ടീമില്‍ ഇടംനേടിയ ശേഷം, ഇന്ത്യ കളിച്ച 21 ടി20 മത്സരങ്ങളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് വൈഭവിന് പാഡണിയാന്‍ സാധിച്ചത്

sanju samson, abhishek sharma, vaibhav sooryavanshi
Shreyas Iyer Rules Out Direct Entry for Vaibhav Sooryavanshi in T20Is Due to Stable Openers
Last Updated :21 October 2026, 1:20 pm IST

News Now

ക്രൈസ്റ്റ്ചർച്ച്: യുവതാരം വൈഭവ് സൂര്യവംശിക്ക് പ്ലേയിങ് ഇലവനില്‍ പെട്ടെന്ന് അവസരം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. നിലവിലെ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും സഞ്ജു സാംസണും മികച്ച ഫോമില്‍ തുടരുന്നതിനാല്‍ ടീമില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വരുത്തുക എളുപ്പമല്ലെന്ന് അയ്യര്‍ വ്യക്തമാക്കി. ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം ആദ്യം നടന്ന ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനങ്ങളില്‍ ടീമില്‍ ഇടംനേടിയെങ്കിലും, ഇന്ത്യ കളിച്ച 21 ടി20 മത്സരങ്ങളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് വൈഭവിന് പാഡണിയാന്‍ സാധിച്ചത്. മികച്ച പ്രകടനം പുറത്തെടുക്കുന്ന അഭിഷേകും സഞ്ജുവുമാണ് ഓപ്പണര്‍മാരായി തുടരുന്നത്. ഈ വര്‍ഷം ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഇരുവരും.

'വൈഭവ് സൂര്യവംശിയെപ്പോലൊരു പ്രതിഭ ഡ്രസ്സിങ് റൂമില്‍ ഒപ്പമുണ്ടാകുന്നത് ടീമിന് ഊര്‍ജ്ജമാണ്. അവന്‍ വളരെ ചെറുപ്പമാണ്, ഭാവിയില്‍ അവന് ധാരാളം അവസരങ്ങള്‍ ലഭിക്കും. എന്നാല്‍ ഇപ്പോള്‍ അവന് പെട്ടെന്ന് പ്ലേയിങ് ഇലവനിലേക്ക് വരാനാകില്ല. കാരണം ഞങ്ങളുടെ ഓപ്പണര്‍മാര്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്, അവര്‍ ലോകകപ്പ് ജേതാക്കളുമാണ്' -ശ്രേയസ് അയ്യര്‍ പറഞ്ഞു.

ഏഷ്യന്‍ ഗെയിംസില്‍ വൈഭവിന് ഓപ്പണ്‍ ചെയ്യാന്‍ അവസരം നല്‍കാനായി സഞ്ജു സാംസണ്‍ ബാറ്റിങ് ഓര്‍ഡറില്‍ മൂന്നാം നമ്പറിലേക്ക് ഇറങ്ങിയിരുന്നു. എന്നാല്‍, വിദേശ പിച്ചുകളിലെ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് വൈഭവിന് ഭാവിയിലെ കരിയറിന് വലിയ മുതല്‍ക്കൂട്ടാകുമെന്ന് ശ്രേയസ് അഭിപ്രായപ്പെട്ടു. 'വിദേശ പിച്ചുകളില്‍ കളിക്കുമ്പോള്‍ ഇവിടുത്തെ പിച്ചുകളില്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്നതിനെക്കുറിച്ച് വൈഭവിന് വ്യക്തമായ ധാരണ ലഭിക്കും. ഭാവിയിലും സമാന സാഹചര്യങ്ങളില്‍ കളിക്കുമ്പോള്‍ നന്നായി തയ്യാറെടുക്കാന്‍ സഹായിക്കും. ഇവിടെ ആദ്യമായി എത്തുന്ന മറ്റ് താരങ്ങള്‍ക്ക് അവന് ഉപദേശം നല്‍കാനും കഴിയും' -ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരായ ഹോം പരമ്പരകള്‍ക്കും ഏഷ്യന്‍ ഗെയിംസിനും ശേഷമാണ് ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡില്‍ എത്തിയിരിക്കുന്നത്. തണുപ്പുള്ള കാലാവസ്ഥയും പേസര്‍മാരെ തുണയ്ക്കുന്ന പിച്ചുകളും കിവീസ് മണ്ണിലെ പ്രധാന വെല്ലുവിളിയാണെങ്കിലും, ടീം സാഹചര്യങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെടുമെന്ന് ശ്രേയസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ടീമിലെ ശക്തമായ ബെഞ്ച് കരുത്ത് കളിക്കാര്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുന്നുണ്ടെന്നും, ഇത് താരങ്ങളെ കൂടുതല്‍ സ്ഥിരതയോടെ കളിക്കാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സ്വന്തം ബാറ്റിങ് പൊസിഷനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനാല്‍ താന്‍ ബാറ്റിങ് ഓര്‍ഡറില്‍ മുന്നോട്ട് കയറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, ടീമിന്റെ ആവശ്യമനുസരിച്ച് ഏത് സ്ഥാനത്തും കളിക്കാന്‍ തയ്യാറാണെന്ന് ശ്രേയസ് വ്യക്തമാക്കി.

Summary

Shreyas Iyer Rules Out Direct Entry for Vaibhav Sooryavanshi in T20Is Due to Stable Openers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates