30ന് സന്ധ്യാ നമസ്‌കാരം നടക്കും.

മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പെരുന്നാളുകളില്‍ വെടിക്കെട്ട് ഒഴിവാക്കണമെന്ന് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി പെരുന്നാളിന് കരിമരുന്ന് പ്രയോഗം പൂര്‍ണമായും ഒഴിവാക്കാനാണ് തീരുമാനം.

News Now

Summary

puthuppally stgeorge orthodox church perunnal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates