‘ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം’; ഡിജിപിക്ക് പരാതി നൽകി; അതിജീവിത; കേസ് എടുക്കും

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അതിജീവിത മുഖ്യമന്ത്രിക്കു പരാതി നൽകി. സൈബർ ആക്രമണത്തിൽ കേസെടുക്കാൻ ഡിജിപി നിർദേശം നൽകി.

Sreenadevi Kunjamma
ശ്രീനാദേവി കുഞ്ഞമ്മ
Edited by :Sujith
Last Updated :13 ജനുവരി 2026, 10:50 pm IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനു കാരണമായ കേസിലെ പരാതിക്കാരിക്കു നേരെ വ്യാപക സൈബർ ആക്രമണമെന്നു പരാതി. സൈബർ അധിക്ഷേപം നടത്തിയ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺ​ഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അതിജീവിത മുഖ്യമന്ത്രിക്കു പരാതി നൽകി. സൈബർ ആക്രമണത്തിൽ കേസെടുക്കാൻ ഡിജിപി നിർദേശം നൽകി.

തന്നെ അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബര്‍ സെല്‍ അന്വേഷണവും നിയമനടപടിയും വേണമെന്നും അവര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. സുരക്ഷയ്ക്കായി പൊലീസ് സംരക്ഷണം വേണം. തന്നെ മാത്രമല്ല, സത്യം പറയാന്‍ ധൈര്യപ്പെടുന്ന ഓരോ സ്ത്രീയെയും സംരക്ഷിക്കുന്നതില്‍ താന്‍ കേരള പൊലീസില്‍ വിശ്വസിക്കുന്നുവെന്നും അതിജീവിത വ്യക്തമാക്കുന്നു.

ഫോൺ നമ്പർ തേടിപ്പിടിച്ചുവരെ രാഹുലിന്റെ അനുയായികൾ ആക്രമണം തുടരുകയാണെന്നാണു പരാതി. പത്തനംതിട്ടയിലെ കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ അതിജീവിതനൊപ്പം എന്നു പരാമർശിച്ചാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് ശ്രീനാദേവിക്കും മറ്റ് സൈബർ അധിക്ഷേപക്കാർക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് അതിജീവിത പരാതി നൽകിയത്.

പരാതിയുടെ പൂർണരൂപം

‘ഒരു സ്ത്രീക്ക്, പ്രത്യേകിച്ച് തിരഞ്ഞെടുക്കപ്പെട്ട സ്ത്രീക്ക്, ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയെ സമൂഹമാധ്യമത്തിന് മുന്നില്‍ വിചാരണ ചെയ്യാന്‍ അവകാശമില്ല. ആര്‍. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഞാന്‍ താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു. അവരുടെ ഫെയ്സ്ബുക്ക് വീഡിയോ പിന്‍വലിക്കുകയും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും വേണം. അതിജീവിതയെ അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബര്‍ സെല്‍ അന്വേഷണവും നിയമനടപടിയും വേണം.

എന്റെ സുരക്ഷയ്ക്കായി പൊലീസ് സംരക്ഷണം വേണം. എന്നെ മാത്രമല്ല, സത്യം പറയാന്‍ ധൈര്യപ്പെടുന്ന ഓരോ സ്ത്രീയെയും സംരക്ഷിക്കുനന്തില്‍ ഞാന്‍ കേരള പൊലീസില്‍ വിശ്വസിക്കുന്നു’.

വിശ്വസ്തതയോടെ

അതിജീവിത

News Now

Summary

Victim files complaint against Sreenadevi Kunjamma

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates