ശുഭ്മാൻ ​ഗിൽ വന്നു! ഫസിൽക്ക ഫാൽക്കൺസിനായി കളിക്കും

ഷേർ ഇ പഞ്ചാബ് ടി20 ലീ​ഗ് 2026 പോരാട്ടത്തിൽ കളിക്കാനൊരുങ്ങി ഇന്ത്യൻ ക്യാപ്റ്റൻ

Shubman Gill
Shubman Gill
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :5 സെപ്റ്റംബർ 2026, 1:26 pm IST

ചണ്ഡ‍ീ​ഗഢ്: പഞ്ചാബിലെ ആഭ്യന്തര ടി20 പോരാട്ടമായ ഷേർ ഇ പഞ്ചാബ് ടി20 ലീ​ഗ് 2026 പോരാട്ടത്തിൽ കളിക്കാനൊരുങ്ങി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ. ഫസിൽക്ക ഫാൽക്കൺസ് ടീമിനൊപ്പം ചേർന്ന് ഇന്ത്യൻ ക്യാപ്റ്റൻ പരിശീലനവും ആരംഭിച്ചു. ടൂർണമെന്റിൽ 3 മത്സരങ്ങൾ പൂർത്തിയാക്കിയതിൽ രണ്ട് കളികളും തോറ്റ് ഒരു മത്സരത്തിൽ മാത്രം ജയിച്ചു നിൽക്കുന്ന ടീമിന് ​ഗില്ലിന്റെ വരവ് വലിയ ഊർജ്ജമാകും. തിരക്കിട്ട അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഇടവേള വന്നതിനു പിന്നാലെയാണ് ഇന്ത്യൻ ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ ആഭ്യന്തര ടി20 പോരിനായി ജന്മനാട്ടിൽ തിരിച്ചെത്തിയത്.

​ഗില്ലിനു പുറമെ ഓപ്പണർ അഭിഷേക് ശർമ, പേസർ അർഷ്ദീപ് സിങ് എന്നിവരും വിവിധ ടീമുകൾക്കായി ടൂർണമെന്റ് കളിക്കുന്നുണ്ട്. ​ഗില്ലിന്റെ അഭാവത്തിൽ സൻവീർ സിങാണ് ടീമിനെ ആദ്യ മൂന്ന് മത്സരങ്ങളിൽ നയിച്ചത്. ​ഗിൽ തിരിച്ചെത്തിയതോടെ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ​ഇന്ത്യൻ നായകൻ ഏറ്റെടുക്കും.

മൂന്ന് കളിയിൽ ഒരു ജയവും രണ്ട് തോൽവികളുമായി ഫസിൽക്ക ഫാൽക്കൺസ് നിലവിൽ അഞ്ചാം സ്ഥാനത്താണ്. ടൂർണമെന്റിൽ ആറ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ​ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീം നായകനാണെങ്കിലും ടി20യിൽ അദ്ദേഹം ഇന്ത്യൻ ടീമിന്റെ ഭാ​ഗമല്ല. ഈ ഫോർമാറ്റിലേക്ക് തിരിച്ചെത്താനുള്ള അവസരമായാണ് ​ഗിൽ ടൂർണമെന്റിനെ കാണുന്നത്.

ഐപിഎല്ലിലാണ് ടി20 ഫോർമാറ്റിൽ ​ഗിൽ അവസാനം കളിച്ചത്. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ 16 മത്സരങ്ങളിൽ നിന്നു 45.75 ശരാശരിയിൽ 196.22 സ്ട്രൈക്ക് റേറ്റിൽ 732 റൺസാണ് ​ഗിൽ അടിച്ചുകൂട്ടിയത്. 104 റൺസാണ് ഉയർന്ന സ്കോർ. സീസണിൽ ടീമിനെ ഫൈനൽ വരെ എത്തിക്കുന്നതിലും താരം നിർണായകമായി. ഫൈനലിൽ ആർസിബിയോട് പരാജയപ്പെട്ട് റണ്ണേഴ്സ് അപ്പായാണ് ​ഗുജറാത്ത് ടൈറ്റൻസ് സീസൺ അവസാനിപ്പിച്ചത്.

News Now

Summary

Shubman Gill has joined the Fazilka Falcons squad for the ongoing Sher-E-Punjab T20 League 2026, giving the side a major boost after a difficult start to the tournament

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates