8400 ചതുരശ്ര അടി, അഞ്ച് കാറുകള്‍ പാര്‍ക്ക് ചെയ്യാം; 50 കോടിയുടെ ആഡംബര അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി നാരായണ മൂര്‍ത്തി

ബംഗളൂരുവില്‍ 50 കോടിയുടെ പുതിയ ആഡംബര അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി

 Narayana Murthy
എന്‍ ആര്‍ നാരായണ മൂര്‍ത്തിSource by : ഫയൽ
Last Updated :10 December 2024, 12:07 pm IST

ബംഗളൂരു: ബംഗളൂരുവില്‍ 50 കോടിയുടെ പുതിയ ആഡംബര അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. പ്രശസ്തമായ കിങ്ഫിഷര്‍ ടവേഴ്‌സിലാണ് നാരായണ മൂര്‍ത്തിയുടെ പുതിയ അപ്പാര്‍ട്ട്‌മെന്റ്. ഇതില്‍ തന്നെ മുന്‍പും ഒരു അപ്പാര്‍ട്ട്‌മെന്റ് നാരായണമൂര്‍ത്തി സ്വന്തമാക്കിയിട്ടുണ്ട്.

8400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അപ്പാര്‍ട്ട്‌മെന്റ് ടവറിന്റെ 16-ാമത്തെ നിലയിലാണ്. നാലു ബെഡ് റൂമുകളും അഞ്ച് കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉള്‍പ്പെടുന്നതാണ് അപ്പാര്‍ട്ട്‌മെന്റ്. ഒരു ചതുരശ്ര അടിക്ക് 59,500 രൂപയാണ് വില. ബിസിനസ് മേഖലയിലെ പ്രമുഖരായ ധാരാളം വ്യക്തികള്‍ ഈ പ്രീമിയം റസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ വീടുകള്‍ സ്വന്തമാക്കിയിട്ടുള്ളതുകൊണ്ട് 'ബില്യനേഴ്‌സ് ടവര്‍' എന്നും ഇതിന് വിളിപ്പേരുണ്ട്. വലിയ ഓഫിസ് കെട്ടിടങ്ങള്‍, സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകള്‍, പോഷ് ഷോപ്പിങ് സെന്റര്‍ തുടങ്ങി ഒട്ടനവധി സൗകര്യങ്ങള്‍ ഇവിടെയുണ്ട്.

34 നിലകളിലെ മൂന്ന് ബ്ലോക്കുകളിലായി 81- 4 BHK ആഡംബര അപ്പാര്‍ട്ട്‌മെന്റുകളാണ് കിങ്ഫിഷര്‍ ടവേഴ്‌സിലുള്ളത്. പ്രതിമാസം 10 ലക്ഷം രൂപയാണ് കെട്ടിടത്തിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക നിരക്ക്. 4.5 ഏക്കറിലാണ് ടവര്‍ നില്‍ക്കുന്നത്.

മുംബൈ ആസ്ഥാനമായുള്ള ഒരു വ്യവസായിയില്‍ നിന്നാണ് മൂര്‍ത്തി പുതിയ ഫ്‌ലാറ്റ് വാങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൂര്‍ത്തിയുടെ ഭാര്യ സുധാ മൂര്‍ത്തിയാണ് കിങ്ഫിഷര്‍ ടവേഴ്സില്‍ നാലുവര്‍ഷം മുമ്പ് ഫ്‌ലാറ്റ് സ്വന്തമാക്കിയത്. 29 കോടി രൂപയ്ക്ക് 23-ാം നിലയിലാണ് ഫ്ളാറ്റ് വാങ്ങിയത്.

ഒരുകാലത്ത് വിജയ് മല്ല്യയുടെ തറവാട് ഈ ഭൂമിയിലായിരുന്നു. 2010-ല്‍ പ്രസ്റ്റീജ് ഗ്രൂപ്പും മല്യയുടെ കമ്പനിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് കിങ്ഫിഷര്‍ ടവേഴ്‌സ്. തുടക്കത്തില്‍ ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍ ചതുരശ്ര അടിക്ക് 22,000 രൂപയ്ക്കാണ് വിറ്റിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now