മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ ഷാഫി, പാര്‍ലമെന്റിലും പോയില്ല; കോണ്‍ഗ്രസില്‍ ഷാഫിക്കെതിരെയും പടയൊരുക്കം

പാലക്കാട് നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനായി ഷാഫി സമ്മര്‍ദ്ദം ചെലുത്തിയെന്നും പരാതി

Rahul Mamkootathil, Shafi Parambil
Rahul Mamkootathil, Shafi Parambilഫെയ്സ്ബുക്ക്
Last Updated :21 August 2025, 5:03 pm IST
Edited by :jayakumarna

ന്യൂഡല്‍ഹി: ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചപ്പോള്‍, വിഷയത്തില്‍ പ്രതികരിക്കാതെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാതെ ഡല്‍ഹിയിലെ ഫ്‌ലാറ്റില്‍ തന്നെ കഴിഞ്ഞ ഷാഫി, വൈകീട്ടോടെ ബിഹാറിലേക്ക് പോയതായാണ് വിവരം. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനും ഷാഫി പറമ്പില്‍ പോയിരുന്നില്ല. ഷാഫി പറമ്പിലിന്റെ നോമിനിയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.

അതിനിടെ രാഹുലിന് പിന്നാലെ ഷാഫി പറമ്പിലിനെതിരെയും കോണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. രാഹുലിനെതിരായ പരാതി അറിയിച്ചിട്ടും ഷാഫി സംരക്ഷണം ഒരുക്കിയെന്നാണ് ആക്ഷേപം. പാലക്കാട് നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനായി ഷാഫി സമ്മര്‍ദ്ദം ചെലുത്തിയെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഷാഫിക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിയെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ രാഹുലിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയവരില്‍ കോണ്‍ഗ്രസിന്റെ മുന്‍ എംപിയുടെ മകളും ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കിയെങ്കിലും പിന്നീട് ജാതീയത പറഞ്ഞ് പിന്മാറിയെന്നാണ് യുവതി പറയുന്നത്. മുന്‍ എംപിയുടെ മകളുടേതടക്കം ഒമ്പതു പരാതികളാണ് എഐസിസിക്ക് മുമ്പില്‍ രാഹുലിനെതിരെ ലഭിച്ചിട്ടുള്ളതെന്നാണ് സൂചന.

News Now

Summary

Shafi Parambil does not respond to the controversy related to Rahul Mamkootathil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates