ഇനിയും വേണം 466 റൺസ്, കൈയിൽ 4 വിക്കറ്റ് മാത്രം; പിടിമുറുക്കി ഈസ്റ്റ് സോണ്‍

അര്‍ധ സെഞ്ച്വറി നേടി തിലക് വര്‍മ, ദേവ്ദത്ത് പടിക്കല്‍

Chennai: East Zone's Mohammed Shami, 15, celebrates with teammates for the wicket of South Zone's Smaran Ravichandran on day 3 of the Duleep Trophy 2026-27 final cricket match
Duleep Trophy final pti
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :8 സെപ്റ്റംബർ 2026, 5:44 pm IST

ചെന്നൈ: ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ പിടിമുറുക്കി ഈസ്റ്റ് സോണ്‍. ഒന്നാം ഇന്നിങ്‌സില്‍ 708 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ഈസ്റ്റ് സോണ്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ സൗത്ത് സോണിന്റെ 6 മുന്‍നിര വിക്കറ്റുകള്‍ പിഴുതിട്ടുണ്ട്. 242 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെയാണ് സൗത്ത് സോണിന് 6 വിക്കറ്റുകള്‍ നഷ്ടമായത്. ഈസ്റ്റ് സോണിന്റെ സ്‌കോറിനൊപ്പമെത്താന്‍ സൗത്ത് സോണിന് ഇനിയും 466 റണ്‍സ് കൂടി വേണം. കൈയില്‍ ശേഷിക്കുന്നത് വെറും 4 വിക്കറ്റുകളും.

ദേവ്ദത്ത് പടിക്കല്‍, ക്യാപ്റ്റന്‍ തിലക് വര്‍മ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശിയ ദേവ്ദത്ത് ദുലീപ് ട്രോഫിയിലും മികവ് ആവര്‍ത്തിച്ചു. താരം 104 പന്തില്‍ 4 ഫോറുകള്‍ സഹിതം 62 റണ്‍സെടുത്തു.

കളി നിര്‍ത്തുമ്പോള്‍ തിലക് വര്‍മ 5 ഫോറുകള്‍ സഹിതം 133 പന്തില്‍ 56 റണ്‍സുമായി ബാറ്റിങ് തുടരുന്നതാണ് സൗത്ത് സോണിന് ആശ്വാസമായുള്ളത്. ഒപ്പം ചാമ മിലിന്ദാണ് കൂട്ട്. താരം 2 റണ്‍സെടുത്തിട്ടുണ്ട്. റിക്കി ഭുയി (1), നാരായണ്‍ ജഗദീശന്‍ (32), ഷെയ്ഖ് റഷീദ് (27), ആര്‍ സ്മരന്‍ (23), ശ്രേയസ് ഗോപാല്‍ (26) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍.

ഈസ്റ്റ് സോണിനായി വെറ്റന്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി 2 വിക്കറ്റെടുത്തു. മുകേഷ് കുമാറും 2 വിക്കറ്റ് വീഴ്ത്തി. എംഡി ഖുറൈസി, ശിഖര്‍ മോഹന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയുടെയും കുമാര്‍ കുശാഗ്രയുടെ സെഞ്ച്വറിയുടെയും കരുത്തിലാണ് ഈസ്റ്റ് സോണ്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 250 റണ്‍സുമായി റിട്ടയേഡ് ഹര്‍ട്ടായ ഇഷാന്‍, പിന്നീട് ക്രീസിലേക്ക് മടങ്ങിയെത്തി 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. 334 പന്തുകള്‍ നേരിട്ട താരം, 30 ഫോറും ഏഴ് സിക്സുമുള്‍പ്പെടെയാണ് 270 റണ്‍സ് അടിച്ചെടുത്തത്. ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ഇഷാന്‍ കിഷന്‍.

കുമാര്‍ കുശാഗ്ര 8 ഫോറും 5 സിക്‌സും സഹിതം 101 റണ്‍സും കണ്ടെത്തി. അഭിമന്യു ഈശ്വരന്‍ (72), ശിഖര്‍ മോഹന്‍ (85) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ഈസ്റ്റ് സോണിന്റെ കൂറ്റന്‍ സ്‌കോറില്‍ നിര്‍ണായകമായി.

News Now

Summary

Duleep Trophy Final: South Zone face a daunting task heading into Day 4, with Tilak Varma holding firm amid a challenging batting effort

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates