പാലക്കാട് ജില്ലാ ആശുപത്രിക്ക് എൻക്യുഎഎസ് പദവി; പ്രതിവർഷം ലഭിക്കുക 4.74 കോടി രൂപയുടെ സാമ്പത്തിക സഹായം

നേടിയത് 94.72 ശതമാനം മാർക്ക്; മൂന്ന് വർഷത്തേക്ക് തുടർച്ചയായി ധനസഹായം ലഭ്യമാകും

 Palakkad District Hospital
Palakkad District Hospital
Edited by :Damodaran K
Last Updated :28 സെപ്റ്റംബർ 2026, 3:29 pm IST

പാലക്കാട്: പൊതുജനാരോഗ്യ രംഗത്തെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പാലക്കാട് ജില്ലാ ആശുപത്രിക്ക് കേന്ദ്ര സർക്കാരിന്റെ ഉന്നത അംഗീകാരം. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് സുരക്ഷിതവും ഉയർന്ന ഗുണനിലവാരമുള്ളതുമായ ചികിത്സ ഉറപ്പാക്കുന്നതിനായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഏർപ്പെടുത്തിയ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്) ദേശീയ ഗുണനിലവാര സർട്ടിഫിക്കേഷനാണ് ജില്ലാ ആശുപത്രി സ്വന്തമാക്കിയത്. ദേശീയതലത്തിൽ നടന്ന മൂല്യനിർണ്ണയത്തിൽ 94.72 ശതമാനം മാർക്ക് നേടിയാണ് ജില്ലാ ആശുപത്രി ഈ മികച്ച നേട്ടം കൈവരിച്ചത്.

എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ചതോടെ കേന്ദ്ര കുടുംബാരോഗ്യ ക്ഷേമ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായം തുടർച്ചയായി മൂന്ന് വർഷത്തേക്ക് ആശുപത്രിക്ക് ലഭ്യമാകും. ഒരു കിടക്കയ്ക്ക് പ്രതിവർഷം 10,000 രൂപ എന്ന നിരക്കിലാണ് കേന്ദ്രം പ്രോത്സാഹന ധനസഹായം അനുവദിക്കുന്നത്. ഇതനുസരിച്ച് പ്രതിവർഷം നാല് കോടി 74 ലക്ഷം രൂപ വീതം അടുത്ത മൂന്ന് വർഷങ്ങളിലായി ആശുപത്രിയിലേക്ക് എത്തും. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളിലും വികസന മുരടിപ്പിലും വലയുന്ന പാലക്കാട് മെഡിക്കൽ കോളേജ് മുന്നോട്ടുപോകാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ്, ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും നേട്ടങ്ങളുടെ നെറുകയിലേക്ക് ജില്ലാ ആശുപത്രി ചുവടുവെച്ചത്. ലഭിക്കുന്ന കേന്ദ്ര ഫണ്ട് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ചികിത്സാ നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വലിയ രീതിയിൽ സഹായകരമാകും.

കഴിഞ്ഞ ഓഗസ്റ്റ് ഏഴ്, എട്ട് തീയതികളിലാണ് കേന്ദ്ര സംഘം പാലക്കാട് ജില്ലാ ആശുപത്രിയിൽ സമഗ്രമായ പരിശോധന നടത്തിയത്. രോഗികളുടെ സുരക്ഷ, ആശുപത്രിയിലെ അണുബാധ നിയന്ത്രണ സംവിധാനങ്ങൾ, രോഗികളുടെ അവകാശങ്ങൾ ഉറപ്പാക്കൽ, ഭൗതിക സൗകര്യങ്ങൾ, ഗുണനിലവാര പരിപാലനം തുടങ്ങിയ എട്ടോളം പ്രധാന വിഭാഗങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയാണ് കേന്ദ്ര സംഘം ഉയർന്ന സ്കോർ നൽകിയത്. ജീവനക്കാർക്ക് നൽകിയ തുടർച്ചയായ പരിശീലനങ്ങളും രോഗീസൗഹൃദപരമായ സമീപനങ്ങളും വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കാൻ സാധിച്ചതാണ് ഈ അഭിമാനകരമായ നേട്ടത്തിന് പിന്നിലെന്ന് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്ബി രാജു വ്യക്തമാക്കി.

ഈ ചരിത്രനേട്ടത്തിന് പിന്നിൽ രാപ്പകലില്ലാതെ പ്രയത്നിച്ച ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ള എണ്ണൂറോളം ജീവനക്കാരെ ആദരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ അനുമോദന യോഗം സംഘടിപ്പിക്കും. ചടങ്ങിൽ ജീവനക്കാർക്ക് ജില്ലാ പഞ്ചായത്തിന്റെ വകയായി പ്രത്യേക സർട്ടിഫിക്കറ്റുകളും ബാഡ്ജുകളും വിതരണം ചെയ്യും. കൂടാതെ പ്രവർത്തനങ്ങളിൽ മികച്ച പങ്കുവഹിച്ച ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾക്ക് ട്രോഫികളും സമ്മാനിക്കും.

News Now

Summary

In a major milestone for public healthcare in the district, the Palakkad District Hospital has secured the prestigious National Quality Assurance Standards (NQAS) certification instituted by the Union Ministry of Health and Family Welfare, scoring an impressive 94.72 percent

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates