'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'

നിയമപരമായ നിർബന്ധവുമില്ലാതിരുന്നിട്ടും പിഎം ശ്രീ നടപ്പാക്കാൻ യുഡിഎഫ് കാണിക്കുന്ന അമിതാവേശം സംഘപരിവാറിനെ പ്രീതിപ്പെടുത്താൻ മാത്രമാണെന്ന് പിണറായി വിജയൻ പറഞ്ഞു

Pinarayi Vijayan
പിണറായി വിജയൻടി പി സൂരജ് / എക്സ്പ്രസ് ഫയൽ
Edited by :Jayakumar
Last Updated :31 ജൂലൈ 2026, 8:20 pm IST

തിരുവനന്തപുരം: സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് സർക്കാർ ഓച്ഛാനിച്ചു നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞ നിലപാടുകളെല്ലാം കാറ്റിൽപ്പറത്തി, പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള കടുത്ത വഞ്ചനയാണ്. പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം വസ്തുതകൾക്കു നിരക്കാത്തതാണെന്ന് ഏറ്റവും പുതിയ പാർലമെന്റ് രേഖകൾ തന്നെ തെളിയിക്കുന്നുവെന്നും പിണറായി വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പിന്മാറാമെന്നും അതിലൂടെ ആ പദ്ധതിയുടെ വിഹിതം മാത്രമാണ് നഷ്ടപ്പെടുകയെന്നും മുസ്ലിം ലീഗ് എംപി പി.വി. അബ്ദുൾ വഹാബിന്റെ രാജ്യസഭാ ചോദ്യത്തിന് കേന്ദ്ര സർക്കാർ വ്യക്തമായി മറുപടി നൽകിയിട്ടുണ്ട്. രാജ്യസഭയിലെ കോൺഗ്രസ്സ് എംപി ജെബി മേത്തറിന്റെ മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിലാണ് പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുകയോ അതിനായി ഒരു രൂപ പോലും കേന്ദ്രത്തിൽ നിന്ന് കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചത്.

നിയമപരമായ യാതൊരു നിർബന്ധവുമില്ലാതിരുന്നിട്ടും പിഎം ശ്രീ നടപ്പാക്കാൻ യുഡിഎഫ് കാണിക്കുന്ന അമിതാവേശം സംഘപരിവാറിനെ പ്രീതിപ്പെടുത്താൻ മാത്രമാണ്. ​കഴിഞ്ഞ പത്തുവർഷക്കാലം എൽഡിഎഫ് സർക്കാർ ആർഎസ്എസിന്റെ വർഗ്ഗീയ സിലബസിന് മുന്നിൽ മുട്ടുമടക്കാതെ കാത്തുസൂക്ഷിച്ച കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ യുഡിഎഫ് ഇപ്പോൾ ഒറ്റുകൊടുക്കുകയാണ്. ഈ വഞ്ചനാപരമായ നിലപാടിനെ തുറന്നുകാട്ടാൻ കേരളീയ പൊതുസമൂഹം മുന്നോട്ടുവരണം. ഫെയ്സ്ബുക്ക് കുറിപ്പിൽ പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

News Now

Summary

Pinarayi Vijayan against UDF over PM SHRI scheme

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates