മുസ്തഫൽ ഫൈസിയെ ഉൾപ്പെടുത്തിയത് സംഘടന അറിഞ്ഞല്ല

ജിഫ്രി മുത്തുകോയ തങ്ങള്‍
ജിഫ്രി മുത്തുകോയ തങ്ങള്‍
Last Updated :21 October 2026, 2:51 pm IST

News Now

കോഴിക്കോട്: സംസ്ഥാന വഖഫ് ബോർഡിലെ പുതിയ അംഗങ്ങളെ നിശ്ചയിക്കുന്നതിൽ സർക്കാർ സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്ത പുറത്താക്കിയ എം.പി. മുസ്തഫൽ ഫൈസിയെ ബോർഡിൽ ഉൾപ്പെടുത്തിയത് സംഘടനയുടെ അറിവോടെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പുതിയ ചെയർമാനായി ചുമതലയേറ്റ എം.സി. മായിൻ ഹാജിയുടെ നിയമനത്തിൽ സംഘടനയ്ക്ക് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോർഡ് ചെയർമാനായി നിയമിതനായ ശേഷം എം.സി. മായിൻ ഹാജി സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമസ്തയുമായി ദീർഘകാലത്തെ ആത്മബന്ധം പുലർത്തുന്ന നേതാവാണ് മായിൻ ഹാജി. അതിനാൽ സംഘടനയുടെ ന്യായമായ ആവശ്യങ്ങളോട് അദ്ദേഹം നീതിപൂർവ്വമായ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തങ്ങൾ പറഞ്ഞു. അതോടൊപ്പം വഖഫ് ബോർഡിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ എല്ലാ വിഷയങ്ങളിലും പൂർണ്ണമായ നിഷ്പക്ഷതയും നീതിയും ഉറപ്പാക്കണമെന്ന നിർദ്ദേശവും അദ്ദേഹത്തിന് നൽകിയിട്ടുണ്ടെന്ന് ജിഫ്രി തങ്ങൾ വ്യക്തമാക്കി.

ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സമസ്ത സ്വമേധയാ ഇടപെട്ട് ആരെയും നിർദ്ദേശിക്കാറില്ലെന്നും സർക്കാർ ഔദ്യോഗികമായി അഭിപ്രായം ചോദിച്ചാൽ മാത്രമാണ് സംഘടന നിലപാട് അറിയിക്കാറുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. വിവിധ മതസംഘടനകളെയും വിഭാഗങ്ങളെയും പ്രതിനിധീകരിച്ച് ആളുകളെ ഉൾപ്പെടുത്തുന്നതിൽ സർക്കാരിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ടാകാം. അത്തരം തീരുമാനങ്ങൾക്ക് വിശദീകരണം നൽകേണ്ട ബാധ്യത സമസ്തയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയൻ സർക്കാരിന്റെ ഭരണകാലത്ത് ഉമർ ഫൈസിയെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയപ്പോഴും സമസ്തയുടെ അഭിപ്രായം തേടിയിരുന്നില്ലെന്ന് ജിഫ്രി തങ്ങൾ ചൂണ്ടിക്കാട്ടി. അതിനാൽ പുതിയ ബോർഡ് പുനഃസംഘടനയിൽ സംഘടനയുമായി ആലോചിച്ചില്ലെന്നത് മുൻനിർത്തി സർക്കാരുമായി യാതൊരു തർക്കത്തിനുമില്ലെന്നാണ് സമസ്ത നേതൃത്വത്തിന്റെ നിലപാട്.

Summary

Samastha Kerala Jem-iyyathul Ulama President Sayed Muhammad Jifri Muthukkoya Thangal clarified that the organization was not consulted by the government during the recent reconstitution of the Kerala State Waqf Board

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates