അഭിഷേകിനിട്ട് ​ഗില്ലിന്റെ 6, 4, 6... ആറാം പന്തിൽ പുറത്താക്കി പകരം വീട്ടി! (വിഡിയോ)

കളിക്കൂട്ടുകാരുടെ നേർക്കുനേർ പോരാട്ടം

Shubman Gill goes 6, 4, 6 against Abhishek Sharma
Shubman Gill, Abhishek Sharma
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :8 സെപ്റ്റംബർ 2026, 11:22 am IST

ചണ്ഡീ​ഗഢ്: ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലും ഓപ്പണർ അഭിഷേക് ശർമയും ഇന്ത്യക്കായി ഒരുമിച്ച് ഓപ്പൺ ചെയ്തവരാണ്. ഒന്നിച്ച് ഡ്രസിങ് റൂം പങ്കിട്ടവരുമാണ്. മാത്രമല്ല പഞ്ചാബ് ക്രിക്കറ്റിലൂടെ ഒന്നിച്ച് കളിച്ച് വളർന്നവരുമാണ് ഇരുവരും. കഴിഞ്ഞ ദിവസം ഇരുവരും പക്ഷേ നേർക്കുനേർ പോരാടി. ഷേർ ഇ പഞ്ചാബ് ടി20 ലീ​ഗിൽ ഫസിൽക്ക ഫാൽക്കൺസും അമൃത്സർ സോർമാസും ഏറ്റുമുട്ടിയപ്പോഴാണ് കളിക്കൂട്ടുകാർ നേർക്കുനേർ വന്നത്.​ ​ഗിൽ ഫസിൽക്ക താരവും അഭിഷേക് അമൃത്സർ ടീമിനുമായാണ് കളത്തിലെത്തിയത്.

​ഗിൽ ബാറ്റ് ചെയ്തപ്പോൾ അഭിഷേക് താരത്തിനെതിരെ പന്തെറിയുകയും ചെയ്തു. ഈ ഓവറിൽ ആദ്യം മേൽക്കൈ നേടിയത് ​ഗിൽ ആണ്. ഇടംകൈ സ്പിന്നറായ അഭിഷേക് മത്സരത്തിന്റെ പത്താം ഓവർ പന്തെറിയാൻ എത്തിയപ്പോൾ ​ഗില്ലാണ് ക്രീസിലുണ്ടായിരുന്നത്. അഭിഷേകിന്റെ ആദ്യ പന്ത് ​ഗിൽ സിക്സർ തൂക്കി. നേരെ ലോങ് ഓഫിനു മുകളിലൂടെയാണ് ​ഗിൽ പന്ത് പറത്തിയത്. രണ്ടാം പന്തിൽ ഡീപ് മിഡ് വിക്കറ്റിലൂടെ ഫോറും തൂക്കി. ഈ ഓവറിലെ അഞ്ചാം പന്തിൽ ​ഗിൽ അടുത്ത സിക്സും പറത്തി. 6, 4, 6 എന്നായിരുന്നു ​ഗിൽ- അഭിഷേക് പോരിലെ ആദ്യ സീക്വൻസ്.

എന്നാൽ അവസാന പന്തിൽ അഭിഷേക് പകരം വീട്ടി. വീണ്ടുമൊരു വലിയ ഷോട്ടിനു ശ്രമിച്ച ​ഗില്ലിനെ അഭിഷേക് നമാൻ ധിറിന്റെ കൈകളിൽ എത്തിച്ച് പുറത്താക്കി. 35 പന്തിൽ 8 ഫോറും 3 സിക്സും സഹിതം 67 റൺസെടുത്താണ് ​ഗിൽ മടങ്ങിയത്. മത്സരത്തിൽ ഫസിൽക്ക ഫാൽക്കൺസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു.

192 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അമൃത്സറിനായി അഭിഷേക് മികച്ച ബാറ്റിങിലൂടെ മിന്നും തുടക്കം നൽകി. സഹജ് ധവാനൊപ്പം ഓപ്പണിങിൽ 79 റൺസ് ചേർത്താണ് താരം മടങ്ങിയത്. 15 പന്തിൽ 4 സിക്സും 6 ഫോറും സഹിതം അഭിഷേക് 49 റൺസുമായി മടങ്ങി. ഇടയ്ക്ക് ഫസിൽക്ക ഫാൽക്കൺസ് മത്സരത്തിൽ പിടിമുറുക്കിയെങ്കിലും 4 പന്തുകൾ ശേഷിക്കെ അമൃത്സർ മത്സരം വിജയിച്ചു.

മത്സരത്തിൽ ഏറ്റവും ഉയർന്ന വ്യക്തി​ഗത സ്കോർ ​ഗില്ലിന്റെ വകയായിരുന്നു. 67 റൺസ്. അമൃത്സർ സോർമാസിന്റെ വിജയത്തിൽ അഭിഷേകിന്റെ 49 റൺസ് മികച്ച അടിത്തറയായി. ജയത്തോടെ അവരുടെ സെമി പ്രതീക്ഷകളും സജീവമായി.

News Now

Summary

Shubman Gill and Abhishek Sharma went head to head as Fazilka Falcons met Amritsar Soormas in Mohali. Gill made 67 and struck Abhishek for 6, 4, 6, but Sharma's 49 helped keep Soormas' semi-final hopes alive

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates