എഐ മനുഷ്യരാശിയെ നശിപ്പിച്ചേക്കാം; ഗവേഷണ വേഗത കുറയ്ക്കണം: ആന്ത്രോപിക് സിഇഒ

സുരക്ഷാ പരിശോധനകള്‍ക്ക് കൂടുതല്‍ സമയം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Dario Amodei agrees AI could kill all humans, wants to slow down AI development
Dario Amodei agrees AI could kill all humans, wants to slow down AI developmentAI Generated Image
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :13 സെപ്റ്റംബർ 2026, 2:40 pm IST

വാഷിങ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യയുടെ അനിയന്ത്രിത വളര്‍ച്ച മനുഷ്യരാശിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായേക്കാമെന്ന മുന്‍ ജീവനക്കാരന്റെ മുന്നറിയിപ്പിനെ ശരിവെച്ച് പ്രമുഖ എഐ സ്ഥാപനമായ ആന്ത്രോപിക്കിന്റെ സിഇഒ ദാരിയോ അമോദി. എഐ സാങ്കേതികവിദ്യയുടെ ഗവേഷണ വേഗത കുറയ്ക്കണമെന്നും സുരക്ഷാ പരിശോധനകള്‍ക്ക് കൂടുതല്‍ സമയം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആന്ത്രോപിക്കിലെ മുന്‍ ഗവേഷകനായിരുന്ന ജേക്കബ് കോക്‌സണ്‍, എഐ സംവിധാനങ്ങള്‍ ഈ ദശകത്തിന്റെ അവസാനത്തോടെ മനുഷ്യരാശിയെ ഇല്ലാതാക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് രാജിവെച്ചിരുന്നു. കമ്പനികള്‍ സുരക്ഷയേക്കാള്‍ വേഗതയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഈ സംഭവവികാസങ്ങള്‍ക്ക് പിന്നാലെയാണ് സിഇഒ അമോദിയുടെ പ്രതികരണം.

Anthropic CEO Dario Amodei

Anthropic CEO Dario Amodei

ജേക്കബ് കോക്‌സന്റെ ആശങ്കകളോട് താന്‍ പൂര്‍ണമായും യോജിക്കുന്നുവെന്ന് സിഎന്‍എന്‍ അഭിമുഖത്തില്‍ അമോദി വ്യക്തമാക്കി. എന്നാല്‍ അപകടസാധ്യത പൂര്‍ണമായും ശരിയാണെന്ന രീതിയിലുള്ള പ്രവചനങ്ങള്‍ക്കില്ലെന്നും, ശരിയായ പാതയിലൂടെ നീങ്ങിയാല്‍ അപകടസാധ്യത കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എഐ മോഡലുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്ന വേഗത ഒരല്‍പ്പം കുറയ്ക്കണമെന്ന് ദീര്‍ഘമായ ലേഖനത്തില്‍ അമോദി ആവശ്യപ്പെട്ടു. ഇതിനര്‍ത്ഥം എഐ വികസനം പൂര്‍ണമായി നിര്‍ത്തണമെന്നല്ല, മറിച്ച് സുരക്ഷാ ഗവേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ആവശ്യമായ സമയം കണ്ടെത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

എഐ സിസ്റ്റങ്ങള്‍ തന്നെക്കാള്‍ മികച്ച മറ്റ് എഐ സംവിധാനത്തെ നിര്‍മ്മിക്കാന്‍ തുടങ്ങുന്ന അവസ്ഥ മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. അമോദിയുടെ മുന്നറിയിപ്പിനെ ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പിന്തുണച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി കമ്പനികള്‍ക്കകത്ത് സ്വതന്ത്രമായ തേര്‍ഡ് പാര്‍ട്ടി വിലയിരുത്തലുകള്‍ നടത്തണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു വന്നിട്ടുണ്ട്. എഐ മനുഷ്യന് പുരോഗതിയും രോഗങ്ങളില്‍ നിന്ന് മോചനവും നല്‍കുമെങ്കിലും, അത് അത്യാഹിതങ്ങളിലേക്ക് വഴിമാറാതിരിക്കാന്‍ അതിജാഗ്രത വേണമെന്നാണ് ആന്ത്രോപിക് മേധാവി വ്യക്തമാക്കുന്നത്.

News Now

Summary

Dario Amodei agrees AI could kill all humans, wants to slow down AI development

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates