'മാപ്പാക്കണം'! ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനോട് ആര്‍സിബി പേസറുടെ ക്ഷമാപണം

ഐപിഎല്‍ കളിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ച താരത്തിനു തിരിച്ചടി

nuwan thushara rcb
nuwan thusharax
Last Updated :10 April 2026, 6:38 pm IST
Edited by :രഞ്ജിത്ത് കാർത്തിക

കൊളംബോ: ഐപിഎല്‍ കളിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ കോടതിയെ സമീപിച്ച ശ്രീലങ്കന്‍ പേസറും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരവുമായ നുവാന്‍ തുഷാര മാപ്പ് പറഞ്ഞ് രംഗത്ത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭരണ സമിതിയോടാണ് താരം മാപ്പ് പറഞ്ഞത്. ബോര്‍ഡിനെതിരെ നല്‍കിയ ഹര്‍ജി താരം പിന്‍വലിക്കാനുള്ള ശ്രമത്തിലാണ്. കോടതി ഇടപെട്ട് തനിക്ക് ഐപിഎല്‍ കളിക്കാനുള്ള എന്‍ഒസി അനുവദിക്കണമെന്നായിരുന്നു താരത്തിന്റെ വാദം.

ഇ മെയില്‍ സന്ദേശം വഴിയാണ് നുവാന്‍ തുഷാര ബോര്‍ഡ് ഭരണസമിതിയോടു ക്ഷമാപണം നടത്തിയതെന്നു അധികൃതര്‍ സ്ഥിരീകരിച്ചു. ഭരണസമിതിക്ക് അസൗകര്യമുണ്ടാക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും താരം ക്ഷമാപണം നടത്തിയ കുറിപ്പില്‍ വ്യക്തമാക്കി.

കൃത്യമായ കാരണങ്ങള്‍ കൊണ്ടാണ് നുവാന്‍ തുഷാരയ്ക്കു ഐപിഎല്‍ കളിക്കാന്‍ അനുമതി നിഷേധിച്ചതെന്നു ഹര്‍ജിയില്‍ വാദം നടക്കവേ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തിനു എന്‍ഒസി നിഷേധിച്ചതെന്നും ബോര്‍ഡ് വ്യക്തമാക്കി.

അനുമതി നിഷേധിച്ചതിനുള്ള കാരണങ്ങള്‍ രേഖാമൂലം തെളിയിക്കാമെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു. ബോര്‍ഡിന്റെ അപേക്ഷ കോടതി അനുവദിച്ചു. വിഷയത്തില്‍ അടുത്ത വാദം ഈ മാസം 23നാണ്.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു താരമാണ് തുഷാര. താരത്തിനു ഐപിഎല്‍ കളിക്കാനുള്ള എന്‍ഒസി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് വിസമ്മതിച്ചിരുന്നു. ഇതോടെയാണ് നുവാന്‍ തുഷാര കൊളംബോ ജില്ലാ കോടതിയെ സമീപിച്ചത്.

നടപ്പ് ഐപിഎല്‍ സീസണില്‍ ആര്‍സിബിക്കായി കളിക്കാനുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനു നിര്‍ദ്ദേശം നല്‍കണമെന്നാണ് താരം ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

വിദേശ ടി20 ലീഗുകളില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ലങ്കന്‍ ബോര്‍ഡ് പുതിയ നിര്‍ബന്ധിത ഫിറ്റ്നസ് മാനദണ്ഡങ്ങള്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ ഈ കടമ്പ കടക്കാന്‍ നുവാന്‍ തുഷാരയ്ക്കു സാധിച്ചില്ല. ഇതോടെയാണ് ബോര്‍ഡ് എന്‍ഒസി നിഷേധിച്ചത്. പിന്നാലെയാണ് താരം കോടതിയെ സമീപിച്ചത്.

ഫിറ്റ്നസ് ടെസ്റ്റിനു അഞ്ച് സ്റ്റേജുകളുണ്ട്. ഇതില്‍ 29ല്‍ 17 പോയിന്റെങ്കിലും താരങ്ങള്‍ സ്വന്തമാക്കണം. തുഷാരയ്ക്ക് ഈ മാര്‍ക്ക് കടക്കാന്‍ സാധിച്ചില്ലെന്നു ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് എക്സിക്യൂട്ടീവ് ആഷ്ലി ഡി സില്‍വ ചൂണ്ടിക്കാട്ടി.

എന്നാല്‍ ശ്രീലങ്ക ക്രിക്കറ്റുമായുള്ള തന്റെ സെന്‍ട്രല്‍ കരാര്‍ മാര്‍ച്ച് 31നു അവസാനിച്ചുവെന്നും പുതിയ കരാറിലേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്നു താന്‍ ബോര്‍ഡിനോടു വ്യക്തമാക്കിയിരുന്നു എന്നുമാണ് തുഷാര വാദിച്ചത്. മുന്‍ ഐപിഎല്‍ സീസണുകളില്‍ കളിക്കാന്‍ ലങ്കന്‍ ബോര്‍ഡ് തനിക്ക് അനുമതി നല്‍കിയിരുന്നു. ഇത്തവണ തടയുന്നത് തന്റെ ആര്‍സിബി ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തുമെന്നും മാത്രമല്ല ഭാവിയിലെ പ്രൊഫഷണല്‍ അവസരങ്ങളെ ഇതു ബാധിക്കുമെന്നും താരം ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

News Now

Summary

IPL 2026: rcb pacer nuwan thushara has apologised to Sri Lanka Cricket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates